Top

'നടപടി വൈകിയാല്‍ അധ്യാപകനെ മാറ്റിനിര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കും'; ഗവേഷക സമരത്തിൽ നിന്ന് പിന്മാറണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി

കൊറോണ ബാധിതയായി ആശുപത്രിയിലായതിനാലാണ് ദീപയെ നേരിട്ട് കാണാന്‍ വരാത്തതെന്നും മന്ത്രി

6 Nov 2021 4:21 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നടപടി വൈകിയാല്‍ അധ്യാപകനെ മാറ്റിനിര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കും; ഗവേഷക സമരത്തിൽ നിന്ന് പിന്മാറണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി
X

എംജി സര്‍വ്വകലാശാലയില്‍ ദളിത് വിദ്യാര്‍ത്ഥിനിയായ ദീപ പി മോഹനന്‍ ഉന്നയിച്ച ആക്ഷേപങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ കാര്യക്ഷമമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. ഒരു വിധ മാനസികപ്രയാസത്തിനോ സാങ്കേതികതടസ്സങ്ങള്‍ക്കോ ഇടവരുത്താതെ ദീപയ്ക്ക് ഗവേഷണം പൂര്‍ത്തിയാക്കാന്‍ അവസരമൊരുക്കാമെന്നും അതിനുവേണ്ട ലൈബ്രറി ലാബ് ഹോസ്റ്റല്‍ സംവിധാനങ്ങളുള്‍പ്പെടെ എല്ലാ പശ്ചാത്തലസൗകര്യങ്ങളും വൈസ് ചാന്‍സലര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ദീപയുടെ ഗൈഡ് ആവാന്‍ വൈസ് ചാന്‍സലര്‍ തയ്യാറാവുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ദീപ അത് വിശ്വാസത്തിലെടുക്കുകയും ചെയ്തിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കുന്നു.

എന്നാല്‍, ആരോപണവിധേയനായ അധ്യാപകന്റെ കാര്യത്തില്‍ നടപടിയെടുക്കാന്‍ സര്‍വ്വകലാശാല തടസ്സമുന്നയിച്ച സാഹചര്യത്തിലാണ് സമരം നീണ്ടുപോയിരിക്കുന്നത്. ആരോപണവിധേയനായ അധ്യാപകനെ പദവിയില്‍നിന്ന് മാറ്റിനിര്‍ത്തി പരാതി അന്വേഷിക്കാന്‍ എന്താണ് സര്‍വ്വകലാശാലയ്ക്ക് തടസ്സമെന്ന് ആരാഞ്ഞിട്ടുണ്ട്. അതിന് സാങ്കേതികതടസ്സമുണ്ടെങ്കില്‍ അതിനാധാരമായ രേഖകള്‍ എന്തെല്ലാമാണെന്ന് അറിയിക്കാനും സര്‍വകലാശാലയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആരോപണവിധേയനായ അദ്ധ്യാപകനെ മാറ്റിനിര്‍ത്തുന്ന കാര്യത്തില്‍ സര്‍വ്വകലാശാലയുടെ തീരുമാനം ഇനിയും നീളുന്ന നില വന്നാല്‍, അധ്യാപകനോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെടാന്‍ സര്‍വ്വകലാശാലാ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്നും മന്ത്രി ഫേസ് ബുക്ക് കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. തന്‍റെ പ്രതികരണം ഒരു ഉറപ്പായെടുത്ത് സമരത്തില്‍നിന്നു പിന്മാറണമെന്ന് വിദ്യാര്‍ത്ഥിനിയോട് അഭ്യര്‍ത്ഥിക്കുകയാണ് എന്നും മന്ത്രി പോസ്റ്റില്‍ ആവശ്യപ്പെട്ടു. കൊറോണ ബാധിതയായി ആശുപത്രിയിലായതിനാലാണ് ദീപയെ നേരിട്ട് കാണാന്‍ വരാത്തതെന്നും മന്ത്രി വ്യക്തമാക്കുന്നു.

മന്ത്രിയുടെ പോസ്റ്റ് പൂര്‍ണരൂപം-

എംജി സര്‍വ്വകലാശാലയില്‍ ദളിത് വിദ്യാര്‍ത്ഥിനിയായ ദീപ പി മോഹനന്‍ നടത്തിവരുന്ന നിരാഹാരസമരവുമായി ബന്ധപ്പെട്ടുകൊണ്ട്, വിദ്യാര്‍ത്ഥിനിയുടെ പക്ഷത്തുനിന്ന് കാര്യങ്ങള്‍ കണ്ട് സര്‍വ്വകലാശാലാ അധികൃതര്‍ പരിഹരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ശ്രമിച്ചിരുന്നു. ഒരു വിധ മാനസികപ്രയാസത്തിനോ സാങ്കേതികതടസ്സങ്ങള്‍ക്കോ ഇടവരുത്താതെ ദീപയ്ക്ക് ഗവേഷണം പൂര്‍ത്തിയാക്കാന്‍ അവസരമൊരുക്കാമെന്നും അതിനുവേണ്ട ലൈബ്രറിലാബ്‌ഹോസ്റ്റല്‍ സംവിധാനങ്ങളുള്‍പ്പെടെ എല്ലാ പശ്ചാത്തലസൗകര്യങ്ങളും നല്‍കാമെന്നും താന്‍തന്നെ ഗൈഡായി പ്രവര്‍ത്തിക്കാമെന്നും വൈസ് ചാന്‍സലര്‍ ഉറപ്പുകൊടുക്കുകയും, ദീപ അത് വിശ്വാസത്തിലെടുക്കുകയും ചെയ്തിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്. എന്നാല്‍, ആരോപണവിധേയനായ അധ്യാപകന്റെ കാര്യത്തില്‍ ദീപ ആവശ്യപ്പെട്ട നടപടിയെടുക്കാന്‍ സര്‍വ്വകലാശാല തടസ്സമുന്നയിച്ച സാഹചര്യത്തിലാണ് സമരം നീണ്ടുപോയിരിക്കുന്നത്.

ഹൈക്കോടതിയും പട്ടികവര്‍ഗ്ഗ കമ്മീഷനും ഇടപെട്ടിട്ടുള്ളതാണ് നേരത്തെത്തന്നെ ദീപയുടെ പരാതിയില്‍. ഇവകൂടി പരിഗണിച്ച് വിദ്യാര്‍ത്ഥിനിയുടെ പരാതി സര്‍വ്വകലാശാല എത്രയും പെട്ടെന്നു തീര്‍പ്പാക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ആരോപണവിധേയനായ അധ്യാപകനെ പദവിയില്‍നിന്ന് മാറ്റിനിര്‍ത്തി പരാതി അന്വേഷിക്കാന്‍ എന്താണ് സര്‍വ്വകലാശാലയ്ക്ക് തടസ്സമെന്ന് ആരാഞ്ഞിട്ടുണ്ട്. അതിന് സാങ്കേതികതടസ്സമുണ്ടെങ്കില്‍ അതിനാധാരമായ രേഖകള്‍ എന്തെല്ലാമാണെന്ന് അറിയിക്കാനും സര്‍വകലാശാലയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യനിലയില്‍ സര്‍ക്കാരിന് ഉത്ക്കണ്ഠയുണ്ട്. വ്യക്തിപരമായും ആകുലതയുണ്ട്.

വിദ്യാര്‍ത്ഥിനിയ്ക്ക് നീതി ഉറപ്പാക്കാന്‍ വേണ്ടത് സര്‍വ്വകലാശാലയുടെ വിശദീകരണം കിട്ടിയയുടനെ ചെയ്യും. ആരോപണവിധേയനായ അദ്ധ്യാപകനെ മാറ്റിനിര്‍ത്തുന്ന കാര്യത്തില്‍ സര്‍വ്വകലാശാലയുടെ തീരുമാനം ഇനിയും നീളുന്ന നില വന്നാല്‍, അധ്യാപകനോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെടാന്‍ സര്‍വ്വകലാശാലാ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കും. ഇതൊരുറപ്പായെടുത്ത് സമരത്തില്‍നിന്നു പിന്മാറണമെന്ന് വിദ്യാര്‍ത്ഥിനിയോട് അഭ്യര്‍ത്ഥിക്കുന്നു. കൊറോണ ബാധിതയായി ആശുപത്രിയിലായതിനാലാണ് ദീപയെ നേരിട്ട് കാണാന്‍ വരാത്തത്.




അതേസമയം, ജാതി വിവേചനം ആരോപിച്ച് എംജി യൂണിവേഴ്‌സിറ്റിയില്‍ ഗവേഷക നടത്തുന്ന സമരം പരിഹരിക്കാനുള്ള സമവായ ചര്‍ച്ചകള്‍ പരാജയപ്പെട്ടത് വിദ്യാര്‍ത്ഥിനി യോഗത്തില്‍ പങ്കെടുക്കാത്തത് കൊണ്ടാണെന്ന കോട്ടയം കളക്ടറുടെ വാദം തള്ളി ഗവേഷക വിദ്യാര്‍ത്ഥിനി ദീപ പി മോഹന്‍ രംഗത്തത്തി. നിരുത്തരവാദിത്തപരവും നിരാഹാര സമരം നടത്തുന്ന തന്നെ അവഹേളിക്കുന്ന നിലയിലുമാണ് സമീപനമാണ് കോട്ടയം കളക്ടറുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത് എന്ന് ഗവേഷക ദീപ പി മോഹന്റെ ആരോപണം. കളക്ടറേറ്റില്‍ നടന്നത് താന്‍ പങ്കെടുക്കാത്ത ഏകപക്ഷീയ ചര്‍ച്ചയാണ് എന്നും കോട്ടയം വരെ യാത്ര ചെയ്തു പോകാന്‍ സാധിക്കാത്തത് കൊണ്ടാണ് ചര്‍ച്ചക്ക് പോകാതിരുന്നത്. ജീവന്‍ അപകടത്തിലാണ് എന്ന് അങ്ങോട്ട് അറിയിച്ചിട്ടു പോലും കളക്ടര്‍ തിരിഞ്ഞു നോക്കിയില്ലെന്നും ദീപ ആരോപിച്ചു.

ഗവേഷണ വിദ്യാര്‍ഥിനിയുടെ ആവശ്യപ്രകാരമാണ് യോഗം വിളിച്ചതെന്നും എന്നാല്‍ ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥിനി ചര്‍ച്ചയില്‍ പങ്കെടുത്തില്ല. ഇതോടെ യോഗത്തില്‍ സമവായം ഉണ്ടായില്ലെന്നു കളക്ടര്‍ അറിയിച്ചതിന് പിന്നാലെയാണ് ദീപാ മോഹന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു ദീപ നിലപാട് വ്യക്തമാക്കിയത്.

നിരാഹാര സമരത്തിനിടെ ആരോഗ്യസ്ഥിതി വഷളായെങ്കിലും നവംബര്‍ രണ്ടിന് താന്‍ മെഡിക്കല്‍ സഹായം സ്വീകരിച്ചത് കളക്ടര്‍ പിറ്റേന്ന് നേരിട്ടെത്തി വൈസ് ചാന്‍സിലറുമായി ചര്‍ച്ച നടത്തി എനിക്കെതിരെ നടന്നിട്ടുള്ള ജാതി വിവേചനത്തിന് പരിഹാരം കാണുമെന്ന തഹസീല്‍ദാരുടെ ഉറപ്പിന്മേലാണ്. എന്നാല്‍ അതുണ്ടായില്ല. മാത്രമല്ല രേഖാമൂലം പരാതി നല്‍കിയാല്‍ മാത്രമേ പ്രശ്‌നത്തില്‍ ഇടപെടൂ എന്ന് ഒരു മാധ്യമ സുഹൃത്ത് വഴി അറിയിക്കുകയും ചെയ്തു. ഇതോടെ പരാതി ഡ്രാഫ്റ്റ് ചെയ്ത് സ്‌കാന്‍ ചെയ്ത് ഇ മെയില്‍ ചെയ്തു. എന്നിട്ടും കളക്ടര്‍ സര്‍വ്വകലാശാലയില്‍ എത്തിയില്ല. തുടര്‍ന്നാണ് കളക്ട്രേറ്റിലേക്ക് ചര്‍ച്ചക്ക് പങ്കെടുക്കാന്‍ ചെല്ലാന്‍ നിര്‍ദേശിച്ച് കത്ത് കൊടുത്തുവിട്ടത്. കോട്ടയം വരെ യാത്ര ചെയ്തു പോകാന്‍ സാധിക്കാത്തത് കൊണ്ടാണ് ചര്‍ച്ചക്ക് പോകാതിരുന്നത് എന്നും ദീപ മോഹന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

അതേസമയം, ദീപാ മോഹന്‍ സമരത്തില്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യമായ ആരോപണവിധേയനായ അധ്യാപകനെ പുറത്താക്കുക എന്ന ആവശ്യം പരിഗണിക്കാനാവില്ലെന്ന് യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ സമവായ ചര്‍ച്ചയില്‍ കലക്ടറെ അറിയിച്ചു. വിദ്യാര്‍ഥിനിക്ക് പഠിക്കാന്‍ എല്ലാ സൗകര്യമൊരുക്കി കൊടുക്കാമെന്ന് യൂണിവേഴ്‌സിറ്റി അറിയിച്ചിട്ടെന്നും കളക്ടര്‍ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് കോട്ടയം ജില്ലാ കളക്ടര്‍ അറിയിച്ചു. അതേവിഷയം, നിയമസഭയില്‍ അടക്കം ഉന്നയിക്കുമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ സമരപ്പന്തല്‍ സന്ദര്‍ശിച്ച ശേഷം പ്രതികരിച്ചിരുന്നു.

Next Story