
തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസില്‍ നിന്ന് റിട്ടയേർഡ് ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായരെ ഒഴിവാക്കിയതിനെതിരെ അപ്പീല്‍.
സുപ്രീം കോടതിയിലാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്. എന്‍ജിഒ സംഘടനയായ ജ്വാലയാണ് അപ്പീല്‍ നല്‍കിയത്.
ജസ്റ്റിസ് സി എന്‍ രാമചന്ദ്രനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ നിര്‍ദ്ദേശം നല്‍കിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അപ്പീല്‍ സമർപ്പിച്ചിരിക്കുന്നത്.ശക്തനായ പ്രതിയെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി നടപടി അപക്വമാണെന്നും ആക്ഷേപം ഉയരുന്നുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അന്വേഷണം എസ്‌ഐടിക്ക് കൈമാറണമെന്നും അപ്പീലില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്ത് അങ്ങോളമിങ്ങോളം നടന്ന പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് 1343 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കിയത്. 231 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. കേസിലെ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. സീഡ് വഴിയും എന്‍ജിഒ കോണ്‍ഫഡറേഷനും വഴിയാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്.
പ്രമുഖ വ്യക്തികളോട് ഒപ്പം നില്‍ക്കുന്ന ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് വിശ്വാസ്യത നേടിയായിരുന്നു തട്ടിപ്പ് നടത്തിയത്. വിശ്വാസ്യത നേടിയെടുക്കാന്‍ ഫീല്‍ഡ് തലത്തില്‍ കോഡിനേറ്റര്‍മാരെയും നിയമിച്ചു. ആദ്യ ഘട്ടത്തില്‍ പദ്ധതിയില്‍ ചേര്‍ന്ന ആളുകള്‍ക്ക് പകുതി വിലയ്ക്ക് സ്‌കൂട്ടറുകള്‍ നല്‍കി വിശ്വാസമുണ്ടാക്കി. എന്നാല്‍ പിന്നീട് പദ്ധതിയില്‍ ചേര്‍ന്നവരെ പറ്റിക്കുകയായിരുന്നു.
Content Highlight: Half price scam case: Appeal against removal of retired Justice CN Ramachandran Nair