പല തവണ രക്ഷപ്പെട്ട ബിജു ഒടുവിൽ കുടുങ്ങി; പതിനഞ്ച് വ‌ർഷത്തിന് ശേഷം തെളിഞ്ഞ രേഷ്മ കൊലക്കേസ്

സിനിമയെ തോൽപ്പിക്കുന്ന തരത്തിലാണ് കാഞ്ഞങ്ങാട്ടെ രേഷ്മയുടെ തിരോധാനം തെളിയുന്നതും പ്രതി ബിജു പൗലോസ് പിടിയിലാവുകയും ചെയ്യുന്നത്

dot image

കഴിഞ്ഞ ജനുവരിയിൽ റിലീസ് ചെയ്ത് പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്ത ആസിഫ് അലി ചിത്രമായിരുന്നു രേഖാചിത്രം, വർഷങ്ങൾക്ക് മുമ്പ് കാണാതായ രേഖയെന്ന പെൺകുട്ടിയും അവളെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവുമൊക്കെയായിരുന്നു സിനിമയുടെ ഇതിവൃത്തം. എന്നാൽ സിനിമയെ തോൽപ്പിക്കുന്ന തരത്തിലാണ് കാഞ്ഞങ്ങാട്ടെ രേഷ്മയുടെ തിരോധാനം തെളിയുന്നതും പ്രതി ബിജു പൗലോസ് പിടിയിലാവുകയും ചെയ്യുന്നത്.

പതിനഞ്ച് വർഷം മുമ്പാണ് അമ്പലത്തറ സ്വദേശിയായ രേഷ്മ പ്ലസ് ടു പഠനത്തിന് ശേഷം നഴ്‌സറി ടിടിസി കോഴ്‌സിനായി കാഞ്ഞങ്ങാട്ട് എത്തുന്നത്. ബിജു പൗലോസ് എന്ന വ്യക്തി നടത്തിയ നഴ്‌സറി ടിടിസി സ്ഥാപനത്തിലേക്കാണ് രേഷ്മ പഠനത്തിനായി എത്തിയത്. ആദ്യ ദിവസങ്ങളിലൊക്കെ വീട്ടിലേക്ക് രേഷ്മ വിളിക്കാറുണ്ടായിരുന്നു. ഇതിനിടെ ഒരു ദിവസം രേഷ്മയുടെ ഫോണിൽ നിന്ന് ഒരു കോൾ വീട്ടുകാർക്ക് ലഭിച്ചു തനിക്ക് എറണാകുളത്ത് ജോലി കിട്ടിയെന്നും അങ്ങോട്ടേക്ക് പോവുകയാണെന്നുമായിരുന്നു ആ ഫോൺ കോളിൽ പറഞ്ഞത്. പിന്നീട് രേഷ്മയെ കുറിച്ച് ഒരു വിവരവും വീട്ടുകാർക്ക് ലഭിച്ചില്ല.

ബന്ധുക്കൾ സ്വന്തം നിലയിൽ അന്വേഷണം നടത്തി, അവസാനമായി രേഷ്മയെ ബിജു പൗലോസിന്റെ ബൈക്കിൽ കയറി പോവുന്നത് കണ്ടവരുണ്ടായിരുന്നു. എന്നാൽ ബിജു പൗലോസിനോട് രേഷ്മയെ കുറിച്ച് അന്വേഷിച്ചപ്പോൾ അറിയില്ലെന്നായിരുന്നു മറുപടി. ഒടുവിൽ 2011 ൽ രേഷ്മയുടെ അച്ഛൻ പൊലീസിൽ പരാതി കൊടുത്തു. തുടക്കം മുതൽ തന്നെ ബന്ധുക്കൾ ബിജുവിനെ സംശയമുണ്ടെന്ന് പറയുന്നുണ്ടായിരുന്നു. പല തവണ ബിജു പൗലോസിനെ പൊലീസ് ചോദ്യം ചെയ്തു. എന്നാൽ വ്യക്തമായ തെളിവുകളൊന്നും ഹാജരാക്കാനും കഴിഞ്ഞില്ല. ഒരോ തവണ ചോദ്യം ചെയ്യാൻ വിളിക്കുമ്പോഴും ആത്മഹത്യ ഭീഷണി മുഴക്കിയും മുൻകൂർ ജാമ്യം സംഘടിപ്പിച്ചു പൊലീസിനെ വലച്ചു.

ഇതേകാലഘട്ടത്തിൽ തന്നെ മറ്റൊരു സംഭവവും അവിടെ നടക്കുന്നുണ്ടായിരുന്നു, കാസർകോട് ബേക്കൽ കടപ്പുറത്ത് നിന്ന് ഒരു മൃതദേഹം ലഭിച്ചു, കുറച്ച് ദിവസത്തെ പഴക്കമുണ്ടായിരുന്ന ആ മൃതദേഹം ഫൊറൻസിക് പരിശോധനയ്ക്ക് ശേഷം സംസ്‌കരിച്ചു. ഇതിനിടെ രേഷ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്‌തെങ്കിലും നിരാശയായിരുന്നു ഫലം.

പലപ്പോഴായി ബിജു പൗലോസിനെ ചോദ്യം ചെയ്‌തെങ്കിലും ഇയാളുടെ മൊഴികൾ വിശ്വസനീയമായിരുന്നില്ല. ഇടയ്ക്ക് നുണപരിശോധനയ്ക്ക് പൊലീസ് ശ്രമിച്ചെങ്കിലും കോടതിയെ സമീപിച്ച് ഇതിൽ നിന്ന് ബിജു പൗലോസ് രക്ഷ നേടി. കേസിൽ ഒരു തെളിവും ലഭിക്കാതെ ആയതോടെ ബിജു പൗലോസ് വിദേശത്തേക്ക് പോവുകയും ചെയ്തു. തിരിച്ച് നാട്ടിലെത്തിയ ശേഷം ഇയാൾ പ്രാദേശിക പത്രപ്രവത്തകനായും ജോലി ചെയ്തു. അങ്ങനെ ആയാൽ കേസിനെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും തനിക്ക് ലഭിക്കുമെന്ന് കരുതിയാണ് ബിജുപൗലോസിനെ ആ ജോലിയിൽ കൊണ്ട് പോയി എത്തിച്ചത്.

ഇതിനിടെ കേസിൽ പൊലീസിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും കേസ് സിബിഐക്ക് വിടണമെന്നും ചൂണ്ടിക്കാട്ടി രേഷ്മയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചു. ഇതോടെ 2024 ഡിസംബർ 9ന് രേഷ്മ തിരോധാനക്കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. ആദ്യം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെങ്കിലും അന്വേഷണത്തിൽ തുടക്കത്തിൽ കാര്യമായ പുരോഗതിയുണ്ടായുണ്ടായിരുന്നില്ല. എന്നാൽ തുടർച്ചയായി ചോദ്യം ചെയ്യലിനിടയിൽ

ഇടയ്ക്ക് പെൺകുട്ടിയെ താൻ കൊലപ്പെടുത്തി പുഴയിൽ തള്ളിയെന്ന് ബിജു പറഞ്ഞെങ്കിലും ഈ മൊഴി തെളിയിക്കാനുള്ള തെളിവുകളൊന്നും പൊലീസിന് ലഭിച്ചിരുന്നില്ല. ഇതിനിടയ്ക്കാണ് ഒരു എല്ലിൻ കഷ്ണം ക്രൈംബ്രാഞ്ചിന് ലഭിക്കുന്നത്. തുടർന്ന് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് എല്ല് രേഷ്മയുടെത് തന്നെയാണെന്ന് തെളിഞ്ഞത്. ഇതോടെ ബിജു പൗലോസിനെ അറസ്റ്റ് ചെയ്യാൻ ക്രൈം ബാഞ്ച് ഉത്തരവിട്ടു. രേഷ്മയെ കൊലപ്പെടുത്തിയിട്ടില്ലെന്നും രേഷ്മ ആത്മഹത്യ ചെയ്തതാണെന്നും ബിജു പൗലോസ് പറയുന്നുണ്ടെങ്കിലും ക്രൈംബ്രാഞ്ച് ഇക്കാര്യം മുഖവിലയ്‌ക്കെടുത്തിട്ടില്ല.

വിശദമായ ചോദ്യം ചെയ്യലിൽ രേഷ്മയുടെ മൃതദേഹം താൻ പവിത്രം കായലിൽ കല്ലുകെട്ടി താഴ്ത്തിയതാണെന്ന് ബിജു സമ്മതിച്ചതായി ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ക്രൈംബ്രാഞ്ച് പറയുന്നത് പ്രകാരം പ്രണയം നടിച്ച് രേഷ്മയെ ബിജു ലൈംഗികമായി ചൂഷണം ചെയ്തിരുന്നു. എന്നാൽ പിന്നീട് തന്നെ വിവാഹം കഴിക്കണെന്ന് പെൺകുട്ടി ആവശ്യപ്പെട്ടതോടെ ഇരുവരും തമ്മിൽ തർക്കം ആരംഭിച്ചു. തുടർന്ന് രേഷ്മയെ കൊലപ്പെടുത്താൻ ബിജു പൗലോസ് തീരുമാനിക്കുകയായിരുന്നു. കേസിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നാണ് ക്രൈംബ്രാഞ്ച് ഇപ്പോ്ൾ അന്വേഷിക്കുന്നത്. അങ്ങനെ പതിനഞ്ച് വർഷങ്ങൾക്ക് ശേഷം കാഞ്ഞങ്ങാട്ടെ രേഷ്മ കൊലപാതകത്തിന്റെ ചുരുൾ അഴിയുകയാണ്.

Content Highlight: A major breakthrough in 15-year-old Kanjangad murder case

dot image
To advertise here,contact us
dot image