ഇന്ത്യ ലോകമെമ്പാടുമുള്ള അഭയാർത്ഥികളെ സ്വീകരിക്കാൻ കഴിയുന്ന ഒരു 'ധർമ്മശാല' അല്ല; സുപ്രീം കോടതി

ജയിൽ ശിക്ഷയുടെ കാലാവധി കഴിഞ്ഞതിതെ തുടർന്നുള്ള നാടുകടത്തൽ ചോദ്യം ചെയ്ത് ശ്രീലങ്കൻ പൗരൻ സമർപ്പിച്ച ഹർ‌ജി നിരസിച്ചു കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ പരാമർശം

dot image

ന്യൂഡൽഹി: ഇന്ത്യ ലോകമെമ്പാടുമുള്ള അഭയാർത്ഥികളെ സ്വീകരിക്കാൻ കഴിയുന്ന ഒരു 'ധർമ്മശാല' (അഭയാർത്ഥി സങ്കേതം) അല്ലെന്ന് സുപ്രീം കോടതി. ജയിൽ ശിക്ഷയുടെ കാലാവധി കഴിഞ്ഞതിതെ തുടർന്നുള്ള നാടുകടത്തൽ ചോദ്യം ചെയ്ത് ശ്രീലങ്കൻ പൗരൻ സമർപ്പിച്ച ഹർ‌ജി നിരസിച്ചു കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ പരാമർശം.

'ലോകമെമ്പാടുമുള്ള അഭയാർത്ഥികളെ സ്വീകരിക്കാൻ ഇന്ത്യയ്ക്ക് കഴിയുമോ? 140 കോടി ജനസംഖ്യയുമായി നമ്മൾ ഇതിനകം തന്നെ ബുദ്ധിമുട്ടുകയാണ്. എല്ലായിടത്തുനിന്നുമുള്ള വിദേശ പൗരന്മാരെ സ്വീകരിക്കാൻ കഴിയുന്ന ഒരു ധർമ്മശാലയല്ല ഇത്' എന്നായിരുന്നു ജസ്റ്റിസുമാരായ ദീപങ്കർ ദത്ത, കെ വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാണിച്ചത്.

സ്വന്തം ജന്മനാട്ടിലേക്ക് മടങ്ങുകയാണെങ്കിൽ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ശ്രീലങ്കൻ തമിഴ് പൗരനായ ഹർജിക്കാരൻ നാടുകടത്തലിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ ഹർജിക്കാരൻ്റെ ആവശ്യം സുപ്രീം കോടതി നിരസിക്കുകയായിരുന്നു. മറ്റേതെങ്കിലും രാജ്യത്തേക്ക് പോകൂ എന്ന് നിർദ്ദേശിച്ചാണ് ജഡ്ജിമാർ ഹർജി തള്ളിയത്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരം ശിക്ഷിക്കപ്പെട്ട ഹർജിക്കാരനെ ഏഴ് വർഷത്തെ തടവ് പൂർത്തിയാക്കിയ ഉടൻ നാടുകടത്തണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്താണ് ഹ‍‍ർജിക്കാരൻ സുപ്രീം കോടതിയെ സമീപിച്ചത്.

ശിക്ഷാ കാലാവധി അവസാനിച്ചതിന് ശേഷം ഏകദേശം മൂന്ന് വർഷത്തോളം നാടുകടത്തൽ നടപടികൾ ആരംഭിക്കാതെ ശ്രീലങ്കൻ പൗരൻ തടങ്കലിൽ കഴിയുകയായിരുന്നുവെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ വാദിച്ചു. വിസയിൽ ഇന്ത്യയിലേക്ക് പ്രവേശിച്ച ഹർജിക്കാരനെ ശ്രീലങ്കയിലേക്ക് തിരിച്ചയച്ചാൽ അദ്ദേഹത്തിന്റെ ജീവന് ഗുരുതരമായ ഭീഷണി നേരിടേണ്ടിവരുമെന്നും ഹ‍ർജിക്കാരൻ്റെ അഭിഭാഷകൻ വാദിച്ചിരുന്നു.

"ഇവിടെ സ്ഥിരതാമസമാക്കാൻ നിങ്ങൾക്ക് എന്താണ് അവകാശം?" എന്ന് സുപ്രീം കോടതി ചോദിച്ചിരുന്നു. ഹർജിക്കാരൻ ഒരു അഭയാർത്ഥിയാണെന്നും അദ്ദേഹത്തിന്റെ ഭാര്യയും കുട്ടികളും ഇതിനകം ഇന്ത്യയിൽ സ്ഥിരതാമസമാക്കിയിട്ടുണ്ടെന്നും അഭിഭാഷകൻ മറുപടി നൽകിയിരുന്നു. ആർട്ടിക്കിൾ 19 പ്രകാരം ഇന്ത്യയിൽ സ്ഥിരതാമസമാക്കാനുള്ള മൗലികാവകാശം ഇന്ത്യൻ പൗരന്മാർക്ക് മാത്രമാണെന്നായിരുന്നു ജസ്റ്റിസ് ദീപങ്കർ ദത്തയുടെ നിരീക്ഷണം.

Content Highlights: India not a dharamshala: Supreme Court junks Sri Lankan's plea against deportation

dot image
To advertise here,contact us
dot image