ജോലി: വക്കീല്‍, ശമ്പളം: 5000 രൂപ മാസം, ജൂനിയര്‍ അഭിഭാഷകരുടെ ഈ കേസ് ആരേറ്റെടുക്കും?

തൊഴിലിടത്തില്‍ തല്ലുകൊള്ളേണ്ടി വരുന്ന ജൂനിയര്‍ അഭിഭാഷകരോ?; നരകതുല്യമായ ജീവിതത്തിലേക്ക് വലിച്ചെറിയപ്പെടുന്ന ജൂനിയര്‍ അഭിഭാഷകരുടെ പ്രതിസന്ധികളിലേക്ക് ഒരന്വേഷണം

dot image

തിരുവനന്തപുരത്ത് ഒരു ജൂനിയർ അഭിഭാഷകയ്ക്ക് തന്റെ സീനിയറായ അഭിഭാഷകനിൽ നിന്നും ക്രൂര മർദ്ദനമേൽക്കേണ്ടിവന്ന സംഭവം മലയാളിയുടെ മനസാക്ഷിയെ പിടിച്ചുലയ്ക്കുന്നതാണ്. കണ്ണിനും താടിയെല്ലിനും ഗുരുതരമായ പരിക്കാണ് യുവതിക്ക് ഉണ്ടായിരുന്നത്. ഇവരെ മർദിച്ച സീനിയർ അഭിഭാഷകൻ ബെയ്ലിൻ ദാസിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും, ഈ തൊഴിൽമേഖലയിൽ നിലനിൽക്കുന്ന ജൂനിയർ-സീനിയർ വേർതിരിവുകളുടെ ഏറ്റവും കൊടിയ ഉദാഹരണമായി ഈ സംഭവത്തെ കാണാം. ഒന്നിനും തികയാത്ത ശമ്പളത്തിൽ, എന്നെങ്കിലും കരകയറുമെന്ന പ്രതീക്ഷയിൽ, എല്ലാം സഹിച്ച് ജോലി ചെയ്യുന്ന ഒരു പറ്റം യുവ അഭിഭാഷകരുടെ ആത്മാഭിമാനത്തിലേക്ക് കൂടിയാണ് ബെയ്ലിൻ ദാസ് മർദ്ദനമഴിച്ചുവിട്ടത്. ഏറെ അരക്ഷിതമായ ഈ മേഖലയിൽ, സീനിയർമാരുടെ ഇത്തരം അധികാരഹുങ്കുകൾക്ക് മുൻപിലും തളരാതെ ജൂനിയർ അഭിഭാഷകർ എങ്ങനെയാണ് പിടിച്ചുനിൽക്കുന്നത്? അവരുടെ ജീവിതം എത്തരത്തിലുള്ളതാണ്?

സാമ്പത്തിക അസമത്വം, ചൂഷണം

കൊടിയ സാമ്പത്തിക അസമത്വവും ചൂഷണവും നിലനിൽക്കുന്ന മേഖലയാണ് അഭിഭാഷകവൃത്തി എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടതും ഗൗരവമേറിയതുമായ വിഷയം. മൂന്ന് നേരം ഭക്ഷണം കഴിക്കാനുള്ള തുക പോലും പല ജൂനിയർ അഭിഭാഷകർക്കും ലഭിക്കുന്നില്ല, ഭൂരിഭാഗം ജൂനിയർ അഭിഭാഷകർക്കും ലഭിക്കുന്ന പ്രതിഫലത്തുക ഏറെ ഞെട്ടലുളവാക്കുന്നതാണ്.

ജൂനിയർ അഭിഭാഷകരുടെ ശമ്പളം അവർ ജോലി ചെയ്യുന്ന സീനിയർ അഭിഭാഷകരെയും, അവർ ഇടപെടുന്ന കോടതികളെയും അനുസരിച്ചാണ് ഉണ്ടാകുക. ഉദാഹരണത്തിന് ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകരുടെയൊപ്പം പ്രാക്ടീസ് ചെയ്യുന്ന ജൂനിയർ അഭിഭാഷകർക്ക് താരതമ്യേന മെച്ചപ്പെട്ട ശമ്പളമാകും ലഭിക്കുക. അപ്പോൾ പോലും അത് ഒരു മാസത്തെ ജീവിതച്ചെലവിന് തികയണം എന്നില്ല. ജില്ലാ കോടതികളിലും മറ്റും അപ്പിയർ ചെയ്യുന്ന അഭിഭാഷകർക്ക് താഴെയുള്ള ജൂനിയർമാർക്ക് പരിതാപകരമായ ശമ്പളമായിരിക്കും ലഭിക്കുക. അതായത് മാസം 5000 മുതൽ 8000 രൂപ! ഇവ പോലും ലഭിക്കാത്ത അനേകം ജൂനിയർ അഭിഭാഷകർ ഉള്ള നാട് കൂടിയാണ് നമ്മുടേത് എന്ന് പറഞ്ഞാലും അതിശയപ്പെടാനില്ല. എങ്കിലും, ജൂനിയർ അഭിഭാഷകർക്ക് ലഭിക്കുന്ന പരമാവധി ശമ്പളം മാസം 15,000 രൂപ മാത്രമാണ് എന്നതാണ് യാഥാർഥ്യം!

തൃശൂർ ജില്ലാ കോടതിയിൽ ദിവസേനയെന്നോണം അപ്പിയർ ചെയ്യുന്ന വളരെ സീനിയറായ ഒരു അഭിഭാഷകനുണ്ട്. അദ്ദേഹത്തിൻ്റെ കീഴിൽ പ്രാക്ടീസ് ചെയ്യുന്ന, 24 വയസുള്ള ഒരു ജൂനിയർ അഭിഭാഷകന് ലഭിക്കുന്ന മാസശമ്പളം വെറും 5000 രൂപ മാത്രമാണ്. മറ്റൊരു ജോലി കൂടെ ഉള്ളതുകൊണ്ട് മാത്രമാണ് ഈ ജൂനിയർ അഭിഭാഷകന്റെ ജീവിതം മുന്നോട്ടുപോകുന്നത്. ദിവസേന കിലോമീറ്ററുകളോളം യാത്ര ചെയ്ത് ഓഫീസിലെത്തണം. അവിടെനിന്ന് കോടതികളിലേക്കും തിരിച്ചുമുള്ള യാത്രകൾ. ഇതിനിടയ്ക്ക് ഓഫീസിലെ ജോലികൾ. ഇത്രയെല്ലാം ചെയ്താലും മാസം 5000 രൂപയാണ് ശമ്പളം എന്നത് ഓർക്കണം ! പക്ഷെ ഇവരെയെല്ലാം പിടിച്ചുനിൽക്കുന്നത് എന്നെങ്കിലും ജീവിതം കരയ്ക്കെത്തും എന്ന പ്രതീക്ഷയുടെ ബലത്തിലാണ്.

കോഴിക്കോട്ടെ ഒരു യുവ അഭിഭാഷകയുടെ സ്ഥിതിയും വ്യത്യസ്തമല്ല. എൻറോൾമെൻ്റ് കഴിഞ്ഞ് ഒരു മാസത്തോളം കോഴിക്കോട്ടെ ഒരു ഓഫീസിൽ ഈ അഭിഭാഷക ജോലി ചെയ്തിരുന്നു. അവിടെ ജോലി ചെയ്തതിന്റെ ശമ്പളമായി ഒരു രൂപ പോലും ഇതുവരെ ഈ അഭിഭാഷയ്ക്ക് ലഭിച്ചിട്ടില്ല. തനിക്ക് ’പത്ത് പൈസ’ പോലും ഇവിടെനിന്ന് ലഭിക്കില്ല എന്ന് മനസിലായതോടെ ഈ അഭിഭാഷക ആ ഓഫീസിലെ ജോലി മതിയാക്കുകയായിരുന്നു.

‘വളരെ ജൂനിയർ ആയ ഒരു വ്യക്തിക്ക് അഭിഭാഷക മേഖലയിൽ നിലനിന്നു പോകുക എന്നത് വളരെ ബുദ്ധിമുട്ടാണ്. ഒരാൾക്ക് ആദ്യമായി ലഭിക്കുന്ന ശമ്പളം 3000 മുതൽ 5000 രൂപ വരെ ആയിരിക്കും. ഈ പണത്തിന് എങ്ങനെ ജീവിക്കാനാണ് ? വീടും കുടുംബവും നോക്കുന്ന ഒരാൾക്ക് ഈ തുക കൊണ്ട് എന്താകാനാണ്? ഇനി അഥവാ കൂടുതൽ തുക ഉണ്ടെങ്കിലും അത് 15000ത്തിൽ കൂടില്ല. മാത്രമല്ല, ചിലപ്പോൾ ഓഫീസ് ജോലി കൂടുതലായും എടുപ്പിക്കും’; ഇരുവരും പറയുന്നത് ഇങ്ങനെയാണ്.

Also Read:

എന്നിട്ടും എന്തുകൊണ്ടാണ് ജൂനിയർ അഭിഭാഷകൻ പിടിച്ചുനിൽക്കുന്നത്? രണ്ട് ഉത്തരങ്ങളുണ്ട്, ഒന്ന് അനുഭവസമ്പത്ത്. രണ്ട് പ്രതീക്ഷ. ചില ജൂനിയർ അഭിഭാഷകർ ജോലി ചെയ്യുന്നത് അത്യാവശ്യം പേരുകേട്ട സീനിയർ അഭിഭാഷകരുടെ കീഴിലായിരിക്കും. എങ്ങനെയെങ്കിലും കടിച്ചുപിടിച്ച് ഇവരുടെ താഴെ ജോലി ചെയ്താൽ അത് ഭാവിയിൽ ഗുണകരമാകും എന്ന വിശ്വാസമാണ് ഇവരിൽ ഉള്ളത്. അവിടെ എത്ര പണം ലഭിക്കുന്നു എന്ന ചിന്ത ‘വിലങ്ങുതടി’യായി ഉണ്ടാകില്ല. ചിലർക്ക് സീനിയർ അഭിഭാഷകർ കോടതിയിൽ അപ്പിയർ ചെയ്യാനും മറ്റും അവസരം കൊടുക്കും. ഇതൊരു അവസരമാണ് എന്ന ചിന്തയുള്ള ജൂനിയർമാർ എന്തും കടിച്ചുപിടിച്ച് നിൽക്കാൻ തയ്യാറാകും.

‘ബാക്കപ്പ്’ ഉള്ള യുവാക്കളും യുവതികളുമാണ് ഈ മേഖലയിൽ പിന്നെയും പിടിച്ചുനിൽക്കുക. അതായത് വീട്ടുകാരുടെ പക്കൽ പണമുള്ളവരോ മറ്റ് സാധ്യതകൾ കണ്ടുവെച്ചവരോ ആയിരിക്കും ഇവർ. അറിയപ്പെടുന്ന അഭിഭാഷകരുടെ മക്കളും ഇവരിൽ ഉൾപ്പെടും. തുടക്ക കാലഘട്ടത്തിൽ പിന്നെയും പിടിച്ചുനിൽക്കാൻ സാധിക്കുക ഇവർക്കായിരിക്കും.

അഭിഭാഷകർക്ക് പണം ലഭിക്കുന്ന മറ്റൊരു രീതി എന്നത് ജുഡീഷ്യൽ കമ്മീഷനുകളിലൂടെയാണ്. കോടതി രൂപീകരിക്കുന്ന ഈ കമ്മീഷന്റെ പ്രവർത്തനത്തിലൂടെയാണ് ചില ജൂനിയർ അഭിഭാഷകർക്ക് പിടിച്ചുനിൽക്കാനുള്ള തുക ലഭിക്കാറുള്ളത്. എന്നാൽ ചില കോടതികൾ ജൂനിയർ അഭിഭാഷകരെ ഇത്തരം കമ്മീഷനുകളിൽ പരിഗണിക്കാറില്ല എന്ന പരാതിയും ഉണ്ട്.

ചുരുക്കത്തിൽ മറ്റ് സാധ്യതകൾ ഉള്ളവരും ഇല്ലാത്തവരും തമ്മിൽ വലിയ അന്തരം ഈ മേഖലയിൽ ഉണ്ട്. 15000 എന്ന, തീരെ മോശമല്ലാത്ത, എന്നാൽ ഒന്നിനും തികയാത്ത തുക ലഭിക്കുന്നത് പ്രഗത്ഭരായ അഭിഭാഷകർക്ക് കീഴിൽ പ്രാക്ടീസ് ചെയ്യുന്ന ജൂനിയർമാർക്കോ, ഇടതടവില്ലാതെ കേസുകൾ ലഭിക്കുന്ന അഭിഭാഷകർക്ക് കീഴിലുള്ളവർക്കോ ആയിരിക്കും.

പണം തീരെ കുറവ് നൽകുന്ന അഭിഭാഷകർ സ്വീകരിക്കുന്ന മറ്റൊരു രീതിയുണ്ട്. ജൂനിയർമാരുടെ യാത്രാചിലവും ഭക്ഷണ ചിലവും അവർ ഏറ്റെടുക്കും എന്നതാണത്. അത്തരമൊരനുഭവമാണ് കോഴിക്കോട്ടുകാരിയായ ഒരു ജൂനിയർ അഭിഭാഷക പങ്കുവെച്ചത്. മാസശമ്പളത്തിന് പകരം ഓഫീസിൽ നിന്ന് വീട്ടിലേക്കും തിരിച്ചുമുള്ള യാത്രാക്കൂലിയും ഭക്ഷണവും ആയിരുന്നു ഇവർക്ക് ലഭിച്ചിരുന്നത്. പിടിച്ചുനിൽക്കാൻ കഴിയാതെയായതോടെ ഈ അഭിഭാഷക കൊച്ചിയിലേക്ക് മാറി. ഇതോടെയാണ് കുറച്ചെങ്കിലും സ്ഥിതി ഭേദപ്പെട്ടത്. ഇതിനെല്ലാം പുറമേ തങ്ങൾ കടന്നു വന്നിട്ടുള്ളത് ഇത്തരം സാഹചര്യങ്ങളിലൂടെയാണ് എന്നുപറഞ്ഞ് ജൂനിയർ അഭിഭാഷകർക്ക് മാന്യമായ തുക നിഷേധിക്കുന്ന സീനിയർമാരും ഉണ്ട്.

ജൂനിയറായ അഭിഭാഷകരെ ജോലിക്കെടുക്കുമ്പോൾ യാതൊരു കരാറും അവിടെ ഉണ്ടാകുന്നില്ല എന്നതും ഒരുതരത്തിൽ ചൂഷണത്തിന് കാരണമാകുന്നുണ്ട്. എപ്പോൾ വേണമെങ്കിലും 'ഇനി വരണ്ട' എന്നുപറയാനുള്ള അധികാരം സീനിയർമാരിൽ നിക്ഷിപ്തമാണ്. ഇത്തരത്തിൽ അനുഭവങ്ങളുള്ള നിരവധി അഭിഭാഷകരും സമൂഹത്തിലുണ്ട്.

സ്ത്രീകൾക്ക് നോ എൻട്രിയും പുച്ഛവും, ഈ ‘ജനറേഷനും’ ചില കുഴപ്പങ്ങളുണ്ടത്രെ!

ജൂനിയർ അഭിഭാഷകർക്കിടയിൽ സ്ത്രീകൾ പ്രത്യേകിച്ചും വിവേചനം നേരിടുന്നു എന്ന ആരോപണവും ശക്തമാണ്. ഓഫീസിൽ തൽക്കാലത്തേക്ക് സ്ത്രീകളെ ജോലിക്ക് എടുക്കുന്നില്ല എന്ന്, സ്ത്രീകളായ ജൂനിയർ അഭിഭാഷകരുടെ നേരെ നോക്കി പറഞ്ഞ നിരവധി അഭിഭാഷകർ ഉണ്ട്. അതിന് ആർത്തവം, പ്രേമം പോലുള്ള കാര്യങ്ങളാണ് കാരണങ്ങളായി എടുത്തുപറയുക.

നേരത്തെ പറഞ്ഞ കോഴിക്കോട്ടെ യുവ അഭിഭാഷകയും ഇത്തരത്തിൽ ഒരു ഒരു ദുരനുഭവം നേരിടുകയുണ്ടായി. ഒരിക്കൽ പൊടുന്നനെ ആർത്തവം ഉണ്ടായത് മൂലം ഓഫീസിൽ പെട്ടെന്ന് അവധി പറയേണ്ടി വന്നു. പിറ്റേദിവസം ഓഫീസിൽ എത്തിയപ്പോൾ സീനിയർ ആയ അഭിഭാഷകൻ എന്തായിരുന്നു പ്രശ്നം എന്ന് ചോദിക്കുകയും, വളരെ ദുരുദ്ദേശപരമായ അശ്ലീചുവയുള്ള സംഭാഷണം ഈ യുവ അഭിഭാഷകയോട് പറയുകയും ചെയ്തു. ഏകദേശം 60 വയസ്സോളം പ്രായമുള്ള ഒരു സീനിയർ അഭിഭാഷകനാണ് ഇത്തരത്തിൽ ഒരു യുവ അഭിഭാഷകയോട് പെരുമാറിയത്.

ലിപ്സ്റ്റിക് ഇടരുത്, മുടി കളർ ചെയ്യുരുത്, ആൺകുട്ടികളുടെ ഒപ്പം സംസാരിക്കാന്‍ പാടില്ല തുടങ്ങിയ സദാചാര തിട്ടൂരങ്ങളും ചില സീനിയർ അഭിഭാഷകർക്കുണ്ട്. ഇതേ യുവതി ഓഫീസിലുള്ള മറ്റൊരു യുവാവുമായി സംസാരിച്ചത് സീനിയർ അഭിഭാഷകൻ ശ്രദ്ധിക്കുകയും അതിൽ നടപടികൾ എടുക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ തൊഴിലിടത്തിൽ മര്യാദ എന്നതിൻറെ പേരിൽ സദാചാരം നിയന്ത്രണങ്ങളും കണ്ടുവരുന്നതായി ഒരുപാട് ജൂനിയർ അഭിഭാഷകൻ അഭിപ്രായപ്പെടുന്നുണ്ട്.

സ്ത്രീകളിൽ തന്നെ കുട്ടികളായവരോ വിവാഹം കഴിഞ്ഞവരോ ആയവരെ പല സീനിയർമാരും ജോലിക്ക് എടുക്കുന്നില്ല എന്ന ആരോപണങ്ങളുമുണ്ട്. ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന ദേവിക എന്ന അഭിഭാഷക പറഞ്ഞതിങ്ങനെയാണ്; ‘ 'പ്രസവം കഴിഞ്ഞശേഷം ഒരു ഓഫീസിൽ ജോലിയെക്കുറിച്ച് അന്വേഷിച്ചപ്പോൾ, കുട്ടികളുള്ളവരും വിവാഹം കഴിഞ്ഞവരുമായ സ്ത്രീകളെ പരിഗണിക്കുന്നില്ല എന്ന മറുപടിയാണ് ലഭിച്ചത്. ഇവർക്ക് നല്ല രീതിയിൽ ജോലി ചെയ്യാൻ സാധിക്കില്ല, ഫയലുകൾ നോക്കാൻ സാധിക്കില്ല, ലീവുകൾ എടുക്കേണ്ടി വരും എന്നതാണ് സീനിയേഴ്സ് പറയുന്ന കാരണങ്ങൾ. പുരുഷന്മാരെ മാത്രമേ ജോലിക്ക് എടുക്കുകയുള്ളൂ എന്ന് എന്നോട് നേരിട്ട് പറഞ്ഞ പല അഭിഭാഷകരുമുണ്ട്'. ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്യുന്ന ചില ഓഫിസുകളിലും സ്ത്രീകൾക്ക് 'നോ എൻട്രി'യാണ്. ഇത്തരത്തിൽ ഈ മേഖലയിൽ സ്ത്രീകൾ മാത്രം നേരിടുന്ന പ്രശ്നങ്ങൾ അനവധിയാണ്.

ജൂനിയർമാരിൽ ഐക്യബോധമുണ്ട്, സീനിയേഴ്സിലും അത് വേണം

സംസ്ഥാനത്ത് ഒരു വർഷം എൻറോൾ ചെയ്തിറങ്ങുന്ന അഭിഭാഷകരുടെ എണ്ണം കഴിഞ്ഞ കുറച്ച് വർഷങ്ങളായി വർധിച്ചുവരികയാണ്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി പൊന്തിവന്ന ലോ കോളേജുകളാണ് ഇതിന് കാരണം. ഇത്തരത്തിൽ അഭിഭാഷകരാകാൻ കൊതിച്ചുനടക്കുന്ന യുവതീയുവാക്കൾ അനവധിയുണ്ട് എന്ന സാഹചര്യത്തെ ചില സീനിയർ അഭിഭാഷകർ മുതലെടുക്കുന്നുണ്ട് എന്നാണ് ജൂനിയർമാരുടെ ആരോപണം. അതുകൊണ്ടുതന്നെ ഒരാൾ പോയാൽ അടുത്തയാൾ വരും എന്ന ചിന്ത ചിലരിലുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ ജൂനിയർമാർക്ക് അവരുടെ ആവശ്യങ്ങൾ മുന്നോട്ടുവെക്കാനുളള എല്ലാ വഴികളും അടയുകയാണ്. തങ്ങൾ മുതലെടുക്കപ്പെടുകയാണ് എന്നറിഞ്ഞുകൊണ്ടുതന്നെ അവർ ചൂഷണത്തിന് വിധേയരാകപ്പെടുകയാണ്.

തൊഴിൽ മേഖലയിൽ ജൂനിയർ അഭിഭാഷകർക്ക് നേരെ നടക്കുന്ന അതിക്രമങ്ങളിൽ എല്ലാ അഭിഭാഷകരും ഒരേപോലെ പ്രതികരിക്കാറില്ല. എന്നാൽ ജൂനിയർ അഭിഭാഷകർ തൊഴിൽ മേഖലയിലെ പൊതുവായ കാര്യങ്ങളിൽ ഒറ്റക്കെട്ടായി നിൽക്കാൻ സന്നദ്ധരാകാറുമുണ്ട്. ചില സീനിയർമാരുടെ ഈ മനോഭാവം മാറേണ്ടതുണ്ട് എന്നാണ് AILU എറണാകുളം ജില്ലാ കമ്മിറ്റിയുടെ യുവ അഭിഭാഷക സമിതി കൺവീനറായ മുഹമ്മദ് ഇബ്രാഹിം അബ്ദുൾസമദ് പറയുന്നത്.

'ജൂനിയർ അഭിഭാഷകരുടെ ആത്മാഭിമാനത്തെ ഹനിക്കുന്ന പ്രവർത്തനങ്ങൾക്ക് ആർക്കും ധൈര്യം വരരുത്. അങ്ങനെ കൂടി അഭിഭാഷക അസോസിയേഷനുകൾ പ്രവർത്തിച്ചാലേ, ജൂനിയർ അഭിഭാഷകർക്ക് ഇത് തങ്ങളുടെ കൂടെ സംവിധാനമാണെന്ന തോന്നൽ ഉണ്ടാകൂ. അപ്പോഴാണ് യഥാർത്ഥ ഐക്യമുണ്ടാകുക.'

2017 വരെ പ്രതിവർഷം ആയിരം അഭിഭാഷകർ മാത്രമാണ് കേരളത്തിൽ എൻറോൾ ചെയ്തിരുന്നത്. എന്നാൽ ഇപ്പോഴത് ഏഴായിരം കവിഞ്ഞിരിക്കുന്നു. ഇത് ജോബ് മാർക്കറ്റിനെ അസ്ഥിരമാക്കി എന്നത് വസ്തുതയാണ്. എന്നാൽ മറ്റൊരു സാധ്യത കൂടി അത് തുറന്നിടുന്നുണ്ട്. അഭിഭാഷക അസോസിയേഷനിലേക്കുള്ള ഇലക്ഷനുകളിലും ബാർ കൗൺസിലിലേക്കുള്ള ഇലക്ഷനിലും ജൂനിയർ അഭിഭാഷകർ നിർണായക ശക്തിയായി മാറി. ജൂനിയർ അഭിഭാഷകരുടെ പ്രശ്നങ്ങൾ അഡ്രസ്സ് ചെയ്യാതെ ആർക്കും ഇനി തിരഞ്ഞെടുപ്പുകളെ നേരിടാനാവില്ല. ഇത് അഭിഭാഷക ജോലിയെ തന്നെ കൂടുതൽ ജനാധിപത്യവൽക്കരിക്കാൻ കഴിയുന്ന സന്ദർഭമാണ്. ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ ഇത് തിരിച്ചറിഞ്ഞ് എല്ലാ ജില്ലകളിലും പ്രധാന കോടതികളിലും യുവ അഭിഭാഷക കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. മറ്റ് സംഘടനകളും ഇത്തരം പ്രവർത്തനങ്ങളിലൂടെ ജൂനിയർ അഭിഭാഷകരെ കൂടുതൽ സംഘടിപ്പിച്ചാൽ കാതലായ മാറ്റങ്ങൾ ഉണ്ടാകും. അഭിഭാഷകർക്ക് വേണ്ടത് കുറേ കൂടി തുല്യമായ -സൗഹൃദാർഹമായ തൊഴിൽ അന്തരീക്ഷമാണ്. തിരുവനന്തപുരം സംഭവത്തിലെ അഭിഭാഷകനെതിരെയുള്ള ബാർ കൗൺസിൽ നടപടി ആ ദിശയിലേക്കുള്ള മാറ്റങ്ങൾക്ക് തുടർക്കമാകട്ടെ എന്ന് പ്രതീക്ഷിക്കാം'; മുഹമ്മദ് ഇബ്രാഹിം അബ്ദുൾസമദ് പറയുന്നു.

അടച്ചാക്ഷേപിക്കലില്ല

ഇങ്ങനെയെല്ലാം സംഭവിച്ചതുകൊണ്ടുതന്നെ അഭിഭാഷക മേഖല മോശമായ ഒരു മേഖലയാണ് എന്ന പ്രതിച്ഛായ ഉണ്ടാകേണ്ടതില്ല. എല്ലാ ജോലിക്കും ഉള്ളതുപോലെ അഭിഭാഷക വൃത്തിക്കും അതിന്റേതായ അന്തസും മാന്യതയുമുണ്ട്. എന്നാൽ അത് പാലിക്കാൻ ചിലർ തയാറാകുന്നില്ല എന്നത് മാത്രമാണ് പ്രശ്നം.

നീണ്ട കാലത്തെ സമർപ്പണവും ലക്ഷ്യബോധവും ഈ മേഖലയിൽ അത്യാവശ്യമാണ്. ശമ്പളം, അതിജീവനം, നാളെയെക്കുറിച്ചുള്ള ചിന്ത തുടങ്ങി അനവധി പ്രതിസന്ധികൾ ഈ മേഖലയിൽ നിലനിൽക്കെപ്പോലും, അതിനെയെല്ലാം തത്കാലത്തേക്ക് അവഗണിച്ചുകൊണ്ട്, പ്രതീക്ഷ കൈവിടാതെ പോരാടുന്ന ജൂനിയർ അഭിഭാഷകർ അനവധി പേരുണ്ട്. ഒന്നിനും തികയാത്ത ശമ്പളത്തിലും, തത്കാലത്തേക്ക് പിടിച്ചുനിന്നാൽ, എന്നെങ്കിലുമൊക്കെ കരകയറാൻ സാധിക്കും എന്ന പ്രതീക്ഷ മാത്രമാണ് അവരുടെ കൈമുതൽ. അധികാരഹുങ്കും ധാർഷ്ട്യവും കൊണ്ട് ചില സീനിയർമാർ തകർക്കുന്നത് അവരുടെ മനോബലത്തെയും ആത്മവിശ്വാസത്തെയുമാണ്. അത് ഇനിയും ഉണ്ടാകരുത്.

Content Highlights: Junior lawyers struggle for a better life needs more attention

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us