
കേരള ക്രിക്കറ്റ് അസോസിയേഷന്റെ എൻ എസ് കെ ട്വൻ്റി 20 ചാംപ്യൻഷിപ്പിൽ തൃശൂരിന് തുടച്ചയായ മൂന്നാം വിജയം. ആലപ്പുഴയെ പത്ത് റൺസിനാണ് തൃശൂർ തോൽപ്പിച്ചത്. മറ്റൊരു മൽസരത്തിൽ മലപ്പുറം ഇടുക്കിയെ ആറ് വിക്കറ്റിനും പരാജയപ്പെടുത്തി.
ഇന്ന് നടന്ന ആദ്യ മത്സരത്തിൽ മലപ്പുറത്തിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇടുക്കി 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 158 റൺസെടുത്തു. ക്യാപ്റ്റൻ അഖിൽ സ്കറിയയും ജോബിൻ ജോബിയും അജു പൗലോസുമാണ് ഇടുക്കിയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് കാഴ്ച വച്ചത്. അഖിൽ സ്കറിയ 41 പന്തുകളിൽ അഞ്ച് ഫോറും നാല് സിക്സുമടക്കം 61 റൺസെടുത്തു. ജോബിൻ ജോബി 28 റൺസും അജു പൗലോസ് 21 റൺസും നേടി. മലപ്പുറത്തിന് വേണ്ടി മുഹമ്മദ് ഇഷാഖ് രണ്ട് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മലപ്പുറം ഒരോവർ ബാക്കി നിൽക്കെ ലക്ഷ്യത്തിലെത്തി. വിഷ്ണുവിൻ്റെയും കാമിൽ അബൂബക്കറിൻ്റെയും അർധ സെഞ്ച്വറികളാണ് മലപ്പുറത്തിൻ്റെ വിജയം അനായാസമാക്കിയത്. വിഷ്ണു കെ 37 പന്തുകളിൽ 60 റൺസും കാമിൽ അബൂബക്കർ 42 പന്തുകളിൽ നിന്ന് പുറത്താകാതെ 57 റൺസും നേടി. വിഷ്ണു കെ ആണ് പ്ലെയർ ഓഫ് ദി മാച്ച്.
രണ്ടാം മത്സരത്തിൽ ഷറഫുദ്ദീൻ്റെ ഓൾറൗണ്ട് മികവാണ് തൃശൂരിന് വിജയമൊരുക്കിയത്. 29 റൺസും ആറ് വിക്കറ്റും നേടിയ ഷറഫുദ്ദീൻ തന്നെയാണ് കളിയിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത തൃശൂർ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 158 റൺസെടുത്തു. 57 പന്തുകളിൽ 74 റൺസെടുത്ത വത്സൽ ഗോവിന്ദാണ് തൃശൂരിൻ്റെ ടോപ് സ്കോറർ. അവസാന ഓവറുകളിൽ കൂറ്റൻ അടികളിലൂടെ 17 പന്തുകളിൽ 29 റൺസെടുത്ത ഷറഫുദ്ദീൻ്റെ ഇന്നിങ്സാണ് തൃശൂരിൻ്റെ സ്കോർ 158ൽ എത്തിച്ചത്. റിയ ബഷീർ 21 റൺസെടുത്തു. ആലപ്പുഴയ്ക്ക് വേണ്ടി സജേഷ് രണ്ട് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആലപ്പുഴയുടെ ഓപ്പണർമാരെ തുടക്കത്തിൽ തന്നെ മടക്കി ഷറഫുദ്ദീൻ തൃശൂരിന് മുൻതൂക്കം നൽകി. അഗസ്ത്യ ചതുർവേദിയും അഖിലും ചേർന്ന 74 റൺസിൻ്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് ആലപ്പുഴയ്ക്ക് പ്രതീക്ഷ നൽകി. എന്നാൽ ഷറഫുദ്ദീൻ എറിഞ്ഞ 16-ാം ഓവറിൽ മൂന്ന് വിക്കറ്റുകൾ വീണത് ആലപ്പുഴയ്ക്ക് തിരിച്ചടിയായി. അഗസ്ത്യയെ ക്ലീൻ ബൗൾഡാക്കിയ ഷറഫുദ്ദീൻ തന്നെ അഖിലിൻ്റെ റൺഔട്ടിനും വഴിയൊരുക്കി. തുടർന്നെത്തിയ പ്രസൂൾ പ്രസാദിനെയും വത്സൽ ഗോവിന്ദിൻ്റെ കൈകളിൽ എത്തിച്ച് ഷറഫുദ്ദീൻ കളി തൃശൂരിന് അനുകൂലമാക്കി. ഒൻപത് പന്തുകളിൽ 21 റൺസ് നേടി ബാലു ബാബു പുറത്താകാതെ നിന്നെങ്കിലും മറുവശത്ത് പിന്തുണ നൽകാൻ ആരുമുണ്ടായില്ല. വാലറ്റക്കാരെയും ഷറഫുദ്ദീൻ തന്നെ മടക്കിയതോടെ 19-ാം ഓവറിൽ 148 റൺസിന് ആലപ്പുഴ ഓൾ ഔട്ടായി. ആറ് വിക്കറ്റ് വീഴ്ത്തിയ ഷറഫുദ്ദീന് പുറമെ രണ്ട് വിക്കറ്റുമായി കിരൺ സാഗറും തൃശൂർ ബൗളിങ് നിരയിൽ തിളങ്ങി.
Content Highlights: Malappuram and Thrishur won in NSK Trophy State T20 Championship