യുഎസ് പ്രസിഡൻ്റിനോളം ശമ്പളം ലഭിക്കുന്ന മാ‍ർ‌പ്പാപ്പ പദവി; പക്ഷെ ഭൂരിഭാഗം പേരും അത് നിരസിക്കും

വിരമിച്ച മാ‍ർപ്പാപ്പമാർ‌ക്ക് ഏകദേശം 3,300 ഡോളർ പ്രതിമാസ പെൻഷന് അർഹതയുണ്ട്. കൂടാതെ ഭക്ഷണം, പാർപ്പിടം, ജോലിക്കാ‍ർ തുടങ്ങി ഒട്ടനവധി ആനുകൂല്യങ്ങൾ വേറെയും

dot image

ലോകമെമ്പാടുമുള്ള കത്തോലിക്കരായ ക്രൈസ്തവ വിശ്വാസികളുടെ നേതാവായി തിരഞ്ഞെടുക്കപ്പെടുന്നവരാണ് മാർപ്പാപ്പമാർ. മാർപ്പാപ്പയായി സ്ഥാനം ഏറ്റെടുക്കുന്നവരുടെ ശമ്പളവും ആനുകൂല്യവും അത്രത്തോളം പ്രത്യേകതകൾ നിറഞ്ഞതാണ്. സിസ്റ്റൈൻ ചാപ്പലിലെ ചിമ്മിനിയിൽ നിന്ന് വെളുത്ത പുക ഉയരുന്നതോടെ പുതുയു​ഗത്തിൻ്റെ തുടക്കമെന്നോണം ലോകം പുതിയ പോപ്പിനെ സ്വീകരിക്കാൻ തയ്യാറാകും. പോപ്പിൻ്റെ പദവി പോലെ തന്നെ പ്രത്യേകതകൾ നിറഞ്ഞതാണ് ആ പദവിക്ക് ലഭിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളും.

പോപ്പായി തിരഞ്ഞെടുക്കപ്പെട്ട ലിയോ പതിനാലാമന് ഏകദേശം 33,800 യുഎസ് ഡോളർ പ്രതിമാസ ശമ്പളത്തിന് അ‍ർഹതയുണ്ടെന്നാണ് ഫോ‍ർച്യൂൺ റിപ്പോ‍ർട്ട്. ഏകദേശം 28 ലക്ഷത്തിലധികം ഇന്ത്യൻ രൂപ. അമേരിക്കൻ പ്രസിഡൻ്റ് കൈപ്പറ്റുന്ന ശമ്പളത്തോടൊപ്പം വരും ഇത്. പക്ഷെ മുൻ മാർപ്പാപ്പ ഫ്രാൻസിസ് പോപ്പ് ഉൾപ്പെടെയുള്ളവർ ഈ ശമ്പളം നിരസിച്ചവരാണ്. ഈ പണം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഉപയോ​ഗിക്കണമെന്ന് മുൻ മാർപ്പാപ്പമാർ ആവശ്യപ്പെട്ടിരുന്നു. ശമ്പളം കൈപ്പറ്റിയില്ലെങ്കിലും മിക്ക ആവശ്യങ്ങളും നിറവേറ്റപ്പെടുന്ന ജീവിതമാണ് വത്തിക്കാൻ പോപ്പുമാ‍ർക്ക് നൽകുന്നത്. ഭക്ഷണം, വ്യക്തി​ഗത വാഹനം, സ്വകാര്യ ഫാ‍ർമസി ഉൾപ്പെടെയുള്ളവയും ലഭിക്കാറുണ്ട്. മാ‍‍ർപ്പാപ്പമാർ‌ക്ക് സുരക്ഷിതമായി ജീവിക്കാനുള്ള എല്ലാം വത്തിക്കാൻ ചെയ്തുകൊടുക്കാറുണ്ട്.

നിലവിലെ പോപ്പ് വിടവാങ്ങുകയോ രാജി വെക്കുകയോ ചെയ്താലാണ് അടുത്ത പോപ്പിനെ തിരഞ്ഞെടുക്കുക. അങ്ങനെ പോപ്പ് പദവിയിലിരുന്ന് രാജി വെക്കുന്നവർക്കും വിവിധ ആനുകൂല്യങ്ങളുണ്ട്. വിരമിച്ച മാ‍ർപ്പാപ്പമാർ‌ക്ക് ഏകദേശം 3,300 ഡോളർ പ്രതിമാസ പെൻഷന് അർഹതയുണ്ട്. കൂടാതെ ഭക്ഷണം, പാർപ്പിടം, ജോലിക്കാ‍ർ തുടങ്ങി ഒട്ടനവധി ആനുകൂല്യങ്ങൾ വേറെയും. വിരമിച്ച പോപ്പുമാർക്കും വത്തിക്കാനിൽ തന്നെ ജീവിക്കാനാകും. പരമ്പരാഗതമായി പോപ്പുമാർക്ക് താമസ സൗകര്യമൊരുക്കുന്നത് ഗ്രാൻഡ് അപ്പസ്‌തോലിക് പാലസിലാണ്. എന്നാൽ, ഫ്രാൻസിസ് പാപ്പ വളരെ ലളിതമായ ഗസ്റ്റ് ഹൗസാണ് താമസത്തിനായി തെരഞ്ഞെടുത്തത്.

പുതിയതായി തിരഞ്ഞെടുത്ത ലിയോ പതിനാലാമൻ മാ‍ർപ്പാപ്പ അമേരിക്കയിൽ നിന്നുള്ള ആദ്യ പോപ്പാണ്. അമേരിക്കൻ പൗരനായതുകൊണ്ടുതന്നെ വിവിധ തരത്തിലുള്ള നികുതി ബാധ്യതകൾ അദ്ദേഹത്തെ തേടി വന്നേക്കാം എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്യുന്നത്. മറ്റു പല രാജ്യങ്ങളും ചെയ്യുന്നത് പോലെ വിദേശത്തുള്ള പൗരന്മാരെ അമേരിക്ക നികുതി ബാധ്യതയിൽ നിന്ന് ഒഴിവാക്കാറില്ല.

പോപ്പ് ലിയോ എവിടെയായിരിക്കും താമസിക്കുക

കൊട്ടാരത്തിലെ ആഡംബര ജീവിതത്തേക്കാള്‍ വത്തിക്കാന്‍ ഗസ്റ്റ് ഹൗസിലെ എളിയ ജീവിതമാണ് വിലമതിച്ചിരുന്നതെന്നുള്ള ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഇഷ്ടത്തോട് യോജിക്കുന്ന തരത്തിലുളള തീരുമാനം തന്നെയാണ് ലിയോ പോപ്പിന് ഉളളതെന്ന് പറയപ്പെടുന്നു.

അടുത്തിടെ വത്തിക്കാന്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ 'ബിഷപ്പ് തന്റെ രാജ്യത്ത് ഇരിക്കുന്ന രാജകുമാരനായിരിക്കരുത്, മറിച്ച് എളിമയുള്ളവനായിരിക്കാനും, താന്‍ സേവിക്കുന്ന ആളുകളോട് അടുത്തിരിക്കാനും അവരോടൊപ്പം നടക്കാനും അവരോടൊപ്പം കഷ്ടപ്പെടാനും വേണ്ടിയുളളവനാണെന്ന് ' പോപ്പ് ലിയോ പറഞ്ഞിരുന്നു. അതിനാല്‍ വത്തിക്കാന്‍ ഗസ്റ്റ് ഹൗസിലായിരിക്കും അദ്ദേഹം താമസിക്കാനുള്ള സാധ്യതയെന്നാണ് പറയപ്പെടുന്നത്.

Content Highlights: Salary of New Pope Leo XIV

dot image
To advertise here,contact us
dot image