
കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരിയിൽ 24കാരനായ ഐവിൻ ജിജോയെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം ഞെട്ടിക്കുന്നതായിരുന്നു. പ്രതികളായ സിഐഎസ്എഫ് ഉദ്യോഗസ്ഥർ വിനയകുമാർ ദാസ്, മോഹൻകുമാർ എന്നിവരാണ് ഐവിൻ ജിജോയെ കൊലപ്പെടുത്തിയത്. റോഡിലുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ഐവിനെ മനപ്പൂർവ്വം കാറിടിപ്പിച്ച് കൊലപ്പെടുത്തിയത് പോലെ കേരളത്തിൽ നടന്ന മറ്റൊരു സംഭവമായിരുന്നു ചന്ദ്രബോസ് കൊലക്കേസ്. നിസാര പ്രശ്നത്തിന്റെ പേരിൽ തൃശ്ശൂരിൽ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ് മലയാളികൾ മറന്നിരിക്കാൻ സാധ്യതയില്ല. 2015 ജനുവരി മാസം 29-ാം തിയതി പുലർച്ചെ മൂന്ന് മണിയോടെ തൃശ്ശൂർ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന കണ്ടശ്ശാംകടവ് സ്വദേശി ചന്ദ്രബോസിനെ മുഹമ്മദ് നിഷാം ജീപ്പിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.
നിഷാം വാഹനവുമായി എത്തിയപ്പോൾ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസ് ഗേറ്റ് തുറക്കാൻ വൈകിയതിലും ഗേറ്റിനടുത്ത് വച്ച് വാഹനം തടഞ്ഞ് ഐഡി കാർഡ് ചോദിച്ചതിലും പ്രകോപിതനായാണ് നിഷാം ചന്ദ്രബോസിനെ ആക്രമിച്ചത്. ഭയന്ന് ഓടിയ ചന്ദ്രബോസിനെ വാഹനത്തിൽ പിന്തുടർന്ന് ഇടിച്ച് വീഴ്ത്തുകയായിരുന്നു. വീണുകിടന്ന ഇയാളെ എഴുന്നേൽപ്പിച്ച് വാഹനത്തിൽ കയറ്റി പാർക്കിങിൽ ഏരിയയിൽ കൊണ്ടുപോയി മർദിക്കുകയും ചെയ്തിരുന്നു.
വാഹനമിടിച്ച് പരിക്കേൽപ്പിച്ചത് കൂടാതെ ചന്ദ്രബോസിനെ നിഷാം മാരകമായി ആക്രമിക്കുകയും ജീപ്പിലിട്ട് ചവിട്ടുകയും ചെയ്തു. സെക്യൂരിറ്റി റൂമും ഫർണിച്ചറുകളും ജനലുകളും അടിച്ച് തകർത്തു. ആക്രമണം തടയാനെത്തിയ സെക്യൂരിറ്റി സൂപ്പർവൈസർ അയ്യന്തോൾ കല്ലിങൽ വീട്ടിൽ അനൂപിനെയും നിഷാം മർദിച്ചിരുന്നു. മറ്റ് സെക്യൂരിറ്റി ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് ഫ്ളൈയിങ് സ്‌ക്വാഡ് എത്തിയായിരുന്നു ചന്ദ്രബോസിനെ ആശുപത്രിയിലെത്തിച്ചത്. ചികിത്സയിലിരിക്കെ 2015 ഫെബ്രുവരി 16ന് ചന്ദ്രബോസ് മരണപ്പെട്ടു.
ചന്ദ്രബോസ് കൊലക്കേസിൽ ജീവപര്യന്തം തടവിനാണ് വിചാരണ കോടതി നിഷാമിനെ ശിക്ഷിച്ചത്. ഇതിന് പുറമെ വിവിധ വകുപ്പുകളിലായി 24 വർഷം തടവും 80.30 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. പിഴത്തുകയിൽ 50 ലക്ഷം രൂപ ചന്ദ്രബോസിന്റെ കുടുംബത്തിന് നൽകാനും നിർദേശിച്ചു. വിചാരണ കോടതിയുടെ വിധി പിന്നീട് ഹൈക്കോടതി ശരിവെച്ചു. നിഷാമിന് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
കേസിലെ പ്രതിയായ നിഷാം ഇപ്പോഴും ജയിൽ ശിക്ഷ അനുഭവിച്ച് വരികയാണ്. 2025 ഏപ്രിലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിഷാമിന് 15 ദിവസത്തെ പരോൾ അനുവദിച്ചിരുന്നു. നിഷാമിന്റെ ഭാര്യ നൽകിയ അപേക്ഷയിലാണ് കോടതി പരോൾ അനുവദിച്ചത്.
നെടുമ്പാശ്ശേരിയിൽ നടന്ന കൊലപാതകവും സമാനരീതിയിലുള്ളതായിരുന്നു. നെടുമ്പാശ്ശേരിയിലെ കാസിനോ എയർ കാറ്ററേഴ്സ് ആൻഡ് ഫ്ളൈറ്റ് സർവീസസിലെ ഷെഫായ ഐവിൻ വീട്ടിൽ നിന്ന് തുറവൂരിലെ ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെ, ഐവിന്റെ കാർ സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ കാറിൽ ഉരസിയതായി പറയുന്നു. ഇതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പോലീസ് എത്തിയിട്ട് പോയാൽ മതിയെന്ന് ഐവിൻ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. ഇതോടെയാണ് കാർ ഇടിപ്പിച്ചത്. ഇത് കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയായിരുന്നു.
കാർ ഇടിച്ച ശേഷം, ബോണറ്റിലേക്ക് വീണ ഐവിൻ ജിജോയെ രക്ഷപ്പെടാൻ അനുവദിക്കാതെ 600 മീറ്ററോളം കൊണ്ടുപോയി. ബ്രേക്ക് ചെയ്ത് നിലത്ത് വീഴ്ത്തിയ ശേഷം വീണ്ടും കാറിടിപ്പിക്കുകയായിരുന്നു. കാറിനടിയിൽപ്പെട്ട ഐവിനെ വീണ്ടും 30 മീറ്ററിലധികം റോഡിലൂടെ വലിച്ചിഴച്ചു. ഗുരുതര പരിക്കേറ്റായിരുന്നു ഐവിന്റെ മരണം. സംഭവത്തിന് ശേഷം രണ്ടാം പ്രതി മോഹൻകുമാറിനെ നെടുമ്പാശ്ശേരി എയർപോർട്ട് പരിസരത്ത് നിന്നും, ഒന്നാം പ്രതി വിനയകുമാർ ദാസിനെ സംഭവം നടന്ന നായത്തോട് പ്രദേശത്തുനിന്ന് പരിക്കുകളോടെയും പോലീസ് പിടികൂടിയിരുന്നു.
തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചിരുന്നു. നിലവിൽ രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥരെയും സസ്പൻഡ് ചെയ്തിട്ടുണ്ട്.
Content Highlights: First Chandra Bose Case now Ivin Is it only the names of the victims that change in Crime