
ഹൈക്കമാൻഡിൻ്റെ അനുനയനീക്കം ഏറ്റുവെന്ന കഴിഞ്ഞ ദിവസങ്ങളിലെ പ്രതീതി വെറുതെയായിരുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുൻ കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. മയങ്ങാനോ, മെരുങ്ങാനോ തയ്യാറല്ലെന്ന് പരോക്ഷമായി പ്രഖ്യാപിച്ചു കൊണ്ടാണ് അധ്യക്ഷ പദവിയിൽ നിന്നും മാറ്റിയ നീക്കത്തിനെതിരെ കെ സുധാകരൻ പ്രതികരിച്ചിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രസിഡൻ്റ് പദവിയിൽ നിന്നും തന്നെ നീക്കിയത് പാർട്ടി നശിക്കണമെന്ന് ആഗ്രഹിക്കുന്നവരാണെന്ന് തുറന്നടിച്ച സുധാകരൻ ലക്ഷ്യം വെച്ചത് ആരെയെന്ന് വ്യക്തമാക്കിയില്ലെങ്കിലും പരോക്ഷ സൂചനകളിൽ നിന്ന് കാര്യം വ്യക്തമാണ്. അഖിലേന്ത്യാ തലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു നേതാവ് ഇതിന് പിന്നിലുണ്ടെന്ന് സുധാകരൻ പറയുമ്പോൾ അതാരാണെന്ന് മനസ്സിലാക്കാൻ പാഴൂർ പടിപ്പുരവരെയൊന്നും പോകേണ്ടതില്ലല്ലോ?
നിരാശയുണ്ടെന്നും തന്നെ മാറ്റാൻ കേരളത്തിലെ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ശ്രമം നടന്നെന്നും കെ സുധാകരൻ തുറന്ന് പറഞ്ഞിരിക്കുകയാണ്. തന്നെ നീക്കിയതിൽ ധാരാളം പ്രവർത്തകർക്കും നേതാക്കൾക്കും അതൃപ്തിയുണ്ടെന്നും കെ സുധാകരൻ പറഞ്ഞുവയ്ക്കുമ്പോള്‍ ഹൈക്കമാൻഡിൻ്റെ ഓപ്പറേഷൻ സുധാകരൻ പാളിയോ എന്ന തോന്നൽ ശക്തമാണ്.
പ്രസിഡൻ്റ് പദവിയിൽ നിന്നും മാറ്റാനുള്ള നീക്കം അത്രവേഗം നടക്കില്ലെന്ന കൃത്യമായി സന്ദേശമായിരുന്നു ഹൈക്കമാൻഡ് പുതിയ പ്രസിഡൻ്റിനെ പ്രഖ്യാപിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് സുധാകരൻ നൽകിയത്. പദവിയിൽ നിന്ന് തന്നെ മാറ്റുന്നത് സുഗമമാകില്ലെന്ന മുന്നറിയിപ്പായാണ് സുധാകരൻ്റെ പ്രതികരണം വിലയിരുത്തപ്പെട്ടത്. എന്നാൽ ദിവസങ്ങൾക്കകം സുധാകരന് തള്ളിപ്പറയാൻ കഴിയാത്ത സണ്ണി ജോസഫിനെ ഹൈക്കമാൻഡ് കെപിസിസി പ്രസിഡൻ്റായി പ്രഖ്യാപിച്ചത് തന്ത്രപരമായ നീക്കമായി വിലയിരുത്തപ്പെട്ടിരുന്നു. ഹൈക്കമാൻഡിൻ്റെ ഈ മയക്കുവെടിയിൽ കെ സുധാകരൻ മയങ്ങി മെരുങ്ങിയെന്ന പ്രതീതിയായിരുന്നു പുതിയ പ്രസിഡൻ്റ് സ്ഥാനമേറ്റെടുക്കുന്ന ചടങ്ങിൽ സൃഷ്ടിക്കപ്പെട്ടത്. തൻ്റെ കാലയളവിലെ നേട്ടങ്ങൾ അക്കമിട്ട് പറഞ്ഞെങ്കിലും പുതിയ തീരുമാനം അംഗീകരിക്കുന്നുവെന്ന നിലയിലായിരുന്നു സുധാകരൻ്റെ വാക്കും പ്രവൃത്തിയും. സ്ഥാനമേറ്റെടുത്ത സണ്ണി ജോസഫിൻ്റെ തലയിൽ കൈവച്ച് അനുഗ്രഹിക്കാനും സുധാകരൻ തയ്യാറായിരുന്നു.
ഓപ്പറേഷൻ സുധാകരൻ ഫലപ്രാപ്തിയിലെത്തിയെന്ന ആത്മവിശ്വാസത്തോടെയായിരുന്നു പുതിയ അധ്യക്ഷൻ സ്ഥാനമേറ്റെടുത്തിന് പിന്നാലെ സണ്ണി ജോസഫിൻ്റെയും ടീമിന്റെയും കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാക്കളുടെയും യോഗം ഹൈക്കമാൻഡ് ഡൽഹിയിൽ വിളിച്ചത്. എന്നാൽ കാര്യങ്ങൾ അത്ര സുഗമമല്ലെന്ന സൂചന ഡൽഹി യോഗം നൽകി. സ്ഥാനമൊഴിഞ്ഞ കെ സുധാകരനും മുൻ കെപിസിസി അധ്യക്ഷന്മാരായ കെ മുരളീധരൻ, വി എം സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രമുഖ നേതാവായ ബെന്നി ബഹനാൻ തുടങ്ങിയവർ ഡൽഹിയിലെ ഐക്യകാഹള യോഗം ബഹിഷ്കരിച്ചത് വ്യക്തമായ സൂചനയായിരുന്നു എന്നാണ് പിന്നാലെയുള്ള കെ സുധാകരൻ്റെ പരസ്യ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്.
സണ്ണി ജോസഫിനെ കെപിസിസി പ്രസിഡൻ്റായി പരിഗണിക്കുമ്പോൾ ഹൈക്കമാൻഡിന് മുന്നിൽ പ്രധാനം രണ്ട് ലക്ഷ്യങ്ങളായിരുന്നു എന്ന് വ്യക്തം. ഒന്ന് ക്രിസ്ത്യൻ പ്രാതിനിധ്യം ഉറപ്പാക്കുക. രണ്ട് കെ സുധാകരനെ മയപ്പെടുത്തുക. ഹൈക്കമാൻഡിൻ്റെ രണ്ട് നീക്കങ്ങളും പാളിയെന്ന് തന്നെയാണ് വിലയിരുത്തേണ്ടത്. സുധാകരനെ മയപ്പെടുത്തുക എന്ന ലക്ഷ്യം വിജയം കണ്ടില്ല എന്ന് വ്യക്തമാണ്. ക്രിസ്ത്യൻ പ്രാതിനിധ്യം എന്ന പരിഗണനയും ആ നിലയിൽ ക്ലിക്കായി എന്ന് കരുതാനാവില്ല. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പുതിയ കെപിസിസി അധ്യക്ഷനായി ചർച്ചകൾ നടന്ന ഘട്ടത്തിൽ തന്നെ പദവിയിലേയ്ക്കുള്ള ക്രിസ്ത്യൻ പ്രാതിനിധ്യം പരിഗണനാ വിഷയമായി ഉന്നയിക്കപ്പെട്ടിരുന്നു. ഉമ്മൻചാണ്ടി അതിനൊരു ഫോർമുലയും മുന്നോട്ട് വെച്ചിരുന്നു. കെ സി ജോസഫ് കെപിസിസി അധ്യക്ഷൻ, രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ് എന്നതായിരുന്നു ഉമ്മൻചാണ്ടിയുടെ നീക്കം.
എന്നാൽ ഉമ്മൻചാണ്ടി-രമേശ് ചെന്നിത്തല ദ്വയത്തിൻ്റെ ചില നീക്കങ്ങളാണ് കേരളത്തിൽ കോൺഗ്രസിൻ്റെ തുടർച്ചയായ രണ്ടാം ടേമിലെയും ഭരണനഷ്ടത്തിന് കാരണമെന്ന വിലയിരുത്തൽ ഹൈക്കമാൻഡിനുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് കേരളത്തിലെ പാർട്ടി-പാർലമെൻ്ററി നേതൃത്വത്തിൽ ഒരു സർജിക്കൽ സ്ട്രൈക്ക് നടത്താൻ ഹൈക്കമാൻഡ് അന്ന് തീരുമാനിക്കുന്നത്. കെ സുധാകരനും വി ഡി സതീശനും യഥാക്രമം കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവുമായി തിരഞ്ഞെടുക്കപ്പെട്ടത് അങ്ങനെയായിരുന്നു.
അന്ന് പ്രസിഡൻ്റ് പദവിയിലേയ്ക്ക് ക്രിസ്ത്യൻ പ്രാതിനിധ്യം എന്ന നിലയിൽ ഉമ്മൻചാണ്ടി നിർദ്ദേശിച്ച കെ സി ജോസഫിന് സണ്ണി ജോസഫിനെക്കാൾ ആ മാനദണ്ഡത്തിന് അർഹതയുണ്ടായിരുന്നു എന്ന ചർച്ച ഇപ്പോൾ കോൺഗ്രസിൽ ഉയരുന്നുണ്ട്.
മധ്യതിരുവിതാംകൂറുകാരായ കെ സി ജോസഫ് ഏതാണ്ട് മൂന്ന് പതിറ്റാണ്ടോളം കണ്ണൂർ ജില്ലയിൽ നിന്ന് നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട നേതാവാണ്. മലബാറിലെയും മധ്യതിരുവിതാംകൂറിലെയും വ്യത്യസ്ത ക്രിസ്ത്യൻ സഭാ നേതൃത്വവുമായി അടുത്ത ബന്ധം കെ സി ജോസഫിനുണ്ടായിരുന്നു. ചങ്ങാനാശ്ശേരിയിലെ എൻഎസ്എസ് ആസ്ഥാനവുമായും കെ സി ജോസഫിന് വലിയ അടുപ്പമുണ്ടായിരുന്നു. ഈ നിലയിൽ നോക്കുമ്പോൾ സണ്ണി ജോസഫിൻ്റെ സാമുദായിക ബന്ധങ്ങളുടെ സർക്കിൾ അത്രയും വിശാലമല്ല. തലശ്ശേരി അതിരൂപതയുമായും ഒരുപരിധിവരെ മാനന്തവാടി രൂപതയുമായും സണ്ണി ജോസഫിന് അടുത്ത ബന്ധമുണ്ടാകും. ഇതിൻ്റെ ചുവടുപിടിച്ച് തൃശ്ശൂർ മുതൽ മധ്യതിരുവിതാംകൂർ വരെയുള്ള കത്തോലിക്കാ സഭാനേതൃത്വുമായും സണ്ണി ജോസഫിന് ബന്ധമുണ്ടായേക്കാം. അതിലുപരി വ്യത്യസ്ത ക്രിസ്ത്യൻ സഭാ നേതൃത്വങ്ങളുമായി ആ നിലയിലുള്ള ബന്ധം സണ്ണി ജോസഫിനില്ല എന്നത് വ്യക്തമാണ്.
കോൺഗ്രസിൻ്റെ ക്രിസ്ത്യൻ വോട്ടുബാങ്കിൻ്റെ പ്രധാനകേന്ദ്രം യഥാർത്ഥത്തിൽ തൃശ്ശൂർ, എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളാണ്. ഇവിടങ്ങളിലെ വിവിധ ക്രിസ്തീയ സഭാ വിഭാഗങ്ങളുടെ പിന്തുണ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ സംബന്ധിച്ച് നിർണായകമാണ്. 2021ലെ തിരഞ്ഞെടുപ്പിൽ ഈ നാല് ജില്ലകളിൽ നിന്ന് യുഡിഎഫിന് ലഭിച്ച 15 സീറ്റുകളിൽ 11 സീറ്റുകളിലും വിജയിച്ചത് ക്രിസ്ത്യൻ സമുദായത്തിൽ നിന്നുള്ള സ്ഥാനാർത്ഥികളായിരുന്നു. ഈ ജില്ലകളിൽ നിന്ന് കോൺഗ്രസിന് വിജയിപ്പിക്കാനായത് ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള ഏഴ് പേരെ മാത്രമായിരുന്നു.
കേരള കോൺഗ്രസ് മാണി വിഭാഗം എൽഡിഎഫിലേയ്ക്ക് പോയതും ക്രിസ്ത്യൻ വോട്ടുകളിൽ വിള്ളലുണ്ടായതുമാണ് ക്രിസ്ത്യൻ ഭൂരിപക്ഷ മേഖലകളിൽ യുഡിഎഫിനും കോൺഗ്രസിന് തിരിച്ചടിയായതെന്ന് അന്ന് വിലയിരുത്തലുകളുണ്ടായിരുന്നു. 2021 നഷ്ടമായ ക്രിസ്ത്യൻ പിന്തുണ 2026ൽ തിരിച്ചു പിടിക്കാനാണ് കെപിസിസി പ്രസിഡൻ്റായി ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള നേതാവിനെ നിയോഗിച്ചത് എന്ന വിവരണം പക്ഷെ സണ്ണി ജോസഫിൻ്റെ കാര്യത്തിൽ എത്രമാത്രം ഇംപാക്ട് ഉണ്ടാക്കുമെന്ന് കാത്തിരുന്ന് കാണേണ്ടതാണ്.
ഈ നാല് ജില്ലകളിലെ പ്രബല ക്രിസ്ത്യൻ സഭകളായ കാത്തോലിക്ക, ലാറ്റിൻ, ഓർത്തഡോക്സ്, യാക്കോബായ സഭാ നേതൃത്വവുമായി അത്രയൊന്നും അടുപ്പം, ഒരു പാൻ മലബാർ കോൺഗ്രസ് നേതാവ് എന്നുപോലും ചൂണ്ടിക്കാണിക്കാൻ സാധിക്കാത്ത സണ്ണി ജോസഫിനില്ല എന്നതാണ് വാസ്തവം. അങ്ങനെ വരുമ്പോഴാണ് എന്തുകൊണ്ട് സണ്ണി ജോസഫ് എന്ന ചോദ്യം കോൺഗ്രസിനുള്ളിൽ ഉയരുന്നത്. 2026ൽ കോൺഗ്രസിന് ഭരണം ലഭിച്ചാൽ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഒരു തരത്തിലും സണ്ണി ജോസഫ് ഒരു സാധ്യതയായി ഉയർന്നു വരില്ല എന്നത് വ്യക്തമാണ്. അതിനാൽ തന്നെ സണ്ണി ജോസഫ് എന്ന നിരുപദ്രവകരമായ പേരിനെ മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്ന പ്രധാന നേതാക്കളെല്ലാം പിന്തുണച്ചിരിക്കാം എന്നാണ് കോൺഗ്രസിലെ ഒരുവിഭാഗം അടക്കം പറയുന്നത്. ക്രിസ്ത്യൻ പ്രാതിനിധ്യം , സുധാകര അനുനയം എന്ന രണ്ട് വിവരണങ്ങൾ കൂടി ഹൈക്കമാൻഡിനെ ബോധ്യപ്പെടുത്താൻ ഇവർക്ക് സാധിച്ചതോടെയാണ് സണ്ണി ജോസഫിന് നറുക്ക് വീണതെന്നും കോൺഗ്രസിനുള്ളിൽ പതംപറച്ചിലുണ്ട്.
സണ്ണി ജോസഫിനെക്കാൾ പ്രാധാന്യത്തോടെ കെപിസിസി പദവിയിലേയ്ക്ക് ഉയർന്ന് കേട്ടിരുന്ന മറ്റൊരുപേര് ആൻ്റോ ആൻ്റണി എംപിയുടേതായിരുന്നു. 2026ൽ അധികാരം ലഭിച്ചാൽ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കുള്ള ഒരു മത്സരാർത്ഥിയായി വരില്ല എന്നതായിരുന്നു ആൻ്റോ ആൻ്റണിയുടെയും പ്രധാന സാധ്യതകളിലൊന്ന്. കോൺഗ്രസിൻ്റെ ശക്തികേന്ദ്രമായി കണക്കാക്കുന്ന മധ്യതിരുവിതാംകൂറിലെ വ്യത്യസ്ത ക്രിസ്ത്യൻ സഭാ നേതൃത്വങ്ങളുമായി സണ്ണി ജോസഫിനെക്കാൾ അടുപ്പമുണ്ടെന്നതും ആൻ്റോ ആൻ്റണിയ്ക്ക് അനുകൂല ഘടകമായിരുന്നു. കെ സി വേണുഗോപാലിൻ്റെ അകമഴിഞ്ഞ പിന്തുണയും ആൻ്റോ ആൻ്റണിയ്ക്ക് ഉണ്ടായിരുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. എന്നാൽ കെപിസിസി അധ്യക്ഷ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നു എന്ന വാർത്തകൾ പുറത്തേയ്ക്ക് വന്നതോടെ ഹൈക്കമാൻഡിന് എത്തിയ പരാതികളുടെ പ്രവാഹമാണ് ആൻ്റോ ആൻ്റണിയുടെ വഴിയടച്ചത് എന്ന വിവരമാണ് ഇപ്പോൾ പുറത്തേയ്ക്ക് വരുന്നത്. കെ സി വേണുഗോപാലിന് പോലും തടയിടാൻ കഴിയാത്ത പ്രതിഷേധങ്ങളാണത്രെ പരാതികളായി ഹൈക്കമാൻഡിന് മുന്നിലെത്തിയത്. അധ്യക്ഷ സ്ഥാനത്തേയ്ക്ക് തൻ്റെ പേര് പരിഗണിക്കുന്നുവെന്ന വാർത്ത ചോർത്തി തന്നെ അപമാനിതനാക്കി എന്ന വികാരത്തിലാണ് ആൻ്റോ ആൻ്റണി എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. സണ്ണി ജോസഫിൻ്റെ സ്ഥാനാരോഹണത്തിൽ അടക്കം ആൻ്റോയുടെ അസാന്നിധ്യം ഇതിൻ്റെ സൂചനയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
കെപിസിസി അധ്യക്ഷ സ്ഥാനത്തേയ്ക്ക് ഉയർന്നുകേട്ട പ്രധാനപ്പെട്ട മറ്റൊരുപേര് ബെന്നി ബഹനാന്‍റേതായിരുന്നു. പ്രവർത്തനപരിചയം പരിഗണിച്ചാലും ക്രിസ്ത്യൻ സഭകളുമായുള്ള ബന്ധം പരിഗണിച്ചാലും ക്രിസ്ത്യൻ പ്രാതിനിധ്യം പരിഗണിക്കുമ്പോൾ ഏറ്റവും അനുയോജ്യനായിരുന്നു ബെന്നി ബഹനാൻ. ഉമ്മൻ ചാണ്ടി കേഡർ സ്വഭാവത്തിൽ സ്വന്തം ഗ്രൂപ്പിനെ സംഘടിപ്പിച്ചപ്പോൾ കേരളം മുഴുവൻ എ ഗ്രൂപ്പിനെ കോൺഗ്രസിനെക്കാൾ കെട്ടുറപ്പുള്ള സംവിധാനമാക്കാൻ ഫസ്റ്റ് ലെഫ്റ്റനൻ്റ് എന്ന നിലയിൽ ഉമ്മൻ ചാണ്ടിക്കൊപ്പം നിന്ന നേതാവാണ് ബെന്നി ബഹനാൻ. ബെന്നി ബഹനാൻ്റെ സംഘാടന മികവിൽ നിലവിലെ കോൺഗ്രസ് നേതാക്കളിൽ ആർക്കും തർക്കമുണ്ടാകാൻ വഴിയില്ല. വിരലിലെണ്ണാവുന്ന സീറ്റുകളുടെ മാത്രം ഭൂരിപക്ഷത്തിൽ 2011ൽ ഉമ്മൻ ചാണ്ടി അധികാരത്തിലെത്തിയപ്പോള്‍ 'ക്രൈസിസ് മാനേജരാ'യി സർക്കാരിനെ നിലംപതിക്കാതെ നിലനിർത്തിയതിൽ ബെന്നി ബഹനാനുണ്ടായിരുന്ന പങ്ക് ഒരു കോൺഗ്രസ് നേതാവിനും തള്ളിക്കളയാൻ കഴിയുന്നതല്ല.
ഇടക്കാലത്ത് യുഡിഎഫ് കൺവീനർ സ്ഥാനത്തേയ്ക്ക് പരിഗണിച്ച ബെന്നി ബഹനാൻ പക്ഷെ കെപിസിസി അധ്യക്ഷ സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെട്ടില്ല. പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് നിലവിൽ പരിഗണിക്കപ്പെട്ട മാനദണ്ഡപ്രകാരമുള്ള യോഗ്യതകളെല്ലാം ഉണ്ടായിട്ടും ബെന്നി ബഹനാനെ തഴഞ്ഞതിന് പിന്നിൽ 2026നെ പ്രതിയുള്ള ചിലരുടെ അധികാരമോഹങ്ങളായിരുന്നുവെന്ന് വ്യക്തം. നിലവിൽ കെപിസിസി പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെടുന്നു എന്ന നിലയിൽ ഉയർന്ന പേരുകളിൽ 2026ൽ അധികാരം ലഭിച്ചാൽ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെടാൻ സാധ്യതയുള്ള ഏകപേരും ബെന്നി ബഹനാന്റേതായിരുന്നു. എന്തുകൊണ്ട് ബെന്നി ബഹനാൻ പരിഗണിക്കപ്പെട്ടില്ല എന്ന ചോദ്യത്തിന് ഉത്തരം അദ്ദേഹത്തിന്‍റെ അധികയോഗ്യതയാണെന്ന് കോണ്‍ഗ്രസില്‍ പലരും അടക്കം പറയുന്നുമുണ്ട്.
പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് ഉയർന്ന മറ്റുപേരുകളിലൊന്ന് ഇടുക്കി എംപി ഡീൻ കുര്യാക്കോസിന്‍റെതായിരുന്നു. മധ്യതിരുവിതാംകൂറിലെ വ്യത്യസ്ത ക്രിസ്ത്യൻ സഭാ നേതൃത്വങ്ങളുമായി സണ്ണി ജോസഫിനെക്കാൾ അടുപ്പം ഡീൻ കുര്യാക്കോസിനുണ്ട്. യൂത്ത് കോൺഗ്രസിൻ്റെ മുൻ സംസ്ഥാന അധ്യക്ഷൻ എന്ന നിലയിൽ ഒരുപാൻ കേരള നേതാവ് എന്ന പ്രതീതി നിലവിലെ സാഹചര്യത്തിൽ ഡീൻ കുര്യാക്കോസിനുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ ഒരു മുഖംമിനുക്കലാണ് കോൺഗ്രസ് ലക്ഷ്യമിട്ടതെങ്കിൽ പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് അനുയോജ്യൻ ഒരു യുവനേതാവ് തന്നെയായിരുന്നു. 76 വയസ്സുകാരനായ കെ സുധാകരൻ മാറി 72 വയസ്സുകാരനായ സണ്ണി ജോസഫിനെ പരിഗണിക്കാനായി കോൺഗ്രസ് എടുത്ത റിസ്ക് പരിഗണിക്കുമ്പോൾ 43കാരനായ ഡീൻ കുര്യാക്കോസ് തന്നെയായിരുന്നു അതിലും മെച്ചപ്പെട്ട ഓപ്ഷൻ. മുഖ്യമന്ത്രി പദവി മോഹികളെ സംബന്ധിച്ച് 2026ൽ ഡീൻ വെല്ലുവിളിയും ആകില്ലായിരുന്നു.
വർക്കിംഗ് പ്രസിഡൻ്റുമാർ എന്ന പദവി കോൺഗ്രസിനെ സംബന്ധിച്ച് വെറും നീക്കുപോക്ക് മാത്രമാണ് എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. പരിചയസമ്പന്നനായ ഒരു കെപിസിസി അധ്യക്ഷനൊപ്പം പാർട്ടിയുടെ ദൈനംദിനം പ്രവർത്തനത്തിൽ നേതൃസ്വഭാവത്തിൽ ഇടപെടുന്നവരാണ് വർക്കിംഗ് പ്രസിഡൻ്റുമാർ. ഒരു ടേം മുഴുവൻ ആ നിലയിൽ പ്രവർത്തിച്ച വർക്കിംഗ് പ്രസിഡൻ്റുമാരെ അടുത്ത അധ്യക്ഷനെ തിരഞ്ഞെടുക്കുമ്പോൾ പരിഗണിക്കാതെ പോകുന്നത് അസ്വഭാവികമായ ഒരു സമീപനമാണ്. 2021 കെ സുധാകരനെ കെപിസിസി പ്രസിഡൻ്റായി നിയോഗിക്കുമ്പോൾ കൊടിക്കുന്നിൽ സുരേഷ്, പി ടി തോമസ്, ടി സിദ്ദീഖ് എന്നിവരെ എന്നിവരെ വർക്കിംഗ് പ്രസിഡൻ്റുമാരായി നിയോഗിച്ചിരുന്നു. പി ടി തോമസിൻ്റെ മരണത്തോടെ വർക്കിംഗ് പ്രസിഡൻ്റുമാരുടെ എണ്ണം രണ്ടായി തുടർന്നു. എന്നാൽ 2024ലെ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ കെ മുരളീധരായി തൃശ്ശൂർ സീറ്റ് ഒഴിഞ്ഞു കൊടുത്ത ടി എൻ പ്രതാപനെ സമാശ്വാസമെന്ന നിലയിൽ പിന്നീട് വർക്കിംഗ് പ്രസിഡൻ്റായി നിയോഗിച്ചിരുന്നു. സീനിയോരിറ്റി പരിഗണിക്കുമ്പോൾ കെപിസിസി അധ്യക്ഷ പദവിയിലേയ്ക്ക് പരിഗണിക്കാൻ യോഗ്യനായ കൊടിക്കുന്നിൽ സുരേഷ് അടക്കമുള്ള നേതാക്കളെ നിലവിലുണ്ടായിരുന്ന വർക്കിംഗ് പ്രസിഡൻ്റ് ചുമതലയിൽ നിന്നും ഒഴിവാക്കിയാണ് സണ്ണി ജോസഫിനൊപ്പം എ പി അനിൽ കുമാർ. പി സി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ എന്നിവരെ പുതിയ വർക്കിംഗ് പ്രസിഡൻ്റുമാരായി നിയോഗിച്ചത്.
പുതിയ വർക്കിംഗ് പ്രസിഡൻ്റുമാരിൽ എ പി അനിൽ കുമാർ കേരളത്തിൽ കെ സി വേണുഗോപാലിൻ്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനായി അറിയപ്പെടുന്ന നേതാവാണ്. പി സി വിഷ്ണുനാഥും ഷാഫി പറമ്പിലും ഉമ്മന്‍ ചാണ്ടിയുടെ എ ഗ്രൂപ്പിൻ്റെ ഉറച്ച അനുയായികളായിരുന്നു. എന്നാൽ സമീപകാലത്ത് ഇരുവരും വി ഡി സതീശനുമായി അടുപ്പം പുലർത്തുന്ന യുവനേതാക്കളിൽ പ്രമുഖരാണ്. 2021ൽ ഗ്രൂപ്പുകളുടെ ഘടന പൊളിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു കെപിസിസി അധ്യക്ഷനെയും വർക്കിംഗ് പ്രസിഡൻ്റുമാരെയും തിരഞ്ഞെടുത്തത് എന്ന് നിരീക്ഷണങ്ങളുണ്ടായിരുന്നു. സൂക്ഷ്മമായി നിരീക്ഷിക്കുമ്പോൾ പുതിയ കെപിസിസി അധ്യക്ഷനെയും വർക്കിംഗ് പ്രസിഡൻ്റുമാരെയും തിരഞ്ഞെടുത്തതിലും ഇതേ ലക്ഷ്യം ഉണ്ടെന്ന് വേണം കരുതാന്‍. എന്തായാലും 2026ലെ തിരഞ്ഞെടുപ്പിൽ ഭരണം ലഭിച്ചാൽ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പുതിയൊരു പേര് ഉയർന്ന് വരരുത് എന്ന കുശാഗ്രതയോടെയാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തിരിക്കുന്നതെന്ന് വ്യക്തം. അത് കെപിസിസി പ്രസിഡൻ്റായാലും വർക്കിംഗ് പ്രസിഡൻ്റായാലും. കെ സുധാകരനെ മാറ്റിയതിലൂടെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കുള്ള ഒരു വെല്ലുവിളിയെ ആ നിലയിൽ റദ്ദുചെയ്യാന്‍ സാധിച്ചിട്ടുണ്ട്. ഒരുപക്ഷെ സുധാകരന്‍ പ്രകോപിതനാകുന്നതും അതുകൊണ്ടുതന്നെയാകും.
Content Highlights: What was needed was a KPCC president who had no claim to the post of Chief Minister