ആദ്യം പോകുന്നത് ഗയാനയിലേക്ക്, പിന്നീട് കൊളംബിയയും ബ്രസീലും അമേരിക്കയും സന്ദര്‍ശിക്കും: ശശി തരൂര്‍

ഞങ്ങള്‍ ആദ്യം ജോര്‍ജ്ജ് ടൗണിലേക്കും (ഗയാന), പിന്നീട് പനാമയിലേക്കും കൊളംബിയയിലേക്കും ബ്രസീലിലേക്കും ഒടുവില്‍ അമേരിക്കയിലേക്കുമായിരിക്കും പോവുക'- ശശി തരൂര്‍ പറഞ്ഞു.

dot image

ഡല്‍ഹി: ഭീകരവിരുദ്ധ പ്രചാരണത്തിനായി സര്‍ക്കാര്‍ പ്രതിനിധി സംഘങ്ങളെ വിദേശരാജ്യങ്ങളിലേക്ക് അയക്കുന്നതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. താന്‍ ചെയര്‍മാനായ പ്രതിനിധി സംഘം ശനിയാഴ്ച്ചയാണ് യാത്ര തിരിക്കുകയെന്നും ആദ്യം പോവുക സൗത്ത് അമേരിക്കന്‍ രാജ്യമായ ഗയാനയിലേക്കായിരിക്കുമെന്നും ശശി തരൂര്‍ പറഞ്ഞു. വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയുടെ നേതൃത്വത്തില്‍ നടന്ന പാര്‍ലമെന്ററി ബ്രീഫിംഗിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍വ്വകക്ഷി പ്രതിനിധി സംഘത്തെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

'ഞാനുള്‍പ്പെട്ട പ്രതിനിധി സംഘത്തിന്റെ ബ്രീഫിംഗ് വെളളിയാഴ്ച്ചയായിരിക്കും. ചില സംഘങ്ങള്‍ നേരത്തെ പോകുന്നുണ്ട്. അതുകൊണ്ട് നാളെ അവരുടെ മീറ്റിംഗ് നടക്കും. അമേരിക്കയില്‍ ബിഗ് മെമ്മോറിയല്‍ ഡേ വീക്കെന്‍ഡ് ആയതിനാലും ജൂണ്‍ 2 വരെ യുഎസ് കോണ്‍ഗ്രസ് ചേരുന്നില്ല എന്നതിനാലും ഞങ്ങളുടെ പ്രതിനിധി സംഘം അല്‍പ്പം വൈകിയേ അമേരിക്കയിലേയ്ക്ക് പോകുന്നുളളു. അവിടെ നേരത്തെ എത്തുന്നതില്‍ അര്‍ത്ഥമില്ല. മെയ് 24-ന് സംഘം പുറപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഞങ്ങള്‍ ആദ്യം ജോര്‍ജ്ജ് ടൗണിലേക്കും (ഗയാന), പിന്നീട് പനാമയിലേക്കും കൊളംബിയയിലേക്കും ബ്രസീലിലേക്കും ഒടുവില്‍ അമേരിക്കയിലേക്കുമായിരിക്കും പോവുക'- ശശി തരൂര്‍ പറഞ്ഞു.

അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനത്തിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടവും ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലവും വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് വിശദീകരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ സംഘത്തെ രൂപീകരിച്ചത്. വിദേശത്തേയ്ക്ക് പോകുന്ന സര്‍വ്വകക്ഷി സംഘങ്ങളില്‍ ഒന്നിനെ നയിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശശി തരൂരിനെ തെരഞ്ഞെടുക്കുകയായിരുന്നു. ശശി തരൂരിന്റെ പേര് കോണ്‍ഗ്രസ് നിര്‍ദേശിച്ചിരുന്നില്ല. പാര്‍ട്ടി നിര്‍ദേശിക്കാത്ത തരൂരിനെ പ്രതിനിധി സംഘത്തെ നയിക്കാന്‍ നിയോഗിച്ചതില്‍ കോണ്‍ഗ്രസിന് അതൃപ്തിയുണ്ട്. എങ്കിലും പാർട്ടി സംഘത്തിന്റെ ഭാഗമാകാന്‍ ശശി തരൂരിന് അനുമതി നല്‍കി. കേന്ദ്രം നിര്‍ദേശിച്ച പ്രതിനിധികളെല്ലാം സംഘത്തില്‍ ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Content Highlights: Our delegation first going to guyana says shashi tharoor

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us