
കൊച്ചി: വാറന്റി കാലയളവിൽ മൊബൈൽ ഫോണിന്റെ ഫ്ലിപ്പ് സംവിധാനത്തിലെ തകരാർ പരിഹരിച്ച് നൽകുന്നതിൽ വീഴ്ച വരുത്തിയ മൊബൈൽ ഫോൺ കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. മൂവാറ്റുപുഴ പോത്താനിക്കാട് സ്വദേശി ജോജോമോൻ സേവിയർ സാംസങ് ഇന്ത്യ ഇലക്ട്രോണിക്സിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
2022 നവംബർ മാസത്തിലാണ് പരാതിക്കാരൻ കോതമംഗലത്തെ സെൽസ്പോട്ട് (Cellspot) മൊബൈൽസ് എന്ന സ്ഥാപനത്തിൽ നിന്നും സാംസങ്ങിന്റെ ഫ്ലിപ്പ് മോഡൽ ഫോൺ വാങ്ങിയത്. തുടർന്ന് 2023 ഒക്ടോബർ മാസം ഫ്ലിപ്പ് സംവിധാനത്തിൽ തകരാർ സംഭവിക്കുകയും ഓതറൈസ്ഡ് സർവീസ് സെന്ററിനെ സമീപിച്ചപ്പോൾ 33,218 രൂപ അടച്ചാൽ റിപ്പയർ ചെയ്തു നൽകാമെന്ന് അറിയിച്ചു. വാറന്റി കാലയളവിൽ തകരാർ സംഭവിച്ചാൽ റിപ്പയർ ചെയ്തു നൽകേണ്ട ഉത്തരവാദിത്തിൽ നിന്നും കമ്പനി ഒഴിഞ്ഞുമാറിയ സാഹചര്യത്തിലാണ് പരാതിക്കാരൻ കമ്മീഷനെ സമീപിച്ചത്.
പരാതിക്കാരന്റെ ഉപയോഗത്തിലെ അശ്രദ്ധമൂലം സംഭവിച്ച തകരാറാണെന്നും തങ്ങൾ അതിന് ഉത്തരവാദി അല്ലെന്ന കമ്പനിയുടെ വാദം നിലനിൽക്കുന്നതല്ലെന്നും സേവനത്തിലെ വീഴ്ചയാണ് ഇത് എന്നും ഡി ബി ബിനു അധ്യക്ഷനും, വി രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കി. ഫോൺ 11 മാസം ഉപയോഗിച്ചതിന് 10% മൂല്യശോഷണം കണക്കാക്കി 83,690 രൂപയും കോടതി ചെലവ്, നഷ്ടപരിഹാരം എന്നീ ഇനങ്ങളിൽ 15,000 രൂപയും 45 ദിവസത്തിനകം പരാതിക്കാരന് നൽകാൻ എതിർകക്ഷികൾക്ക് ഉത്തരവ് നൽകി. പരാതിക്കാരന് വേണ്ടി അഡ്വക്കേറ്റ് ടോം ജോസഫ് ഹാജരായി.
Contet Highlights: Mobile phone defect not fixed during warranty period and verdict to pay Rs 98,690 in compensation