
ജൂനിയർ സീനിയർ അഭിഭാഷകർ എന്നൊക്കെ പറഞ്ഞ് കേൾക്കുമ്പോൾ അത് എന്താണ് ഒന്നുകൂടെ പൊതുജനങ്ങൾക്ക് മനസ്സിലാകണമല്ലോ.
ഇന്ത്യയിലെ കോടതികളിൽ രണ്ടുതരം അഭിഭാഷകരാണ് ഉള്ളത്. ഹൈക്കോടതിയും സുപ്രീംകോടതിയും എല്ലാം വിശേഷ പരിഗണന നൽകി സ്ഥാനം കൊടുക്കുന്ന സീനിയർ അഭിഭാഷകരും പിന്നെ വെറും അഭിഭാഷകരും. നമ്മൾ കാണുന്ന മഹാ മഹാഭൂരിപക്ഷം അഭിഭാഷകരും എത്ര അനുഭവസമ്പത്തുണ്ട് എന്ന് പറഞ്ഞാലും ഒരു സീനിയർ അഭിഭാഷകൻ ആകണമെന്നില്ല. സീനിയർ റോബ് ലഭിക്കുക എന്നത് കോടതി അവരുടെ നിയമ പരിജ്ഞാനത്തിന് നൽകുന്ന ഒരു സ്ഥാനമാണ്. അങ്ങനെ സീനിയർ പദവി കിട്ടുന്ന ഒരാൾ കോടതികളിൽ വക്കാലത്ത് പോലും ഇടാൻ സാധിക്കാതെ മറ്റുള്ളവരെ പ്രതിനിധീകരിക്കുന്ന ഒരാളായി മാറും എന്നതാണ് അതിൻറെ പ്രത്യേകത.
നമ്മൾ കേട്ട് വരുന്ന ജൂനിയർ, സീനിയർ പ്രയോഗം എന്നത് ഒരു ശീലത്തിന്റെ പുറത്ത് ആളുകൾ ഉപയോഗിക്കുന്ന ഒന്നാണ്. ഞാൻ അഭിഭാഷകവൃത്തി ആരംഭിച്ച് സ്വന്തമായി ഓഫീസ് ഇട്ട് പ്രവർത്തിക്കുമ്പോൾ ആ ഓഫീസിലേക്ക് എന്നെക്കാൾ പ്രവർത്തി പരിചയം കുറഞ്ഞ ഒരാളെ കൊണ്ടുവന്ന് കഴിഞ്ഞാൽ അയാൾ എന്‍റെ ജൂനിയറും ഞാൻ അയാളുടെ സീനിയറും ആയി മാറും. അങ്ങനെ ജൂനിയറിനെയും സീനിയറിനെയും തീരുമാനിക്കുന്നതിന് പ്രത്യേകിച്ച് മാനദണ്ഡങ്ങൾ ഒന്നുമില്ല എന്നതാണ് അതിനർത്ഥം. ഉയർന്ന ഉദ്യോഗസ്ഥനായി റിട്ടയർ ചെയ്ത് വിനോദം പോലെ അഭിഭാഷകവൃത്തി നടത്താൻ വേണ്ടി വരുന്ന പെൻഷൻകാരും, മുതിർന്ന അഭിഭാഷകന്റെയോ ജഡ്ജിമാരുടെയോ കോടതി സ്റ്റാഫിൻ്റെയോ മക്കളും, ദിവസം 50 രൂപ പോലും ലഭിക്കാതെ അടിമപ്പണി പോലെ ചെയ്യുന്ന ആളുകൾ എല്ലാം അടങ്ങുന്ന വിപുലമായ ഒരു ശ്രേണിയാണ് ഈ ജൂനിയർ എന്ന് പറയുന്ന തസ്തിക.
നമ്മുടെ നിയമ വിദ്യാഭ്യാസത്തിൻ്റെ ഏറ്റവും വലിയ പരിമിതി, അത് നിയമങ്ങളെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്ന് പഠിപ്പിക്കുന്നില്ല എന്നതാണ്. എൽഎൽബി പഠിപ്പിക്കുന്ന പല അധ്യാപകർക്കും കോടതി എക്സ്പീരിയൻസ് ഇല്ല എന്നുള്ളതും, അതുകൊണ്ടുതന്നെ വളരെ യാന്ത്രികമായി നടക്കുന്ന ചില ധാരണയുടെ പുറത്താണ് അവരുടെ അധ്യാപനം നടന്നു പോകുന്നത് എന്നുള്ളതുകൊണ്ടും യാതൊരുവിധ ഓറിയന്റേഷനും ലഭിക്കാതെയാണ് അഭിഭാഷകരായ എൻറോൾ ചെയ്യുന്ന ആളുകൾ കോടതികളിലേക്ക് വന്നു കയറുന്നത്. സ്വാഭാവികമായും ഈ അറിവില്ലായ്മ പരിഹരിക്കാൻ ഒരു എക്സ്പീരിയൻസ് ആയ അഭിഭാഷകന്റെ ഓഫീസിൽ ചേർന്ന് പ്രവർത്തിക്കേണ്ടി വരും. അതൊരു ഇന്റേൺഷിപ്പ് പോലെ നടക്കുന്ന കാര്യമില്ല. ഒരു തൊഴിലാളി എന്ന നിലയിലാണ് അഭിഭാഷകൻ അവിടെ പ്രവർത്തിക്കുന്നത്. പക്ഷേ ഇതിലെ വൈരുദ്ധ്യം എന്താണെന്ന് വെച്ചാൽ അഭിഭാഷകർ ഒരു തൊഴിൽ ചെയ്യുന്ന ആളല്ല എന്നുള്ളതാണ്. അഭിഭാഷകൻ ചെയ്യുന്നത് അഡ്വൈസ് അല്ലെങ്കിൽ കൺസൾട്ടേഷൻ എന്ന് പറയുന്ന കാര്യമാണ്. കോടതിയിൽ എത്തുന്ന അഭിഭാഷകൻ പ്രതിക്ക് വേണ്ടി കോടതിയോട് ഒരു തീരുമാനത്തിലെത്താൻ വേണ്ടിയുള്ള അഡ്വൈസുകൾ നൽകുന്നു എന്നുള്ളതാണ് ഇതിൻറെ സങ്കല്പം. ഒരേസമയം നോബിലിറ്റിയും ഇഗ്‌നോബിലിറ്റിയും നിറഞ്ഞുനിൽക്കുന്ന ഒരു മേഖലയാണ് ഇത്. അഭിഭാഷകവൃത്തിയെ ഒരു തൊഴിലായി അംഗീകരിക്കുന്നവരും എതിർക്കുന്നവരും എല്ലാം ഇതിനുള്ളിൽ തന്നെയുണ്ട്.
ഇപ്പോൾ മജിസ്ട്രേറ്റ് ആയ തൻ്റെ ജൂനിയർ, പണ്ട് ഓഫീസിൽ വന്ന് ഓഫീസിലെ കക്കൂസും നിലവും എല്ലാം അടിച്ചു കഴുകി വൃത്തിയാക്കുന്നതിനെ കുറിച്ച് വാചാലനായ ഒരു തലമുതിർന്ന അഭിഭാഷകനെ കുറിച്ച് ഇത് പറയുമ്പോഴാണ് ഓർമ്മ വരുന്നത്. എന്തോ വലിയ മഹത്വം പോലെയാണ് അദ്ദേഹം ഇത് വർണ്ണിക്കുന്നത്. അത് കണ്ട് കയ്യടിക്കുന്ന ജൂനിയേഴ്സ് അടക്കം പലരെയും ഞാൻ ആശ്ചര്യത്തോടുകൂടെ നോക്കിയിട്ടുണ്ട്.
അനുഭവസമ്പത്ത് കുറഞ്ഞ തങ്ങളുടെ സഹപ്രവർത്തകരെ ജൂനിയർ എന്ന് തരംതിരിക്കുകയും അതിൻറെ ഭാഗമായിട്ടുള്ള ചൂഷണങ്ങൾ കണ്ടില്ല എന്ന് നടിക്കുകയും പ്രതികരിച്ചാൽ സംഘം ചേർന്ന് ആക്രമിക്കുകയും കരിയർ തന്നെ അവസാനിപ്പിക്കുന്ന രൂപത്തിൽ എത്തിക്കുകയും ചെയ്യുന്ന പ്രവണത ഈ മേഖലയിൽ വളരെ വിസിബിൾ ആയിട്ടുണ്ട്. ഞങ്ങളെല്ലാം ഇത് അനുഭവിച്ചു വന്നതാണ് എന്നുള്ള സ്ഥിരം റാഗിംഗ് ന്യായം തന്നെയാണ് ഇതിനുള്ള മറുപടി ആയി പലപ്പോഴും പറയപ്പെടുന്നത്. കൊല്ലന്‍റെ ആലയിൽ ഏറ്റവും അടി കിട്ടുന്ന കത്തിയാണ് ഏറ്റവും മൂർച്ചയുള്ള കത്തി എന്നൊക്കെയുള്ള മെറ്റഫറുകൾ ഉപയോഗിച്ച് തങ്ങളുടെ ഈ പീഡനത്തെ ഗ്ലോറിഫൈ ചെയ്യാൻ വളരെ ആത്മവിശ്വാസമാണ് പല അഭിഭാഷകർക്കും. ഇന്ന് ഈ കണ്ട രീതിയിൽ പീഡനം അനുഭവിച്ച ആളുകളൊക്കെ നാളെ അവരുടെ ജൂനിയേഴ്സിനോടും ഇങ്ങനെ തന്നെ പെരുമാറും എന്നുള്ളതാണ് അതിലെ മറ്റൊരു വൈരുദ്ധ്യം.
ഒരു അഭിഭാഷകനെ വാർത്തെടുക്കുന്നതിൽ അയാൾ സീനിയർ ആയി കാണുന്ന ആളുടെ പങ്ക് വളരെ വലുതാണ്. തന്നെക്കാൾ മുകളിൽ ആയി പോകുമോ എന്നുള്ള ഭയം കൊണ്ട് ഇല്ലായ്മ ചെയ്തു കളയാൻ വേണ്ടി ശ്രമിക്കുന്നവരും ഈ കൂട്ടത്തിലുണ്ട്. ഞാൻ എൻറെ സ്വന്തം പൈസക്ക് ഓഫീസ് ഉണ്ടാക്കി എൻറെ സ്വന്തം കക്ഷികളോട് പണം മേടിച്ച്, അതെന്തിനാണ് ഈ പഠിക്കാൻ വന്ന ആളുകൾക്ക് കൊടുക്കേണ്ടത് എന്ന് സ്വാഭാവികമായും ചോദിക്കുന്നതിൽ ന്യായം ഉണ്ടെന്ന് ഒരു മറുഭാഗം കൂടി ഇതിലുണ്ട്. കൃത്യമായ ഓറിയന്റേഷൻ ലഭിക്കാത്തത് കൊണ്ട് തന്നെ നാലഞ്ചു കൊല്ലം എങ്കിലും ഒരാളുടെ കീഴിൽ ഈ "പട്ടിപ്പണി" എടുത്താലേ നിലനിന്നു പോകാൻ സാധിക്കുകയുള്ളൂ എന്നറിയാവുന്ന ഒരു ജൂനിയറിനെ സംബന്ധിച്ച് എത്ര സഹിക്കേണ്ടി വന്നാലും അത് സഹിച്ച് മുന്നോട്ടു പോകാൻ മാത്രമേ നിവൃത്തിയുള്ളൂ.
മറ്റു പല കോർപ്പറേറ്റ് മേഖലകളിലും എത്തിപ്പെടാൻ ശ്രമിച്ചാലും ഇതേ രീതിയിലുള്ള പ്രതിസന്ധികൾ അവിടെയും ഉണ്ട്. എൽഎൽബി പഠിച്ചിരിക്കുന്ന ഒരാളെ സംബന്ധിച്ച് അയാളുടെ തൊഴിൽ സാധ്യത മേഖല വളരെ കുറവാണ്. മാത്രവുമല്ല ഇതിലെ തൊഴിൽ വരുമാനത്തിന്റെ വിതരണം വളരെ വിചിത്രവുമാണ്. പലതരത്തിലുള്ള കീഴ്പെടലുകൾക്കും ഒത്തുതീർപ്പുകൾക്കും വഴങ്ങി അല്ലെങ്കിൽ ഏതെങ്കിലും പ്രിവിലേജ് കമ്മ്യൂണിറ്റിയുടെ ഭാഗമായിട്ടും ഒക്കെയുള്ളവർക്ക് മാത്രമേ ഇതിൽ ഒന്ന് പച്ച പിടിക്കാൻ സാധാരണ രീതിയിൽ സാധിക്കുകയുള്ളൂ. അതല്ലാതെ കടന്നു വന്നിട്ടുള്ളവർ കുറെയൊക്കെ ഭാഗ്യവും കഠിനാധ്വാനവും എല്ലാം തുണച്ചത് കൊണ്ടായിരിക്കണം രക്ഷപ്പെട്ടു വന്നിട്ടുള്ളത്.
നീതിദേവത കണ്ണു മൂടിയിട്ടാണെങ്കിലും കണ്ണ് തുറന്നിട്ടാണെങ്കിലും ഇവിടെ ജൂനിയർ അഭിഭാഷകർ എന്നറിയപ്പെടുന്നവർ വലിയ വിവേചനവും തൊഴിൽ ചൂഷണവും നേരിടുന്നുണ്ട് എന്നുള്ളത് എല്ലാവർക്കും അറിയപ്പെടുന്ന വസ്തുതയാണ്. അത് തുടരുകയും ചെയ്യും. സിസ്റ്റത്തിൽ കാര്യമായിട്ടുള്ള മാറ്റം കൊണ്ടുവരാൻ അധികാരികൾ ശ്രമിക്കാതെ ഇതിനൊരു ശാശ്വത പരിഹാരം ഒരിക്കലും ഉണ്ടാകാൻ പോകുന്നില്ല. പരിഹാരം എന്താണെന്ന് ചോദിച്ചാൽ അതൊരു ഒറ്റവരിയിൽ കുറിക്കാൻ സാധിക്കുകയുമില്ല.
Content Highlight: Difference Between Junior And Senior Advocates