പേരുമാറ്റിയാല്‍ മാറാത്ത യാഥാര്‍ഥ്യം; അരുണാചല്‍ പ്രദേശില്‍ ചൈന വീണ്ടും പ്രകോപനം തുടരുന്നതെന്തിന്?

ഇത്തവണയും ചൈനീസ് നീക്കത്തെ അസംബന്ധമെന്ന് പറഞ്ഞുതന്നെയാണ് ഇന്ത്യ തള്ളിക്കളഞ്ഞത്. പുതിയ പേരുനല്‍കിയതുകൊണ്ട് യാഥാര്‍ഥ്യം മാറില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

dot image

ങ്‌നാന്‍, അരുണാചല്‍ പ്രദേശിനെ ചൈന വിളിക്കുന്നത് ഇങ്ങനെയാണ്. അവരെ സംബന്ധിച്ചിടത്തോളം ദക്ഷിണ തിബറ്റിന്റെ ഭാഗമാണ് അരുണാചല്‍ പ്രദേശ്, അല്ലാതെ ഇന്ത്യയുടേതല്ല. അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങള്‍ക്ക് പുതിയ പേരുകള്‍ ഇടുന്നതും ആദ്യമായല്ല. 2024ലും സമാനമായി അരുണാചല്‍ പ്രദേശിലെ 30 സ്ഥലങ്ങള്‍ക്ക് പുതിയ പേരുകള്‍ നല്‍കുകയും പ്രത്യേക മാപ്പ് പുറത്തിറക്കുകയും ചെയ്തതാണ് ചൈന. അന്നേ ഈ നീക്കം ഇന്ത്യ തള്ളിക്കളയുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തതാണ്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ പരിധിയിലുള്ള അരുണാചല്‍ സംസ്ഥാനത്തേക്ക് ഇന്ത്യന്‍ പ്രധാനമന്ത്രിമാരോ, കേന്ദ്രമന്ത്രിമാരോ നടത്തുന്ന സന്ദര്‍ശനം പോലും ചൈനയ്ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കാറില്ല. എതിര്‍പ്പ് അറിയിച്ച് അവര്‍ ഉടന്‍ പ്രസ്താവന ഇറക്കുന്നത് പതിവാണ്. ഇത്തവണയും ചൈനീസ് നീക്കത്തെ അസംബന്ധമെന്ന് പറഞ്ഞുതന്നെയാണ് ഇന്ത്യ തള്ളിക്കളഞ്ഞത്. പുതിയ പേരുനല്‍കിയതുകൊണ്ട് യാഥാര്‍ഥ്യം മാറില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

അരുണാചല്‍ തങ്ങളുടേതാണെന്ന ചൈനയുടെ അവകാശവാദത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. വടക്കുകിഴക്കേ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമാണ് അരുണാചല്‍ പ്രദേശ്. തിബറ്റുമായും ഭൂട്ടാനുമായും മ്യാന്‍മറുമായും അതിര്‍ത്തി പങ്കിടുന്ന ഇന്ത്യന്‍ സംസ്ഥാനം. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയുടെ സംരക്ഷണ കവചം.അരുണാചല്‍ മുഴുവനായും ഞങ്ങളുടേതാണ് എന്ന് അവകാശം ഉന്നയിക്കുമ്പോഴും ചൈനയുടെ കണ്ണ് ഭൂട്ടാന്‍, തിബറ്റ് അതിര്‍ത്തിയിലുള്ള, അരുണാചലിന്റെ വടക്ക് പടിഞ്ഞാറന്‍ മേഖലയിലെ തവാങ് ജില്ലയിലാണ്. തിബറ്റിനും ബ്രഹ്‌മപുത്ര താഴ്വരയ്ക്കും ഇടയിലുള്ള ഇടനാഴിയിലെ നിര്‍ണായക പോയിന്റാണ് തവാങ്.

തവാങ്ങിലാണ് ലോകത്തെ രണ്ടാമത്തെ വലിയ തിബറ്റന്‍ ബുദ്ധ ആശ്രമമായ തവാങ് ഗണ്ടേന്‍ നംഗ്യാല്‍ ലാറ്റ്‌സെ ഉള്ളത്. ഈ ആശ്രമം ചൂണ്ടിക്കാട്ടിയാണ് തവാങ് തിബറ്റിന്റെ ഭാഗമാണെന്ന് ചൈന വാദിക്കുന്നത്. 59ല്‍ ചൈനീസ് സൈനികരുടെ കണ്ണുവെട്ടിച്ച് ദലൈലാമ അഭയം തേടുന്നത് തവാങ്ങിലാണ്. തവാങ് കൈപ്പിടിയിലൊതുക്കുകയാണെങ്കില്‍ വടക്കുകിഴക്കേ ഇന്ത്യയിലേക്ക് സുഗമമായി ചൈനയക്ക് പ്രവേശിക്കാനും ഇന്ത്യക്ക് നേരെ വെല്ലുവിളികള്‍ ഉയര്‍ത്താനും കഴിയും. തിബറ്റിലെ ജനങ്ങളുമായി സാംസ്‌കാരിക ബന്ധമുള്ള ചില ഗോത്രങ്ങള്‍ അരുണാചല്‍ പ്രദേശിന്റെ മുകള്‍ഭാഗത്തുമുണ്ട്.

ചതിയിലൂടെ തിബറ്റിനെ ചൈന കീഴടക്കിയ ചരിത്രം എല്ലാവര്‍ക്കും അറിയാവുന്നതാണ്. സാമ്രാജ്യത്വശക്തികളില്‍ നിന്ന് മോചിപ്പിക്കാന്‍ സഹായിക്കുകയാണെന്ന വ്യാജേനയാണ് സ്വയംഭരണ പ്രദേശമായിരുന്ന തിബറ്റില്‍ ചൈന ആധിപത്യം സ്ഥാപിക്കുന്നത് തന്നെ. ഇതോടെ തിബറ്റന്‍ ജനതയുടെ ആത്മീയ-രാഷ്ട്രീയ നേതാവായിരുന്ന ദലൈലാമയും ചൈനയും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ ആരംഭിച്ചു. ചെറുത്തുനില്‍ക്കാന്‍ തിബറ്റ് തീരുമാനിക്കുന്നതോടെ ചൈന തങ്ങളുടെ ആധിപത്യത്തിന്റെ കരുത്ത് എല്ലാതരത്തിലും കാണിച്ചുതുടങ്ങി. ജനതയെ നിയന്ത്രണത്തിലാക്കാന്‍ അവര്‍ ചൈന കണ്ട മാര്‍ഗം ഒന്നുകില്‍ അവരുടെ ദലൈലാമയെ വധിക്കുകയോ തടവിലാക്കുകയോ ആണ്. 59ല്‍ തിബറ്റുവിട്ട് ലാമ ഇന്ത്യയില്‍ അഭയം പ്രാപിക്കുന്നത്. അന്ന് പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു അദ്ദേഹത്തെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു. നേരത്തേ പറഞ്ഞ ഗോത്രവിഭാഗക്കാര്‍ മോന്‍പ ഗോത്ര വിഭാഗം തിബറ്റന്‍ ബുദ്ധമത അനുയായികളാണ് ഇവര്‍ തിബറ്റിന്റെ ചില ഭാഗങ്ങളിലുമുണ്ട്. ഇവരുടെ സാന്നിധ്യത്തെ ചൈന ഭയക്കുന്നുണ്ട്. ബെയ്ജിങ്ങിനെതിരെ ജനാധിപത്യ അനുകൂല തിബറ്റന്‍ പ്രസ്ഥാനത്തിലൂടെ ഇവര്‍ അഗ്നിപകരുമോ എന്നാണ് ചൈനയുടെ ആശങ്ക.

തന്നെയുമല്ല ഇന്ത്യ,ചൈന അതിര്‍ത്തിയിലുള്ള അരുണാചല്‍ പ്രദേശ് ഭൂമിശാസ്ത്രപരമായി നോക്കുകയാണെങ്കില്‍ തന്ത്രപ്രധാനമായ ഇടത്താണ് സ്ഥിതിചെയ്യുന്നത്. ഒരു സൈനിക മുന്നേറ്റമുണ്ടായാല്‍ ചൈനയിലേക്ക് മിസൈല്‍ ആക്രമണം നടത്താന്‍ ഇന്ത്യക്ക് സാധിക്കുക ഇവിടെ നിന്നാണ്. ചൈനയുടെ ആക്രമണത്തെ തടയുന്നതിനായി വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കാന്‍ കഴിയുന്നതും ഇവിടെയാണ്. അതുകൊണ്ടുതന്നെ അതിര്‍ത്തി തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന അത്രമേല്‍ സൗഹാര്‍ദത്തിലല്ലാത്ത രണ്ടുരാജ്യങ്ങളെന്ന രീതിയില്‍ നോക്കിയാല്‍ അരുണാചല്‍ കയ്യടക്കാനായാല്‍ തന്ത്രപരമായ മുന്‍തൂക്കം ചൈനയ്ക്ക് നേടാനാകും. അരുണാചല്‍ ഇന്ത്യയുടെ ഭാഗമാണെന്ന് ലോകം അംഗീകരിച്ചെങ്കിലും തങ്ങള്‍ അംഗീകരിക്കില്ലെന്ന കടുത്ത നിലപാടിലാണ് ഇപ്പോഴും ചൈന.

ഇന്ത്യയാകട്ടെ ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ റെയില്‍-റോഡ് വികസനവുമായി മുന്നോട്ടുപോകുന്നു. അതിര്‍ത്തിയില്‍ പട്രോളിങ്ങും ശക്തമാണ്. എന്നിട്ടുകൂടി അതിര്‍ത്തി കയ്യേറി ചൈന 101 വീടുകള്‍ നിര്‍മിച്ചു. ഇതിന്റെ സാറ്റലൈറ്റ് ചിത്രങ്ങളടക്കം പുറത്തുവന്നിരുന്നു. ഇന്ത്യയിലെ വടക്കുകിഴക്കന്‍ മേഖലയിലെ ജലവിതരണത്തില്‍ ചൈനയ്ക്ക് നിര്‍ണായക പങ്കാണ് ഉള്ളത്. ബ്രഹ്‌മപുത്രയിലും മേകോങ് നദികളിലും ചൈന കെട്ടിപ്പൊക്കുന്ന അണക്കെട്ടുകള്‍ വേണ്ടിവന്നാല്‍ ഇന്ത്യയില്‍ വെള്ളപ്പൊക്കവും വരള്‍ച്ചയും സൃഷ്ടിക്കാന്‍ കെല്‍പുള്ളവയാണ്. ഒരു ജലയുദ്ധത്തിനൊരുങ്ങിത്തന്നെയാണ് ചൈന നദികളില്‍ ഇത്രയും അണക്കെട്ടുകള്‍ കെട്ടിയുയര്‍ത്തുന്നത് എന്ന റിപ്പോര്‍ട്ടുകള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 2000-ല്‍, തിബറ്റിലെ അണക്കെട്ട് തകര്‍ന്ന് വടക്കുകിഴക്കന്‍ ഇന്ത്യയില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ 30 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും നൂറിലധികം പേരെ കാണാതാവുകയും ചെയ്തിരുന്നു. ഇന്ത്യ അനധികൃതമായി കയ്യടക്കുന്നത് വരെ അരുണാചല്‍ അവരുടെ പ്രദേശമാണെന്നാണ് ചൈന എന്നും വാദിക്കുന്നത്.

20-ാം നൂറ്റാണ്ടിന്റെ തുടക്കം മുതലുള്ളതാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം.1913-14 ഷിംല സിറ്റിങ്ങിലാണ് ബ്രിട്ടീഷ് ഇന്ത്യയുടെ വിദേശകാര്യസെക്രട്ടറി ഹെന്‍ട്രി മക് മഹോന്‍ മുന്‍കയ്യെടുത്തുണ്ടാക്കിയ മക്മഹോന്‍ രേഖ എന്നറിയപ്പെടുന്ന ഇന്ത്യ-ചൈന അതിര്‍ത്തി നിര്‍ണയം നടക്കുന്നത്. എന്നാല്‍ പിപ്പീള്‍സ് റിപ്പബ്ലിക് ചൈന ശക്തരാകുകയും തിബറ്റിനെ പിടിച്ചടക്കുകയും ചെയ്തതോടെ പുതിയ അതിര്‍ത്തി പുനര്‍നിര്‍ണയം ആവശ്യപ്പെട്ട് ചൈന പ്രശ്‌നങ്ങള്‍ ആരംഭിച്ചിരുന്നു. 1959ലാണ് അതിര്‍ത്തി പുനര്‍നിര്‍ണയം ആവശ്യപ്പെട്ട് ഇന്ത്യക്ക് കത്തെഴുതുന്നത്. 'ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍'എന്ന പദം ചൈനീസ് പ്രധാനമന്ത്രി ഷൗ എന്‍ലായ് ആദ്യമായി ഉപയോഗിക്കുന്നത് ആ കത്തിലാണ്. എന്നാല്‍ നെഹ്‌റു അതിനെ തള്ളിക്കളയുകയായിരുന്നു. മക്മഹോന്‍ രേഖ അംഗീകരിക്കാന്‍ തയ്യാറാകാതിരുന്ന ചൈന അരുണാചല്‍ പ്രദേശിലെ ചില ഭാഗങ്ങള്‍ ചൈനയുടേതാണ് എന്ന് അവകാശപ്പെട്ട് പുറത്തിറക്കിയ ഭൂപടം സ്ഥിതി വഷളാക്കിയിരുന്നു. 1962-ലെ ഇന്ത്യ-ചൈന യുദ്ധത്തിന് ശേഷം സമാധാനം പുനഃസ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ ഇരുരാജ്യങ്ങളും നിരവധി കരാറുകളില്‍ ഒപ്പുവച്ചെങ്കിലും അതിര്‍ത്തി തര്‍ക്കം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നുള്ളതാണ് സത്യം. പാക് അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ ഇന്ത്യ ലഘൂകരിച്ചുവരുമ്പോഴാണ് അങ്ങ് വടക്കുകിഴക്കുനിന്നും ചൈന പ്രകോപനങ്ങളുണ്ടാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നത്. എത്രകാലം ഈ പേരിടല്‍ കര്‍മം ചൈന തുടരുമെന്ന് കാത്തിരുന്നുതന്നെ കാണാം.

Content Highlights: Why China rakes up Arunachal Pradesh time and again

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us