
വിയറ്റ്നാം യുദ്ധകാലത്തെ ഏറ്റവും പ്രശസ്തമായ ചിത്രമാണ് 'നാപാം പെൺകുട്ടി'. മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന, യുദ്ധത്തിന്റെ ഭീകരത ചൂണ്ടിക്കാണിക്കുന്ന ചിത്രം ഇന്നും പ്രസക്തമായി തന്നെ തുടരുന്നു. ചിത്രം പകർത്തപ്പെട്ട് 53 വർഷങ്ങൾക്ക് ശേഷം, ആരാണ് ആ ഫോട്ടോ എടുത്തതെന്ന കാര്യത്തിൽ അനിശ്ചിതത്വം ഉണ്ടായിരിക്കുകയാണ്.
ഇന്നുവരെ നാം കണ്ടതും പഠിച്ചതും അറിഞ്ഞതുമെല്ലാ 'നാപാം പെൺകുട്ടി' പകർത്തിയത് വിയറ്റ്നാംകാരനായ നിക്ക് ഉട്ട് ആണെന്നാണ്. എന്നാൽ വിശ്വവിഖ്യാതമായ 'നാപാം പെൺകുട്ടി'യുടെ ഫോട്ടോഗ്രാഫർ എന്ന സ്ഥാനത്ത് നിന്ന് നിക്ക ഉട്ടിനെ താൽകാലികമായി മാറ്റുന്നതായി വേൾഡ് പ്രസ് ഫോട്ടോ അറിയിച്ചു.
1972ൽ വിയറ്റ്നാം യുദ്ധകാലത്ത് 'യുദ്ധത്തിന്റെ ഭീകരത' എന്ന തലക്കെട്ടോടെ ലോകത്തിന് മുൻപിലെത്തിയ ചിത്രത്തിനടിയിൽ ഇനി 'Unknown' എന്ന് രേഖപ്പെടുത്തും. അസോസിയേറ്റഡ് പ്രസിന്റെ യുവ ഫോട്ടോഗ്രാഫറായ ഹുൻ കോങ് നിക്ക് ഉട്ടിന്റേതാണ് ഈ ചിത്രം എന്നതായിരുന്നു നിലവിലുണ്ടായിരുന്ന അവകാശവാദം. എന്നാൽ സൺലാൻഡ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച 'ദി സ്ട്രിങ്ങർ' എന്ന ഡോക്യുമെന്ററി പുറത്തുവന്നതോടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് നിക്ക് ഉട്ടിന്റെ പേര് നീക്കം ചെയ്യാൻ തീരുമാനമായത്. 1972 ജൂൺ എട്ടിന് ഫോട്ടോ പകർത്തിയത് മറ്റൊരു ഫോട്ടോഗ്രാഫറാണെന്നും, നിക്ക് ഉട്ടിന്റേത് തെറ്റായ അവകാശമായിരുന്നുവെന്നുമാണ് 'ദി സ്ട്രിങ്ങർ' എന്ന ഡോക്യുമെന്ററിയിൽ വ്യക്തമാക്കുന്നത്.
പാരിസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗവേഷണ ഗ്രൂപ്പായ ഇൻഡെക്സിന്റെ (INDEX) ദൃശ്യ വിശകലനത്തിന്റെ പിന്തുണയോടെയാണ് 'ദി സ്ട്രിങ്ങർ' തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ പ്രധാനമായും ചിത്രത്തിന്റെ ഫോട്ടോഗ്രാഫർ ആര് എന്നതിനെക്കുറിച്ച് സംശയങ്ങൾ ഉയർത്തുന്നു. നാപാം പെൺകുട്ടി എന്ന ചിത്രം അസോസിയേറ്റഡ് പ്രസിന്റെ സ്ട്രിങ്ങറായ നുയെൻ തൻ (Nguyn Thành Ngh) എടുത്തതായിരിക്കാനുള്ള സാധ്യതയും തെളിവുകളും ഡോക്യുമെന്ററിയിൽ വ്യക്തമാക്കുന്നുണ്ട്. 2025 ജനുവരി മുതൽ മെയ് മാസം വരെ നടത്തിയ ഇൻഹൗസ് വിശകലനത്തിൽ ഫോട്ടോ എടുത്ത സ്ഥലം, സമയം, ഉപയോഗിച്ച ക്യാമറ എന്നിവയെ അടിസ്ഥാനപ്പെടുത്തുമ്പോൾ ചിത്രം നുയെൻ തൻ അല്ലെങ്കിൽ ഹ്വെൻ കോൻ ഫൂക്കോ എന്നിവരിൽ ആരെങ്കിലും എടുത്തതാകാമെന്ന നിഗമനത്തിൽ എത്തിയിരുന്നു.
തന്റെ 21-ാമത്തെ വയസിൽ നിക്ക് ഉട്ടാണ് ചിത്രം പകർത്തിയതെന്ന് എപിയുടെയും ഉട്ടിന്റെയും വളരെക്കാലമായുള്ള വാദമാണ്. 1973ൽ തന്നെ ചിത്രത്തിന് വേൾഡ് പ്രസ് ഫോട്ടോ ഓഫ് ദി ഇയർ അവാർഡ് ലഭിക്കുകയും ഉട്ടിനെ ആദരണീയനായ ഫോട്ടോ ജേർണലിസ്റ്റായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. നിലവിൽ ഫോട്ടോഗ്രാഫർ ആരെന്ന കാര്യത്തിൽ തർക്കമുണ്ടെങ്കിലും നിക്ക് ഉട്ട് അല്ല ഫോട്ടോ എടുത്തതെന്ന് തെളിയിക്കാൻ സാധിക്കാത്തതിനാൽ ക്രെഡിറ്റ് അദ്ദേഹത്തിന് തന്നെയായിരിക്കും.
2025 ജനുവരിയിൽ 'ദി സ്ട്രിങ്ങർ' എന്ന ഡോക്യുമെന്ററി പ്രദർശനത്തിന് ശേഷം സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ, 'നാപാം പെൺകുട്ടി' എന്ന ചിത്രം പകർത്തിയത് താനാണെന്ന് നുയെൻ തൻ അവകാശപ്പെട്ടിരുന്നു.
''1972 ജൂൺ 8നാണ് ആ ചിത്രം ക്യാമറയിൽ പകർത്തിയത്. ഞാൻ എൻബിസി വാർത്താസംഘത്തിനൊപ്പമാണ് ട്രാങ് ബാങ് നഗരത്തിലെത്തിയത്. അവിടെ വച്ചാണ് നിലവിളിച്ചുകൊണ്ട് ഓടുന്ന 9 വയസ് മാത്രമുള്ള കിം ഫുക്കിനെ ക്യാമറയിൽ പകർത്തിയത്. പിന്നീട് ആ ചിത്രം 20 ഡോളറിന് അമേരിക്കൻ വാർത്താ ഏജൻസിയായ അസോസിയേറ്റ് പ്രസിന് വിൽക്കുകയായിരുന്നു.'' നുയെൻ തൻ വ്യക്തമാക്കി.
അന്ന് സ്ട്രിങ്ങർക്ക് പണം കൊടുത്ത് വാങ്ങിയ ആ ചിത്രം എപിയുടെ ഫോട്ടോഗ്രാഫർ നിക്ക് ഉട്ടിന്റേതാണെന്ന് പ്രചരിപ്പിക്കാൻ തനിക്ക് നിർദേശമുണ്ടായിരുന്നതായി എപിയുടെ അന്നത്തെ ഫോട്ടോ എഡിറ്ററായ കാൾ റോബിൻസൺ ഡോക്യുമെന്ററിയിൽ പറയുന്നുണ്ട്.
ദി ടെറർ ഓഫ് വാർ (നാപാം പെൺകുട്ടി)
20-ാം നൂറ്റാണ്ടിൽ പകർത്തിയ ചിത്രങ്ങളിൽ ലോക ശ്രദ്ധ നേടിയ 100 ചിത്രങ്ങളെടുത്താൽ 41-ാം സ്ഥാനത്താണ് 'നാപാം പെൺകുട്ടി'. വിയറ്റ്നാമിലെ ഗ്രാമത്തിലുണ്ടായ നാപാം ബോംബാക്രമണത്തിൽ നിന്നും രക്ഷപ്പെട്ട് ഓടുന്ന കിം ഫുക്ക് എന്ന 9 വയസുകാരിയുടെ ചിത്രമാണ് 'നാപാം പെൺകുട്ടി'. ഈ ചിത്രത്തിലൂടെ ലോക പ്രശസ്തനായ നിക്ക് ഉട്ട് ഏതാനും വർഷം മുമ്പ് കേരളത്തിലും സന്ദർശനം നടത്തിയിരുന്നു.
Content Highlights: 'World Press Photo' change Nick ut's credit in world famous Napalm Girl Pic