
തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥനെതിരായ കൈക്കൂലി ആരോപണത്തില്‍ പ്രതികരണവുമായി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇ ഡിയില്‍ അധികവും സഖാക്കളാണ് എന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. ഇ ഡിയിലെ ഉദ്യോഗസ്ഥര്‍ കേസില്‍ പെടുന്നത് വലിയ സംഭവമല്ലെന്നും നിരവധി പൊലീസുകാരും കേസുകളില്‍ കുടുങ്ങുന്നുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഇ ഡിയിലെ ഉദ്യോഗസ്ഥന്മാര്‍ കേസില്‍പ്പെടുന്നതൊക്കെ വലിയ സംഭവമാണോ? കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥന്മാര്‍ എത്ര കേസുകളില്‍ പ്രതികളാകുന്നുണ്ട്. ആരോപണം ശരിയാണോ അല്ലയോ എന്ന് പൊലീസ് അന്വേഷിച്ച് കണ്ടെത്തട്ടെ. അതിനു മുന്‍പ് വിഷയത്തില്‍ അഭിപ്രായം പറയുന്നത് ശരിയല്ല. ഇഡി ഉദ്യോഗസ്ഥന്മാരെല്ലാം ഹരിശ്ചന്ദ്രന്‍മാരാണ് എന്ന അഭിപ്രായം എനിക്കില്ല. കസ്റ്റംസിലും ഇ ഡിയിലുമൊക്കെ അധികവും സഖാക്കളാണ്'- കെ സുരേന്ദ്രന്‍ പറഞ്ഞു.
ഇ ഡിയുടെ കൊച്ചി ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥനാണ് കൈക്കൂലി കേസില്‍ കുടുങ്ങിയത്. കൊല്ലത്തെ കശുവണ്ടി വ്യവസായിയുടെ പേരിലുളള കേസ് ഒഴിവാക്കാന്‍ രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിലാണ് ഇ ഡി കൊച്ചി യൂണിറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍കുമാറിനെ ഒന്നാംപ്രതിയാക്കി വിജിലന്‍സ് കേസെടുത്തത്. സംഭവത്തിൽ രണ്ടുലക്ഷം രൂപ കൈക്കൂലിയായി കൈപ്പറ്റുന്നതിനിടെ രണ്ടുപേരെ നേരത്തെ വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യംചെയ്തതിലാണ് ഉന്നത ഉദ്യോഗസ്ഥനിലേക്ക് അന്വേഷണം എത്തിയത്. നേരത്തെ കൊടകര കള്ളപ്പണ കേസ് അന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് ശേഖർ കുമാറിൻ്റെ നേതൃത്വത്തിലായിരുന്നു.
നെടുമങ്ങാട് സ്വദേശിയായ ബിന്ദുവിനോട് പൊലീസ് നടത്തിയ ക്രൂരതയെക്കുറിച്ചും കെ സുരേന്ദ്രന്‍ പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് പോലും ബിന്ദുവിനെ അപമാനിച്ചുവെന്നും ദളിത് പ്രേമവും സ്ത്രീ വിമോചനവുമൊക്കെ എവിടെയാണെന്നും അദ്ദേഹം ചോദിച്ചു. ഏപ്രില്‍ 23-ന് ബിന്ദു എന്ന യുവതി ജോലിക്കുനിന്ന വീട്ടില്‍ നിന്ന് സ്വര്‍ണമാല കാണാതായിരുന്നു. വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ ബിന്ദുവിനെ കസ്റ്റഡിയിലെടുത്ത പൊലീസ് 'മാലയെവിടെടി' എന്ന് ആക്രോശിക്കുകയും വിവസ്ത്രയാക്കി പരിശോധന നടത്തുകയും ചെയ്തു. മക്കളെ കേസില്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതി നല്‍കാന്‍ ചെന്നപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് മോശം അനുഭവമാണ് ഉണ്ടായതെന്നും ബിന്ദു ആരോപിച്ചിരുന്നു. സംഭവത്തില്‍ പേരൂര്‍ക്കട പൊലീസ് സ്‌റ്റേഷനിലെ എസ് ഐ പ്രസാദിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ വസ്ത്രവ്യാപാര ശാലയിലുണ്ടായ തീപിടുത്തത്തില്‍ കോര്‍പ്പറേഷനെ പ്രതിചേര്‍ത്ത് കേസെടുക്കണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. തീപ്പിടുത്തമുണ്ടായിട്ടും ആരും മിണ്ടുന്നില്ലെന്നും ഭരണസംവിധാനം ആകെ തകര്‍ന്നിരിക്കുകയാണെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. നഗരത്തില്‍ 2007 മുതല്‍ പതിനഞ്ചിലധികം തീപ്പിടുത്തങ്ങളുണ്ടായി. മെഡിക്കല്‍ കോളേജ് തീപ്പിടുത്തത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് എന്താണെന്ന് പോലും പറയുന്നില്ല. കലാപരിപാടിവെച്ച് ആളെ കൂട്ടുന്ന തിരക്കിലാണ് മുഖ്യമന്ത്രി'- കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് പുതിയ ബസ് സ്റ്റാൻഡിന് സമീപമുളള വസ്ത്രവ്യാപാര ശാലയിൽ തീപിടിത്തമുണ്ടായത്. കട തുറന്നുപ്രവർത്തിച്ചിരുന്നു. നിരവധിയാളുകൾ കെട്ടിടത്തിലുണ്ടായിരുന്നു. തീപടരാൻ തുടങ്ങിയതോടെ എല്ലാവരെയും ഒഴിപ്പിക്കുകയായിരുന്നു. ഒന്നാം നിലയിലും രണ്ടാം നിലയിലും മുഴുവൻ തീ പടർന്നു. കെട്ടിടത്തിനകത്തുളള വസ്ത്രങ്ങൾ കത്തി താഴേക്ക് വീണു. തീ മണിക്കൂറുകളോളം കത്തിയതോടെ നഗരത്തിൽ മുഴുവൻ കറുത്ത പുക പടർന്നു. നഗരത്തിൽ ഗതാഗതക്കുരുക്കും ഉണ്ടായി. തീപിടിത്തമുണ്ടായി അഞ്ചുമണിക്കൂർ കഴിഞ്ഞാണ് തീ നിയന്ത്രണവിധേയമാക്കാനായത്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുളള പ്രത്യേക ഫയർ എഞ്ചിനടക്കം സ്ഥലത്തെത്തിച്ചിരുന്നു. ഇതുൾപ്പെടെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ 14 യൂണിറ്റ് ഫയർഫോഴ്‌സ് സംഭവസ്ഥലത്തെത്തിയിരുന്നു.
Content Highlights: most of the people working in enforcement directorates are comrades says k surendran