
കുവൈത്ത് സിറ്റി: കുവൈത്തിൽ ശക്തമായ പൊടിക്കാറ്റ് തുടരുന്നു. കഴിഞ്ഞ ദിവസം മുതൽ പകൽ മുഴുവൻ പൊടിനിറഞ്ഞ അന്തരീക്ഷമായിരുന്നു. പൊടി നിറഞ്ഞ് മുന്നോട്ടുള്ള കാഴ്ച്ച കുറഞ്ഞത് കാൽനടയാത്രക്കാരെയും വാഹനങ്ങളെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കിയിരുന്നു. വരും ദിവസങ്ങളിലും പൊടിക്കാറ്റ് തുടരാൻ സാധ്യതയുണ്ടെന്നാണ് കുവൈത്ത് കാലാവസ്ഥാ വിഭാഗം തരുന്ന സൂചന.
കടലിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ട്. കാലാവസ്ഥയ്ക്കനുസരിച്ച് മുൻകരുതലുകൾ സ്വീകരിക്കാൻ അധികൃതർ മുന്നറിയിപ്പ് നൽകി. ഈ മാസം അവസാനം വരെ പൊടിക്കാറ്റ് തുടരുമെന്നാണ് വിവരം. കാലാവസ്ഥാ വകുപ്പിൻ്റെ ആപ്ലിക്കേഷൻ മുഖേനയോ സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമുകൾ വഴിയോ ഇതുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ അറിയാം.
ഈ വർഷം കുവൈത്തിലുണ്ടായ പൊടിക്കാറ്റുകൾക്ക് കാരണം കാലാവസ്ഥാപരവും ഭൂമിശാസ്ത്രപരവുമായ ഘടകങ്ങളാണെന്ന് കാലാവസ്ഥാ നീരീക്ഷകൻ ഈസ റമദാൻ അഭിപ്രായപ്പെട്ടു. 2024ലെ ശൈത്യകാലത്തും 2025ലെ വസന്തകാലത്തും ഉണ്ടായ വരൾച്ചയും, മഴ വൈകിയതുമാണ് ഇതിൽ പ്രധാനം. ഇത് മരുപ്രദേശങ്ങളിലെ സസ്യവളർച്ചയെ ബാധിച്ചു. മണൽ ഒഴുകിനീങ്ങുന്നതിനും കാറ്റിൽ പൊടിപടലങ്ങൾ കൂടാനും ഇത് കാരണമായി.
Content Highlight: Dust Storm Sweeps Across Kuwait