
'രാജ്യദ്രോഹി, ചതിയന്‍, ദേശദ്രോഹി…ഇന്ത്യക്ക് മികച്ച ബ്യൂറോക്രാറ്റ്സിന്റെ കുറവുണ്ട്, ഉദ്യോഗസ്ഥനായാല്‍ നട്ടെല്ല് വേണം…'ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി യുദ്ധവെറിയരുടെ ശത്രുവായത് നിമിഷങ്ങള്‍ക്കുള്ളിലാണ്. മിസ്രിയും മിസ്രിയുടെ കുടുംബവും അവര്‍ക്ക് ശത്രുക്കളായി. മിസ്രിയുടെയും മകളുടെയും പൗരത്വത്തെ അവര്‍ ചോദ്യം ചെയ്തു. റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് വേണ്ടി മിസ്രിയുടെ മകള്‍ ചെയ്ത നിയമസഹായം ചൂണ്ടിക്കാട്ടി അധിക്ഷേപം തുടര്‍ന്നു. യുദ്ധ മിസൈലുകളേക്കാള്‍ വേഗതയില്‍ പതിച്ച വാക്ശരങ്ങള്‍ ഏല്ക്കാനാകാതെ ഒടുവില്‍ മിസ്രിക്ക് സ്വന്തം അക്കൗണ്ട് ലോക്ക് ചെയ്യേണ്ടി വന്നു. ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ പോലെ നയതന്ത്രതലത്തില്‍ എടുക്കുന്ന ഒരു വലിയ തീരുമാനം ഒരിക്കലും വിദേശ കാര്യ സെക്രട്ടറിയല്ല രാജ്യം ഭരിക്കുന്ന സര്‍ക്കാര്‍ എടുക്കുന്നതാണെന്നിരിക്കെയാണ് വെടിനിര്‍ത്തല്‍ തീരുമാനം ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തവര്‍ മിസ്രിക്കെതിരെ തിരിയുന്നത്. അതിനേക്കാള്‍ ഖേദകരം വിദേശകാര്യ സെക്രട്ടറിയെ പ്രതിരോധിച്ച് ബിജെപി സര്‍ക്കാരോ, കേന്ദ്രമന്ത്രിമാരോ രംഗത്തെത്തിയില്ല എന്നുള്ളതാണ്. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ തന്റെ പദവിയിലിരുന്നുകൊണ്ട് പ്രഖ്യാപിക്കുക മാത്രമാണ് മിസ്രി ചെയ്തത്.
ആരാണ് മിസ്രി?
കശ്മീരിലെ ശ്രീനഗറില്‍ ജനിച്ച മൂന്ന് പ്രധാനമന്ത്രിമാര്‍ക്കൊപ്പം പ്രവര്‍ത്തിച്ച മിടുക്കനായ ഉദ്യോഗസ്ഥന്. 1989 ബാച്ചിലെ ഐഎഫ്എസ് ഉദ്യോഗസ്ഥനായ മിസ്രി 2024 ജൂലൈ 15-നാണ് 35-ാം വിദേശ്യകാര്യ സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നത്. ദൗത്യങ്ങളുമായി യൂറോപ്പിലും ആഫ്രിക്കയിലും ഏഷ്യയിലും വടക്കേ അമേരിക്കയിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള മിസ്രി മുന്‍ വിദേശകാര്യ മന്ത്രിമാരായിരുന്ന ഐകെ ഗുജ്റാളിന്റെയും പ്രണബ് മുഖര്‍ജിയുടെയും കീഴില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മുന്‍പ്രധാനമന്ത്രിമാരായ ഐകെ ഗുജ്റാളിന്റെയും മന്മോഹന് സിങ്ങിന്റെയും പ്രൈവറ്റ് സെക്രട്ടറിയായും മിസ്രി പ്രവര്‍ത്തിച്ചിട്ടുണ്ട്. ശ്രീലങ്കയില്‍ ഇന്ത്യന്‍ ഡെപ്യൂട്ടി കമ്മിഷണറും, മ്യൂണിച്ചില്‍ ഇന്ത്യന്‍ കോണ്‍സുല്‍ ജനറലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2014ല്‍ സ്പെയിന്, 2016ല്‍ മ്യാന്മര്, 2019-21 ചൈന എന്നിവിടങ്ങളില്‍ അംബാഡറായിരുന്നു മിസ്രി.
രാജ്യത്തിന്റെ ക്ഷേമത്തിനും താല്പര്യങ്ങള്ക്കും വേണ്ടി നിലകൊള്ളുന്ന ആത്മസമര്‍പ്പണത്തോടെ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരുടെ ആത്മവീര്യത്തെ കെടുത്തുന്നതാണ് ഇത്തരം വിദ്വേഷ പ്രചാരണങ്ങള്‍. ഇന്ന് മിസ്രിയാണെങ്കില് നാളെ തങ്ങള്‍ക്ക് ഹിതമല്ലാത്തത് പറയുന്ന മറ്റൊരാള്‍. '2011ല്‍ വിദേശകാര്യ സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ച നിരുപമ മേനോന് റാവു തല്‍ ഇങ്ങനെ പോസ്റ്റ് ചെയ്തു: ''ഇന്ത്യ-പാകിസ്ഥാന് വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന്റെ പേരില്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയെയും കുടുംബത്തെയും പരിഹസിക്കുന്നത് തികച്ചും ലജ്ജാകരമാണ്. ഇന്ത്യയെ പ്രൊഫഷണലിസത്തോടും ദൃഢനിശ്ചയത്തോടും കൂടി സേവിച്ച ആത്മസമര്‍പ്പണമുള്ള ഉദ്യോഗസ്ഥനാണ് മിസ്രി. അദ്ദേഹത്തെ അധിക്ഷേപിക്കാന്‍ ഒരു കാരണവുമില്ല. മകളെ അപമാനിക്കുന്നതും പ്രിയപ്പെട്ടവരെ അധിക്ഷേപിക്കുന്നതും മാന്യതയുടെ എല്ലാ അതിരുകളെയും ലംഘിക്കുന്നു. ഈ വിഷലിപ്തമായ വിദ്വേഷം അവസാനിപ്പിക്കണം - നമ്മുടെ നയതന്ത്രജ്ഞരുടെ പിന്നില്‍ ഒറ്റക്കെട്ടായി നില്ക്കുക, അവരെ തകര്‍ക്കരുത്.' 2011ല്‍ വിദേശകാര്യ സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ച നിരുപമ മേനോന് റാവു എക്സില്‍ കുറിച്ചത് ഇങ്ങനെയാണ്.
തങ്ങളുടെ കടമ സത്യസന്ധമായി നിര്‍വഹിക്കുന്ന പൊതുജന സേവകര്‍ക്കും കുടുംബത്തിനുമെതിരായ അനാവശ്യമായ സൈബര്‍ ആക്രമണത്തെ ശക്തമായി അപലപിച്ചുകൊണ്ടാണ് ഐഎഎസ് ഓഫീസേഴ്സ് അസോസിയേഷന് മിസ്രിക്ക് പിന്തുണ പ്രഖ്യാപിച്ചത്. അസോസിയേഷന് മാത്രമല്ല 1989 ബാച്ചിലെ ഇന്ന് കേന്ദ്ര സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സിവില്‍ സെര്‍വന്റ്സും അദ്ദേഹത്തിന് പിന്തുണ അര്‍പ്പിച്ചു. രാജ്യത്തെ പ്രമുഖ വ്യക്തികളും അസാദുദ്ദീന്‍ ഒവൈസിയും ശശി തരൂരും അഖിലേഷ് യാദവും ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും അദ്ദേഹത്തെ പിന്തുച്ച് രംഗത്തെത്തി. ഇത്തരത്തില്‍ അനാവശ്യമായ പോസ്റ്റുകള്‍ ഇടുന്നവര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കുമെന്ന് പ്രഖ്യാപിച്ച് സര്‍ക്കാര്‍ രംഗത്ത് എത്താതിനെ വിമര്‍ശിച്ചും ചോദ്യംചെയ്തും സമാജ്വാദി പാര്‍ട്ടി മേധാവി അഖിലേഷ് യാദവും സൈബര്‍ അറ്റാക്കിനെ അപലപിച്ച് സച്ചിന് പൈലറ്റും രംഗത്തുവന്നു.
മിസ്രി മാത്രമല്ല പഹല്‍ഗാം ആക്രമത്തില്‍ ഭര്‍ത്താവിനെ നഷ്ടപ്പെട്ട ഹിമാന്‍ഷി നര്‍വാളിനും നേരിടേണ്ടി വന്നത് സമാനമായ സൈബര്‍ ആക്രമണമാണ്. വിദ്വേഷം പ്രചരിപ്പിച്ച് അക്രമത്തിന് ആഹ്വാനം ചെയ്യരുതെന്ന് പ്രസ്താവിച്ചതിന്റെ പേരിലാണ് ഹിമാന്‍ഷി ഭര്‍ത്താവ് നഷ്ടപ്പെട്ട നവവധുവിനെ ചേര്ത്തുപിടിച്ചവരാല് തന്നെ സൈബറിടത്തില്‍ ആക്രമിക്കപ്പെട്ടത്.'ദേശീയത' എന്ന വികാരം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ഇത്തരം വിദ്വേഷപ്രചാരണങ്ങള്‍ക്ക് ഒരുപക്ഷം മുതിരുന്നതെന്നത് ഖേദകരമാണ്. പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടിയിലെ ഒരു നേതാവ് അഭിപ്രായപ്പെട്ടതുപോലെ വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്ന ഈ കപട ദേശീയത ഇന്ത്യ നേരിടുന്ന ഒരു ഭീഷണി തന്നെയാണ്. നമ്മെ അവസാനിപ്പിക്കുന്നതിന് മുന്‍പ് ആ ജീര്‍ണത നമ്മള് അവസാനിപ്പിക്കേണ്ടതുണ്ട്. മിസ്രിക്കെതിരായ സൈബര്‍ ആക്രമണം കണ്ണു തുറപ്പിക്കുന്നതാണ്. യുദ്ധവെറിയും വിദ്വേഷ പ്രചരണവും മാത്രമല്ല ഈ സൈബര്‍ അറ്റാക്ക് ഉയര്‍ത്തിക്കാട്ടുന്നത്. സംസ്കാര സമ്പന്നരായ ഇന്ത്യക്കാര്‍ക്കില്ലാത്ത ഡിജിറ്റല്‍ സാക്ഷരതയുടെ, ഡിജിറ്റല്‍ സംസ്കാരത്തിന്റെ അഭാവം കൂടിയാണ്.
Content Highlights: Online abuse against Vikram Misri and his daughter