
ഇസ്ലാമാബാദ്: ഇന്ത്യയുമായുളള സംഘർഷത്തിൽ വലിയ തിരിച്ചടി നേരിട്ടതിന് പിന്നാലെ പാകിസ്താൻ ഉപപ്രധാനമന്ത്രി ഇഷഖ് ധർ ചൈനയിലേക്ക്. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി ചർച്ചകൾ നടത്താനാണ് ഇഷഖ് ധർ പോകുന്നത്.
പ്രതിനിധി സംഘത്തിന്റെ അകമ്പടിയോടെയാണ് ഉപപ്രധാനമന്ത്രിയുടെ യാത്ര. ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താന് കനത്ത നാശനഷ്ടം ഉണ്ടായതിന് പിന്നാലെയാണ് ഈ യാത്ര എന്നതും പ്രധാനമാണ്. ചൈന പാകിസ്താൻ നയതന്ത്ര ബന്ധം, സാമ്പത്തിക ചർച്ചകൾ, പ്രതിരോധ സഹകരണം, മേഖലയിലെ സുരക്ഷ എന്നിവ ഇരു രാജ്യങ്ങളും ചർച്ചചെയ്തേക്കും. ചൈനയിലെത്തുന്ന അഫ്ഘാനിസ്ഥാൻ വിദേശകാര്യ മന്ത്രിയുമായും ധർ ചർച്ച നടത്തും.
ഇത്തരത്തിൽ അന്താരാഷ്ട്ര പിന്തുണ ഉറപ്പിക്കാൻ പാടുപെടുന്നതിനിടെ സാമ്പത്തിക സഹായം നല്‍കുന്നതില്‍ പാകിസ്താനുമേല്‍ ഉപാധികള്‍ മുന്നോട്ടുവെച്ച് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്). പാകിസ്താന് 11 കര്‍ശന ഉപാധികളാണ് ഐഎംഎഫ് മുന്നോട്ടുവെച്ചിരിക്കുന്നത്. വാര്‍ഷിക ബജറ്റ് 17,60,000 കോടിയായി ഉയര്‍ത്തണമെന്നാണ് പ്രധാന ആവശ്യം. ഇതില്‍ 1,07,000 കോടി വികസനപ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവയ്ക്കണമെന്നും നിര്‍ദേശമുണ്ട്. ഇന്ത്യയുമായുളള സംഘര്‍ഷം വര്‍ധിച്ചാല്‍ അത് ധനസഹായത്തെ ബാധിക്കുമെന്നും ഐഎംഎഫ് വ്യക്തമാക്കി. ഇതോടെ ധനസഹായം നല്‍കാനായി ഐഎംഎഫ് പാകിസ്താനു മുന്നില്‍ വയ്ക്കുന്ന ഉപാധികള്‍ അമ്പതായി.
നേരത്തെ പാകിസ്താന് പ്രഖ്യാപിച്ച ധനസഹായത്തിന്റെ അടുത്ത ഗഡു നല്‍കുന്നതിനായാണ് രാജ്യാന്തര നാണയനിധി പുതിയ 11 നിബന്ധനകള്‍ കൂടി മുന്നോട്ടുവെച്ചത്. വൈദ്യുതി സബ്‌സിഡി ഉള്‍പ്പെടെ സാമ്പത്തിക ബാധ്യത വരുത്തുന്ന സൗജന്യങ്ങള്‍ കുറയ്ക്കണം, സാമ്പത്തിക രംഗത്തെ ദീര്‍ഘകാല പരിഷ്‌കാരങ്ങള്‍ക്കായി മാര്‍ഗരേഖ പുറത്തിറക്കണം, നാല് പ്രവിശ്യകളിലും ആദായനികുതി നിയമം പരിഷ്‌കരിക്കണം, മൂന്നുവര്‍ഷത്തിലേറെ പഴക്കമുളള കാറുകളുടെ ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കണം എന്നിവയാണ് ഐഎംഎഫിന്റെ പ്രധാന നിര്‍ദേശങ്ങള്‍.
പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്താന് ധനസഹായം നല്‍കുന്നത് നിര്‍ത്തലാക്കാന്‍ ഇന്ത്യ ഐഎംഎഫിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യയുടെ എതിര്‍പ്പ് മറികടന്ന് ഐഎംഎഫ് തുക അനുവദിച്ചു. അതിനുപിന്നാലെയാണ് പുതുതായി 11 ഉപാധികള്‍ കൂടി മുന്നോട്ടുവെച്ചിരിക്കുന്നത്. ഐഎംഎഫിന്റെ സഹായം ലഭിച്ചില്ലെങ്കില്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്താന്റെ നിലനില്‍പ്പുതന്നെ പ്രതിസന്ധിയിലാകും.
Content Highlights: Pak deputy pm to visit china