
'നിങ്ങൾക്ക് ഈ പാർട്ടിയെക്കുറിച്ച് ഒരു ചുക്കും അറിയില്ല' എന്ന പിണറായി വിജയന്റെ ഏറെ പ്രസിദ്ധമായ പ്രസ്താവനയെ അടിവരയിടുന്നതാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി നിയമനം. കഴിഞ്ഞ കാൽനൂറ്റാണ്ട് കാലത്തെ സിപിഐഎമ്മിന്റെ രാഷ്ട്രീയ ചരിത്രം ബോധ്യമുള്ള ഒരാളും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ പ്രദീപ് കുമാറിനെ നിയോഗിക്കുമെന്ന് സ്വപ്നത്തിൽ പോലും സങ്കല്പിച്ചിട്ടുണ്ടാകില്ല. അതിനാൽ തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായി എ പ്രദീപ് കുമാറിനെ നിയമിക്കാനുള്ള സിപിഐഎമ്മിന്റെ തീരുമാനം 'നിങ്ങൾക്ക് ഈ പാർട്ടിയെക്കുറിച്ച് ഒരു ചുക്കും അറിയില്ലെന്ന്' പിണറായി വിജയൻ മാധ്യമങ്ങളോട് നടത്തിയ പ്രഖ്യാപനത്തെ വീണ്ടും ഓർമ്മപ്പെടുത്തുന്നത്.
1990കളുടെ അവസാനം ആരംഭിച്ച് 2000ത്തിന്റെ ആദ്യ ഒന്നര ദശകങ്ങളിൽ ആളിക്കത്തി പിന്നീട് കെട്ടടങ്ങിയ സിപിഐഎമ്മിലെ വിഭാഗീയതയുടെ കാലത്ത് കടുത്ത വി എസ് പക്ഷക്കാരൻ എന്നറിയപ്പെട്ടിരുന്ന യുവ നേതാവായിരുന്നു എ പ്രദീപ് കുമാർ. പിണറായി- വി എസ് വിഭാഗങ്ങൾ രണ്ട് കേഡർ പക്ഷങ്ങളായി തിരിഞ്ഞ് പാർട്ടിയിൽ ഉൾപാർട്ടി സമരം നടത്തിയപ്പോൾ വി എസ് പക്ഷത്തിനായി അന്തരിച്ച മത്തായി ചാക്കോയോടൊപ്പം കോഴിക്കോട് ജില്ലയിൽ കരുനീക്കം നടത്തിയ പ്രധാന നേതാവായിരുന്നു എ പ്രദീപ് കുമാർ. പിണറായി സർക്കാറിന്റെ മൂന്നാമൂഴം ചർച്ചയാകുന്ന ഘട്ടത്തിൽ, കൊല്ലപ്പെട്ട ടി പി ചന്ദ്രശേഖരൻ അടക്കമുള്ള കോഴിക്കോട്ടെ പഴയകാല വി എസ് പക്ഷ നേതാക്കളുമായി അടുത്ത ഹൃദയബന്ധമുണ്ടായിരുന്ന എ പ്രദീപ് കുമാർ പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായി എത്തുന്നു എന്നത് അതിനാൽ തന്നെ ഏറെ പ്രത്യേകതകളുള്ള നീക്കമാണ്.
എ പ്രദീപ് കുമാറിനെ സംബന്ധിച്ചും പുതിയ ഉത്തരവാദിത്തം അപ്രതീക്ഷിതമായിരിക്കണം. എസ്എഫ്‌ഐ സംസ്ഥാന-ദേശീയ ഭാരവാഹിയായിരുന്ന എ പ്രദീപ് കുമാർ ഡിവൈഎഫ്‌ഐ നേതൃനിരയിലും സജീവമായിരുന്നു. കേരളത്തിൽ വിഎസ് കൊടുങ്കാറ്റുയർന്ന 2006ലെ തിരഞ്ഞെടുപ്പിൽ സിറ്റിംഗ് എംഎൽഎയായിരുന്ന കോൺഗ്രസിന്റെ പ്രധാനനേതാവ് എ സുജനപാലിനെ കോഴിക്കോട് 1 മണ്ഡലത്തിൽ പരാജയപ്പെടുത്തിയാണ് എ പ്രദീപ് കുമാർ ആദ്യമായി നിയമസഭയിലേയ്ക്ക് എത്തുന്നത്. പിന്നീട് 2011ൽ മണ്ഡലം കോഴിക്കോട് നോർത്തായി മാറിയപ്പോഴും എ പ്രദീപ് കുമാർ വിജയം ആവർത്തിച്ചു. 2016ലെ തിരഞ്ഞെടുപ്പിൽ ഹാട്രിക് വിജയം നേടി നിയമസഭയിൽ എത്തിയെങ്കിലും മന്ത്രി സ്ഥാനത്തേയ്ക്ക് എ പ്രദീപ് കുമാർ പരിഗണിക്കപ്പെട്ടില്ല.
കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ പ്രദീപ് കുമാർ നടത്തിയ വികസന മാതൃകകൾ അതിനകം വലിയ രീതിയിൽ പ്രശംസ പിടിച്ചുപറ്റിയിരുന്നു. വിദ്യാഭ്യാസ രംഗത്ത് പ്രദീപ് കുമാർ മുൻകൈ എടുത്ത് നടപ്പിലാക്കിയ പ്രിസം പദ്ധതിയും നടക്കാവ് സർക്കാർ സ്‌കൂളിന്റെ അന്താരാഷ്ട്ര പദവിയുമെല്ലാം വലിയ നിലയിൽ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. ഇതെല്ലാം പരിഗണിച്ച് നിയമസഭയിലേയ്ക്ക് തുടർച്ചായായ മൂന്ന് വട്ടം തിരഞ്ഞെടുക്കപ്പെട്ട പ്രദീപ് കുമാർ ഒന്നാം പിണറായി മന്ത്രിസഭയിൽ ഇടം നേടുമെന്നാണ് പൊതുവെ പ്രതീക്ഷിക്കപ്പെട്ടത്. എന്നാൽ പഴയ വി എസ് പക്ഷക്കാരൻ എന്ന ലേബലായിരുന്നു മന്ത്രിസ്ഥാനത്തേയ്ക്ക് പ്രദീപ് കുമാറിന് തടസ്സമായതെന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകരടക്കം പൊതുവെ വിലയിരുത്തിയിരുന്നത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് മണ്ഡലത്തിൽ പരാജയപ്പെട്ടത് പ്രദീപ് കുമാറിന്റെ രാഷ്ട്രീയ ഗ്രാഫിന്റെ മാറ്റ് കുറച്ചിരുന്നു. രണ്ട് തവണയിൽ കൂടതൽ മത്സരിച്ചവരെ മാറ്റി നിർത്തണമെന്ന നിലപാട് സിപിഐഎം കർക്കശമായി നടപ്പിലാക്കാൻ തീരുമാനിച്ചതോടെ പാർലമെന്ററി രംഗത്ത് നിന്നും പ്രദീപ് കുമാർ സംഘടനാ രംഗത്തേയ്ക്ക് മാറുകയായിരുന്നു.
മൂന്ന് ടേം പൂർത്തിയാക്കിയ കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ കഴിഞ്ഞ സമ്മേളനത്തിൽ സ്ഥാനമൊഴിയുന്ന സാഹചര്യത്തിൽ എ പ്രദീപ് കുമാർ ജില്ലാ സെക്രട്ടറിയായി വരുമെന്നും നിരീക്ഷണങ്ങളുണ്ടായിരുന്നു. എന്നാൽ ജില്ലാ സെക്രട്ടറി സ്ഥാനത്തേയ്ക്ക് സംസ്ഥാന കമ്മിറ്റി അംഗമായ പ്രദീപ് കുമാർ പരിഗണിക്കപ്പെട്ടിട്ടില്ല. പഴയ വി എസ് പക്ഷക്കാരൻ എന്ന ലേബലാണ് പ്രദീപ് കുമാറിന് തടസ്സമായതെന്നായിരുന്നു അപ്പോഴും വിലയിരുത്തൽ. പിന്നീട് കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനത്തിൽ എ പ്രദീപ് കുമാറിനെ സംസ്ഥാന സെക്രട്ടറിയേറ്റിലേയ്ക്ക് പരിഗണിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. പ്രദീപ് കുമാറിനെക്കാൾ ജൂനിയറായ പല യുവ നേതാക്കളും എറണാകുളം സമ്മേളനത്തിൽ തന്നെ സെക്രട്ടറിയേറ്റിൽ ഇടംപിടിച്ചിരുന്നു. എന്നാൽ കൊല്ലം സമ്മേളനത്തിലും സംസ്ഥാന സെക്രട്ടറിയേറ്റിലേയ്ക്ക് പ്രദീപ് കുമാർ പരിഗണിക്കപ്പെട്ടില്ല. ഇവിടെ തടസ്സം പഴയ നിലപാടുകളായിരുന്നു എന്ന് വിശ്വസിച്ചവർ ധാരാളമായിരുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് പ്രദീപ് കുമാറിന്റെ പുതിയ പദവി എല്ലാ വിധത്തിലും കൗതുകമായി മാറുന്നത്.
നിലവിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ കെ രാഗേഷ് കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ വന്ന ഒഴിവിലേയ്ക്കാണ് എ പ്രദീപ് കുമാർ നിയോഗിതനായിരിക്കുന്നത്. നേരത്തെ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് എം വി ജയരാജനായിരുന്നു മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി. പിന്നീട് 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജൻ മത്സരിക്കാനിറങ്ങിയപ്പോഴായിരുന്നു എം വി ജയരാജനെ മുഖ്യമന്ത്രിയുടെ ഓഫീസിലെ പദവിയിൽ നിന്നും മാറ്റി കണ്ണൂർ ജില്ലാ സെക്രട്ടറിയാക്കി നിയോഗിക്കുന്നത്. പിന്നീട് ശേഷിച്ച ഒന്നാം പിണറായി സർക്കാരിന്റെ കാലയളവിൽ പ്രൈവറ്റ് സെക്രട്ടറി നിയമനം ഉദ്യോഗസ്ഥ നിയമനമായിരുന്നു. 2021ൽ പിണറായി സർക്കാരിന്റെ രണ്ടാമൂഴത്തിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പദവി രാഷ്ട്രീയ നിയമനമായിരിക്കണമെന്ന് സിപിഐഎം തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു കെ കെ രാഗേഷ് ആ ചുമതലയിൽ എത്തുന്നത്. കെ കെ രാഗേഷിന് പകരം പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് ഉദ്യോഗസ്ഥ നിയമനം ആലോചിക്കുന്നു എന്ന അഭ്യൂഹങ്ങൾക്കിടെയാണ് തീർത്തും അവിചാരിതമായി പ്രദീപ് കുമാർ ആ സ്ഥാനത്തേയ്ക്ക് നിയമിതനാകുന്നത്.
മുഖ്യമന്ത്രിയുടെ വിശ്വസ്തർ എന്ന നിലയിലാണ് എം വി ജയരാജനും കെ കെ രാഗേഷും പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് എത്തുന്നത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി ആദ്യ ടേമിൽ പുത്തലത്ത് ദിനേശനും രണ്ടാം ടേമിൽ പി ശശിയുമാണ് നിയോഗിതരായത്. കണ്ണൂരിൽ നിന്നു തന്നെയുള്ള വലിയ എതിർപ്പുകൾ മറികടന്നായിരുന്നു വിശ്വസ്തനായ പി ശശിയെ രണ്ടാം ടേമിൽ പെളിറ്റിക്കൽ സെക്രട്ടറിയായി പിണറായി വിജയൻ സ്വന്തം ഓഫീസിലെത്തിച്ചത്. 23-ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി എറണാകുളത്ത് നടന്ന സംസ്ഥാന സമ്മേളനത്തിൽ പി ശശിയെ സംസ്ഥാന സമിതിയിൽ എത്തിച്ചതിന് പിന്നാലെയായിരുന്നു പൊളിറ്റിക്കൽ സെക്രട്ടറി നിയമനം. ഈ നിലയിൽ മുഖ്യമന്ത്രിയോട് കൂറ് പുലർത്തുന്ന നേതാക്കൾ മാത്രം എത്തപ്പെടുന്ന പദവികൾ എന്ന നിലയിലാണ് പ്രൈവറ്റ് സെക്രട്ടറി, പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനങ്ങൾ വിലയിരുത്തപ്പെട്ടിരുന്നത്. ഇവിടേയ്ക്ക് എ പ്രദീപ് കുമാർ എത്തുമ്പോൾ സ്വഭാവികമായും സവിശേഷമായ കൗതുകം രാഷ്ട്രീയ വൃത്തങ്ങളിൽ മാത്രമല്ല സിപിഐഎമ്മിന്റെ അകത്തും ഉണ്ടായിട്ടുണ്ടാവും എന്ന് തീർച്ചയാണ്.
ഒന്നാം ടേമിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം വി ജയരാജൻ പിന്നീട് കണ്ണൂർ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായി മാറിയിരുന്നു. രണ്ടാം ടേമിലെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ കെ രാഗേഷ് സിപിഐഎമ്മിനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ജില്ലയായ കണ്ണൂരിന്റെ അമരക്കാരനായി മാറി. ഒന്നാം ടേമിൽ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പുത്തലത്ത് ദിനേശൻ കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ സിപിഐഎമ്മിന്റെ കേന്ദ്ര കമ്മിറ്റിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. അച്ചടക്ക നടപടി നേരിട്ട് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട പി ശശിയെ സംസ്ഥാന കമ്മിറ്റി അംഗമാക്കിയാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാക്കി മാറ്റിയത്. ഈ നിലയിൽ പിണറായി വിജയൻ അടുപ്പം കാണിക്കുന്നവരെ മാത്രം ചേർത്ത് പിടിക്കുന്നു എന്ന ആക്ഷേപം ഒളിഞ്ഞും തെളിഞ്ഞും ശക്തമായിരിക്കെയാണ് പഴയ വിഎസ് ഗ്രൂപ്പിലെ പ്രധാനിയായ നേതാവിനെ തന്നെ പിണറായി വിജയൻ പ്രൈവറ്റ് സെക്രട്ടറിയായി നിയോഗിച്ചിരിക്കുന്നത്.
2006ൽ വിഎസിനെ മത്സരിപ്പിക്കാനും മുഖ്യമന്ത്രി ആക്കാനും മുന്നണിയിൽ നിന്ന വിഎസ് പക്ഷത്തെ പ്രമുഖനായിരുന്ന എംഎം മണിയെ സംസ്ഥാന സെക്രട്ടറിയേറ്റിലേയ്ക്കും ഒന്നാം പിണറായി മന്ത്രിസഭയിലേയ്ക്കും നേരത്തെ പരിഗണിച്ചിരുന്നു. എറണാകുളത്തെ വിഎസ് പക്ഷത്തിന്റെ കുന്തമുന ആയിരുന്ന ഗോപി കോട്ടമുറക്കലിനെ കേരള ബാങ്ക് പ്രസിഡന്റ് പദവിയിലേയ്ക്കും നിയോഗിച്ചിരുന്നു. ഇവരെല്ലാം പ്രത്യക്ഷമായി തന്നെ പിന്നീട് വിഎസ് വിരുദ്ധ നിലപാട് സ്വീകരിച്ചതിന് ശേഷമായിരുന്നു ഈ സ്ഥാനലബ്ദി എന്ന് വേണമെങ്കിൽ പറഞ്ഞ് വെയ്ക്കാം. മറ്റൊരു വിഎസ് പക്ഷ നേതാവ് സി എസ് സുജാതയെ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പദവിയിലേയ്ക്കും കേന്ദ്ര കമ്മിറ്റിയിലേയ്ക്കും പരിഗണിച്ചതാണ് എ പ്രദീപ് കുമാറിന് സമാനമായ പരിഗണനയായി വേണമെങ്കിൽ ചൂണ്ടിക്കാണിക്കാവുന്നത്. അപ്പോഴും വി എസ് പക്ഷമായിരുന്നതിന്റെ പേരിൽ പാർട്ടിയിൽ അർഹതയുണ്ടായിട്ടും അവഗണിക്കപ്പെടുന്നു എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്ന നേതാക്കൾ വേറെയുമുണ്ട്.
തൃശ്ശൂരിൽ നിന്നുള്ള ഡിവൈഎഫ്‌ഐയുടെ പഴയ തീപ്പോരി നേതാവ് ടി ശശിധരൻ ആ നിലയിൽ അവഗണിക്കപ്പെടുന്നതായി കരുതപ്പെടുന്ന നേതാവാണ്. കോട്ടയത്ത് നിന്നുള്ള സുരേഷ് കുറുപ്പിന് സംഘടനാ രംഗത്ത് അർഹിച്ച പരിഗണന ലഭിക്കാതെ പോയത് വി എസ് പക്ഷ ഷേഡ് ഉള്ളതിനാലായിരുന്നു എന്നതും പുറത്തേയ്ക്ക് ചർച്ച ചെയ്യപ്പെട്ടിരുന്നു. വി എസിനൊപ്പം ഉറച്ച് നിന്നതിൻ്റെ പേരിലാണ് എസ്എഫ്ഐ മുൻ അഖിലേന്ത്യാ പ്രസിഡൻ്റും നിലവിൽ കർഷക സംഘം അഖിലേന്ത്യാ ട്രഷററുമായ പി കൃഷ്ണപ്രസാദ് ഒരുഘട്ടത്തിലും സംസ്ഥാന കമ്മിറ്റിയിലേയ്ക്ക് പോലും പരിഗണിക്കപ്പെടാത്തതെന്നും ചർച്ചകളുണ്ട്. ദേശീയ തലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കർഷക സമരത്തിൻ്റെ നേതൃനിരയുടെ ഭാഗമായിരുന്ന കൃഷ്ണപ്രസാദ് കേരളത്തിൽ നിന്ന് തട്ടകം മാറിയിട്ട് പോലും കേന്ദ്ര കമ്മിറ്റിയിലേയ്ക്ക് ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. ഇത്തവണ സിപിഐഎം സംസ്ഥാന കമ്മിറ്റിയിലേയ്ക്ക് പരിഗണിക്കപ്പെടുമെന്ന് കരുതിയിരുന്ന സി ബി ദേവദർശനനെപ്പോലെ നിരവധിപ്പേർ അർഹത ഉണ്ടായിട്ടും തഴയപ്പെട്ടത് പഴയ വി എസ് പക്ഷ നിലപാടിന്റെ പേരിലാണ് എന്നും നിരീക്ഷണങ്ങളുണ്ട്. കെഎസ്‌കെടിയു സംസ്ഥാന ട്രഷറർ ആയ സി ബി ദേവദർശനനെ പരിഗണിക്കാതെ എറണാകുളത്ത് നിന്നും സംസ്ഥാന കമ്മിറ്റിയിലേയ്ക്ക് തിരഞ്ഞെടുത്തത് കൊച്ചി മേയറായ എം അനിൽ കുമാറായിരുന്നു.
ഈ നിലയിൽ പഴയ വിഎസ് അനുകൂല നിലപാട് പാർട്ടിയിലെ വളർച്ചയിൽ പലരുടെയും മുന്നിൽ തടസ്സമാകുന്നുവെന്ന വിലയിരുത്തലുകൾ ഉള്ളപ്പോഴാണ് എ പ്രദീപ് കുമാറിനെ സിപിഐഎം പുതിയ സ്ഥാനത്തേയ്ക്ക് നിയോഗിച്ചിരിക്കുന്നത്. വിഭാഗീയതയുടെ കാലത്തെ നിലപാടുകളല്ല വിഭാഗീയാനന്തര കാലത്തെ നിലപാടുകളാണ് ഒരു കേഡറിനെ സ്ഥാനമാനങ്ങളിലേയ്ക്ക് പരിഗണിക്കുമ്പോൾ കൊടുക്കുന്ന പരിഗണന എന്ന് കൂടിയാണ് പ്രദീപ് കുമാറിന്റെ നിയമനത്തിലൂടെ സിപിഐഎം നൽകാൻ ശ്രമിക്കുന്നതെന്ന് വേണമെങ്കിൽ പറഞ്ഞ് വെയ്ക്കാം. അടുപ്പമുള്ളവരെ മാത്രം പ്രധാനപ്പെട്ട സ്ഥാനങ്ങളിലേയ്ക്ക് പരിഗണിക്കുന്നു എന്ന പിണറായി വിജയനെതിരെ ഉയരുന്ന വിമശനങ്ങളുടെ മുനയൊടിക്കുന്നത് കൂടിയാണ് എ പ്രദീപ് കുമാറിന്റെ നിയമനം.
Content Highlights: Former MLA A Pradeep Kumar is the new private secretary to the Chief Minister Pinarayi Vijayan