'അന്ന് ശ്രേയസിനല്ല, ഡഗൗട്ടിലിരുന്ന ഒരാള്‍ക്കാണ് ക്രെഡിറ്റ് നല്‍കിയത്'; ഗംഭീറിനെതിരെ ഒളിയമ്പുമായി ഗവാസ്‌കര്‍

കഴിഞ്ഞ സീസണില്‍ ശ്രേയസിന്റെ ക്യാപ്റ്റന്‍സിക്കു കീഴില്‍ കെകെആര്‍ ടീം ചാംപ്യന്മാരായെങ്കിലും ക്രെഡിറ്റ് മുഴുവന്‍ ഗംഭീറിനായിരുന്നു ലഭിച്ചത്

dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ 18-ാം സീസണിൽ പ്ലേ ഓഫ് ബർത്ത് ഉറപ്പിച്ചിരിക്കുകയാണ് ശ്രേയസ് അയ്യർ നയിക്കുന്ന പഞ്ചാബ് കിം​ഗ്സ്. നീണ്ട 11 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് പഞ്ചാബ് ഐപിഎൽ പ്ലേഓഫിന് യോഗ്യത നേടുന്നത്. ഇതിന് പിന്നാലെ പ‍ഞ്ചാബിന്റെ ക്യാപ്റ്റനും ഇന്ത്യയുടെ സ്റ്റാർ ബാറ്ററുമായ ശ്രേയസ് അയ്യരെ പ്രശംസിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് മുൻ താരം സുനിൽ ​ഗവാസ്കർ. സീസണിൽ പഞ്ചാബിന്റെ മുന്നേറ്റത്തിന്റെ മുഴുവൻ ക്രെ‍ഡിറ്റും ക്യാപ്റ്റൻ ശ്രേയസിന് അവകാശപ്പെട്ടതാണെന്നാണ്​ ​ഗവാസ്കർ അഭിപ്രായം.

മാത്രവുമല്ല ശ്രേയസ് അയ്യരുടെ മുൻ ക്ലബ്ബും നിലവിലെ ചാംപ്യന്മാരുമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ടീം മാനേജ്മെന്റിനെ ​ഗവാസ്കർ വിമർശിക്കുകയും ചെയ്തു. കഴിഞ്ഞ സീസണില്‍ ശ്രേയസിന്റെ ക്യാപ്റ്റന്‍സിക്കു കീഴില്‍ കെകെആര്‍ ടീം ചാംപ്യന്മാരായെങ്കിലും ക്രെഡിറ്റ് മുഴുവന്‍ ഗംഭീറിനായിരുന്നു ലഭിച്ചത്. ഇതിനെതിരെയാണ് ഗവാസ്‌കര്‍ പരോക്ഷമായി സംസാരിച്ചത്.

'കഴിഞ്ഞ സീസണിലെ ഐപിഎല്‍ കിരീട വിജയത്തില്‍ ശ്രേയസ് അയ്യര്‍ക്ക് ക്രെഡിറ്റ് ലഭിച്ചിരുന്നില്ല. പ്രശംസ ലഭിച്ചത് മുഴുവന്‍ മറ്റൊരാള്‍ക്കായിരുന്നു. മൈതാന മധ്യത്തില്‍ സംഭവിക്കുന്ന കാര്യങ്ങളിലെല്ലാം പ്രധാന റോള്‍ വഹിക്കുന്നത് ക്യാപ്റ്റന്‍ തന്നെയാണ്. അല്ലാതെ ഡഗൗട്ടില്‍ ഇരിക്കുന്ന ഒരാളല്ല. നോക്കൂ ഈ വര്‍ഷം ശ്രേയസിനു അര്‍ഹിച്ച ക്രെഡിറ്റ് ലഭിക്കുന്നുണ്ട്. മുഴുവന്‍ ക്രെഡിറ്റും പഞ്ചാബ് കിങ്‌സ് കോച്ചായ റിക്കി പോണ്ടിങിന് ആരും നല്‍കുന്നില്ല', സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ പോസ്റ്റ് മാച്ച് ഷോയില്‍ സംസാരിക്കവെയാണ് സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

ഞായറാഴ്ച വൈകിട്ട് നടന്ന ആദ്യ പോരാട്ടത്തില്‍ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സിനെതിരെ പഞ്ചാബ് പത്ത് റൺസിന്റെ വിജയം സ്വന്തമാക്കിയിരുന്നു. ഇതോടെയാണ് 17 പോയിന്റുമായി ശ്രേയസ് അയ്യരും സംഘവും പ്ലേ ഓഫിനു തൊട്ടരികെയെത്തിയത്. ഞായറാഴ്ച നടന്ന രണ്ടാമത്തെ മത്സരത്തിൽ ഗുജറാത്ത് ടൈറ്റന്‍സ് പത്ത് വിക്കറ്റിന് ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ പരാജയപ്പെടുത്തിയത് പഞ്ചാബിന് നേട്ടമാവുകയും ചെയ്യുകയായിരുന്നു. ഇതോടെ ​ഗുജറാത്തിനൊപ്പം റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു, പഞ്ചാബ് എന്നീ ടീമുകളും പ്ലേഓഫിലേക്കു യോഗ്യത നേടുകയായിരുന്നു.

Content Highlights: Gautam Gambhir targeted as Sunil Gavaskar exposes unfair Shreyas Iyer treatment

dot image
To advertise here,contact us
dot image