'100 കോടി പോലും ഇല്ല, പോപ്കോൺ വിറ്റതിന്റെ പൈസയും കളക്ഷനിൽ ചേർത്തോ?' റെട്രോക്കും സൂര്യക്കും ട്രോൾമഴ

ചിത്രത്തിന് തമിഴ്നാട്ടിൽ നിന്നും 59.42 കോടി മാത്രമാണ് നേടാനായതെന്നും ഇത് ഒപ്പമിറങ്ങിയ ശശികുമാർ ചിത്രം ടൂറിസ്റ്റ് ഫാമിലിയെക്കാൾ കുറവാണെന്നും പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്

dot image

കാര്‍ത്തിക് സുബ്ബരാജിന്റെ സംവിധാനത്തില്‍ സൂര്യ നായകനായി എത്തിയ റെട്രോ തിയേറ്ററുകളില്‍ നിന്നും സമ്മിശ്ര പ്രതികരണമായിരുന്നു നേടിയത്. എങ്കിലും കളക്ഷനില്‍ ചിത്രം വലിയ മുന്നേറ്റമാണ് നടത്തുന്നത്. സിനിമയുടെ ആഗോള കളക്ഷന്‍ 235 കോടി കടന്നിരിക്കുകയാണെന്ന് അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇത് തിയേറ്ററിൽ നിന്നുള്ള നേട്ടവും സിനിമയുടെ മറ്റു ബിസിനസുകളിൽ നിന്നും ലഭിച്ച തുകകൾ കൂടി ചേർന്ന കളക്ഷൻ ആണെന്ന് നിർമാതാക്കൾ പോസ്റ്ററിലൂടെ അറിയിച്ചിരുന്നു. ഇപ്പോഴിതാ കളക്ഷൻ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ വലിയ ട്രോളുകളാണ് സിനിമയുടെ അണിയറപ്രവർത്തകർക്കും സുര്യക്കും ലഭിക്കുന്നത്.

100 കോടി പോലും കടക്കാത്ത സിനിമയ്ക്ക് എങ്ങനെയാണ് 235 കോടി ലഭിച്ചതെന്നും സൂര്യയെപ്പോലെയുള്ള അഭിനേതാവിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ലെന്നും കമന്റുകളുണ്ട്. തിയേറ്ററിൽ നിന്ന് ലഭിച്ച കളക്ഷനൊപ്പം ഒടിടി റൈറ്റ്സും മറ്റു നേട്ടങ്ങളും കൂട്ടിപറഞ്ഞു കളക്ഷൻ പെരുപ്പിച്ച് കാണിക്കുന്നത് ഇപ്പോൾ സിനിമാമേഖലയിൽ പതിവാണെന്നും ഒരു പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ കുറിച്ചു. കോളിവുഡ് ആയിരം കോടി നേടാനുള്ള ഓട്ടത്തിലാണെന്നും തിയേറ്ററിൽ നിന്നുള്ള കളക്ഷന് പുറമെ പാർക്കിങ്ങിൽ നിന്നും പോപ്കോൺ വിറ്റതിൽ നിന്നുള്ള കളക്ഷനടക്കം അണിയറപ്രവർത്തകർ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്നും അഭിപ്രായങ്ങളുണ്ട്. ചിത്രത്തിന് തമിഴ്നാട്ടിൽ നിന്നും 59.42 കോടി മാത്രമാണ് നേടാനായതെന്നും ഇത് ഒപ്പമിറങ്ങിയ ശശികുമാർ ചിത്രം ടൂറിസ്റ്റ് ഫാമിലിയെക്കാൾ കുറവാണെന്നും പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്.

ചിത്രം ജൂണ്‍ അഞ്ച് മുതല്‍ നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്യുമെന്നാണ് ഒടിടി പ്ലേയുടെ പുതിയ റിപ്പോര്‍ട്ട്. എന്നാല്‍ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. റെട്രോ മെയ് ഒന്നിനായിരുന്നു തിയേറ്ററുകളില്‍ എത്തിയിരുന്നത്. പൂജ ഹെഗ്‌ഡെ നായികയാവുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ജയറാം, കരുണാകരന്‍, നാസര്‍, പ്രകാശ് രാജ്, സുജിത്ത് ശങ്കര്‍, തരക് പൊന്നപ്പ, തമിഴ്, കൃഷ്ണകുമാര്‍ ബാലസുബ്രഹ്‌മണ്യന്‍, പ്രേം കുമാര്‍ എന്നിവരും കഥാപാത്രങ്ങളായി എത്തിയിരുന്നു. ശ്രേയസ് കൃഷ്ണയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത് സന്തോഷ് നാരായണനാണ്. സൂര്യയും ജ്യോതികയും ഒന്നിക്കുന്ന 2 ഡി എൻ്റര്‍ടെയ്ന്‍മെന്‍റ്സാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Content Highlights: Retro and Suriya receives troll after collection report

dot image
To advertise here,contact us
dot image