'നായകനല്ല കട്ട വില്ലനാണ് കമൽ ഹാസൻ, സിമ്പുവാണ്‌ ഹീറോ'; തഗ് ലൈഫ് ട്രെയ്ലറിന് പിന്നാലെ ചർച്ചയായി തിയറികൾ

ചിത്രത്തിൽ കമൽ ഹാസൻ ഇരട്ട വേഷത്തിലാണ് എത്തുന്നതെന്നാണ് ഒരു തിയറി

dot image

ണിരത്‌നം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ തഗ് ലൈഫിന്റെ ട്രെയ്ലർ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ട്രെയ്ലറിന് മികച്ച പ്രതികരണമാണ് നേടാനാകുന്നത്. 36 വര്‍ഷങ്ങള്‍ക്ക് ശേഷം കമല്‍ ഹാസനും മണിരത്‌നവും ഒന്നിക്കുന്നു എന്നതായിരുന്നു ചിത്രത്തിന്റെ ഇതുവരെയുള്ള ഏറ്റവും വലിയ ഹൈപ്പ്. ഇപ്പോഴിതാ ട്രെയ്‌ലർ റിലീസിന് പിന്നാലെ സിനിമയെക്കുറിച്ചുള്ള നിരവധി തിയറികളും സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്.

ചിത്രത്തിൽ കമൽ ഹാസൻ ഇരട്ട വേഷത്തിലാണ് എത്തുന്നതെന്നാണ് ഒരു തിയറി. ചിത്രത്തിൽ പല ഗെറ്റപ്പുകളിൽ കമൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ട്രെയ്‌ലറിലെ അഭിരാമിക്കൊപ്പവും തൃഷക്കൊപ്പവുമുള്ള കമലിന്റെ രംഗങ്ങൾ ഇതിനോടകം ചർച്ചയാകുന്നുണ്ട്. ഇതോടെയാണ് കമൽ ഡബിൾ റോളിലാകാം എന്ന തിയറിക്ക് മൂർച്ചയേറുന്നത്. സിനിമയിൽ എസ്ടിആർ നായകനും കമൽ ഹാസൻ വില്ലനുമാണെന്നാണ് മറ്റൊരു ആരാധക തിയറി. ഒരു പക്കാ ഡാർക്ക് വില്ലനാണ് കമൽ എന്നും അദ്ദേഹത്തിന്റെ കഥാപാത്രത്തിനെ തിരിയുന്ന എസ്ടിആറിന്റെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ ഇതിവൃത്തമെന്നും ചർച്ചകളുണ്ട്.

അതേസമയം, സിനിമയുടെ ട്രെയ്‌ലറിൽ പറയുന്ന അമരൻ എന്ന കഥാപാത്രം എസ്ടിആർ അല്ലെന്നും അത് സസ്പെൻസ് ആക്കി വച്ചിരിക്കുന്ന മറ്റൊരു കഥാപാത്രമാകാം എന്നും തിയറികളുണ്ട്. നാസറിന്റെ കഥാപാത്രം 'അമരൻ പുറത്തുനിന്ന് എല്ലാം നോക്കിക്കോളുമെങ്കിൽ പിന്നെ ഞാൻ എന്തിനാണ്' എന്ന് സിമ്പുവിനെ നോക്കി പറയുന്നുണ്ട്. ഒപ്പം ഇനി എല്ലാം അമരൻ നോക്കിക്കോളും എന്ന് കമലിന്റെ കഥാപാത്രം പറയുമ്പോൾ സിമ്പു അദ്ദേഹത്തിനെ നോക്കുന്ന വിധവും സംശയങ്ങൾക്ക് വഴിവച്ചിട്ടുണ്ട്.

ഒരുപാട് നാളുകൾക്ക് മുൻപ് സെയ്ഫ് അലി ഖാനെ നായകനാക്കി താൻ സംവിധാനം ചെയ്യാൻ ഇരുന്ന 'അമർ ഹേ' എന്ന കഥയാണ് ഇപ്പോൾ തഗ് ലൈഫ് ആയി മാറിയിരിക്കുന്നതെന്ന് കമൽ ഹാസൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഈ കഥയിൽ കമൽ ഹാസനും ഒരു പ്രധാന വേഷത്തിൽ എത്താൻ ഒരുങ്ങിയിരുന്നു എന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിൽ സെയ്‌ഫിന്റെ കഥാപാത്രം നായകനും കമൽ വില്ലനുമായിരുന്നു. ഈ കഥയാണ് തഗ് ലൈഫ് ആയി മാറുന്നതെങ്കിൽ കമൽ വില്ലനും സിലമ്പരശൻ നായകനുമാകുമെന്നത് ഉറപ്പിക്കാമെന്നാണ് തിയറികൾ. മണിരത്‌നത്തിന്റെ സംവിധാനമികവും കമൽഹാസൻ, എസ്ടിആർ എന്നിവരുടെ കിടിലൻ പെർഫോമൻസും എ ആർ റഹ്മാന്റെ സംഗീതവും രവി കെ ചന്ദ്രന്റെ ഛായാഗ്രഹണവും ഉൾപ്പടെ എല്ലാ മേഖലകൾക്കും പ്രശംസ ലഭിക്കുന്നുണ്ട്. എല്ലാ മേഖലകളും ഒരുപോലെ GOAT ലെവലിലാണെന്നാണ് പലരും കമന്റ് ചെയ്യുന്നത്. ജൂൺ അഞ്ചിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Content Highlights: Thug Life Trailer theories by fans

dot image
To advertise here,contact us
dot image