സഹൃദയനായ സഖാവ് ; ഓര്‍മ്മകളില്‍ ഒളിമങ്ങാത്ത ആ 'നായനാര്‍ ചിരി'

വിടപറഞ്ഞ് ഇന്ന് ഇരുപത്തിയൊന്ന് വര്‍ഷം പിന്നിടുമ്പോഴും നായനാരെ ഓര്‍മ്മിക്കുമ്പോള്‍ മലയാളിയുടെ മനസ്സില്‍ തെളിയുക നിഷ്‌കളങ്കമായ ആ നിറഞ്ഞ ചിരി തന്നെയാകും

dot image

ജനകീയനായ കമ്മ്യൂണിസ്റ്റ് എന്ന് എകെജിയെയും വി എസ് അച്യുതാനന്ദനെയും വിശേഷിപ്പിക്കുമ്പോള്‍ ഏറ്റവും സഹൃദയനായ കമ്മ്യൂണിസ്റ്റ് എന്ന വിശേഷണത്തിന് അര്‍ഹനായ ഏക നേതാവ് ഇ കെ നായനാരാണ്. വിടപറഞ്ഞ് ഇന്ന് ഇരുപത്തിയൊന്ന് വര്‍ഷം പിന്നിടുമ്പോഴും നായനാരെ ഓര്‍മ്മിക്കുമ്പോള്‍ മലയാളിയുടെ മനസ്സില്‍ തെളിയുക നിഷ്‌കളങ്കമായ ആ നിറഞ്ഞ ചിരി തന്നെയാകും. രാഷ്ട്രീയത്തിന് ഉപരിയായ സ്‌നേഹത്തോടെയായിരുന്നു ഇ കെ നായനാരുടെ ആ ചിരി കേരളം ചേര്‍ത്തു പിടിച്ചിരുന്നത്. രാഷ്ട്രീയ വിമര്‍ശനങ്ങളുടെ കാര്‍ട്ടൂണുകളില്‍ പോലും നായനാരുടെ ട്രേഡ് മാര്‍ക്ക് ആ ചിരിയായിരുന്നു.

ഇഷ്ടപ്പെടാത്ത ചോദ്യങ്ങളോട് ഏത് കടലാസാ, എവിടുത്തെ പത്രക്കാരനാ എന്ന നായനാരുടെ വാര്‍ത്താസമ്മേളനങ്ങളിലെ പതിവ് ചോദ്യം കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്ത മാധ്യമ പ്രവര്‍ത്തകര്‍ ഒരുപക്ഷെ അക്കാലത്തുണ്ടാകുമായിരുന്നില്ല. പിന്നീട് പല നേതാക്കളും മാധ്യമ പ്രവര്‍ത്തകരോട് ആ നിലയില്‍ ഏത് കടലാസാണ് എന്ന ചോദിക്കുന്ന ശൈലി അനുകരിച്ചെങ്കിലും അത് നായനാരോളം ഹൃദ്യമായും സൗഹാര്‍ദ്ദപരമായും ഏതെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ക്കോ കാഴ്ചക്കാര്‍ക്കോ തോന്നിയിട്ടുണ്ടാകില്ല എന്ന് തീര്‍ച്ചയാണ്. മാധ്യമ പ്രവര്‍ത്തകനായിരുന്നുവെന്ന് പറയുന്നതില്‍ അഭിമാനിച്ചിരുന്ന നേതാവ് കൂടിയായിരുന്നു നായനാര്‍

സിപിഐഎമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗമായിരുന്ന നായനാര്‍ സൈദ്ധാന്തിക ശേഷിയുടെയോ സൈദ്ധാന്തിക പിടിവാശികളുടെയോ പേരിലായിരുന്നില്ല മറിച്ച് സമവായത്തിന്റെ പേരിലായിരുന്നു പാര്‍ട്ടിക്കുള്ളിലും സ്വീകാര്യനായത്. എം വി രാഘവന് സിപിഐഎമ്മില്‍ നിന്നും പുറത്തേയ്ക്ക് വഴി തെളിച്ച ബദല്‍രേഖയെ പിന്തുണച്ച നായനാര്‍ പക്ഷെ പാര്‍ട്ടിയത് തള്ളിയപ്പോള്‍ പാര്‍ട്ടിക്കൊപ്പം നിന്നത് ചരിത്രം. 1986ല്‍ ബദല്‍രേഖയുടെ പേരില്‍ എം വി രാഘവന്‍ പാര്‍ട്ടിക്ക് പുറത്തേയ്ക്ക് പോയപ്പോള്‍ 1987ല്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി നായനാരെ പാര്‍ട്ടി നിയോഗിച്ചു. പാര്‍ട്ടിയുടെ ശരി തെറ്റുകള്‍ തന്നെയാണ് സ്വന്തം ശരി തെറ്റുകള്‍ എന്ന് അംഗീകരിച്ച നായനാരുടെ ഈ നിലപാട് തന്നെയാണ് കാര്‍ക്കശ്യ ബുദ്ധിയില്ലാത്ത നേതാവ് എന്ന നിലയില്‍ നായനാരെ പാര്‍ട്ടിക്കുള്ളിലും പുറത്തും ഏവര്‍ക്കും പ്രിയങ്കരനാക്കിയത്. കേരളം കണ്ട ഏറ്റവും മികച്ച ഇടതുസ്വഭാവം ഉയര്‍ത്തിപ്പിടിച്ച മന്ത്രിസഭയ്ക്ക് 1987ല്‍ നേതൃത്വം നല്‍കിയ നായനാര്‍ മൂന്ന് തവണയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയെന്ന നിലയില്‍ പാര്‍ട്ടി കെട്ടിപ്പെടുക്കുന്നതില്‍ നായനാര്‍ വഹിച്ച നേതൃപരമായ മികവും ഏറെ ശ്രദ്ധേയമായിരുന്നു.

ബാലസംഘത്തിലൂടെയായിരുന്നു നായനാര്‍ പൊതുപ്രവര്‍ത്തനം ആരംഭിക്കുന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ സ്വാതന്ത്ര സമരകാലയളവില്‍ കോണ്‍ഗ്രസുകാരനായി രാഷ്ട്രീയ ജീവിതം ആരംഭിച്ച നായനാര്‍ കോണ്‍ഗ്രസിലെ സോഷ്യലിസ്റ്റ് ചേരിയുടെ ഭാഗമായിരുന്നു. പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോടൊപ്പം പ്രവര്‍ത്തനം ആരംഭിച്ച നായനാരെ കയ്യൂര്‍, മൊറാഴ സമരങ്ങളിലെ പങ്കാളിത്തം ഒരു കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയെന്ന നിലയിലേയ്ക്ക് മാറ്റി. കയ്യൂര്‍ സമരത്തിലെ മൂന്നാം പ്രതിയായിരുന്ന നായനാര്‍ ഒളിവിലായിരുന്നതിനാല്‍ തൂക്കുകയറില്‍ നിന്നും രക്ഷപെടുകയായിരുന്നു. മറ്റ് പ്രതികളെയെല്ലാം പിന്നീട് തൂക്കികൊന്നിരുന്നു. മലബാറിലെ കര്‍ഷകരെയും മില്‍ തൊഴിലാളികളെയും സംഘടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളിലും നായനാര്‍ നേതൃപരമായി ഇടപെട്ടിരുന്നു. തിരുവനന്തപുരത്ത് ഒളിവ് ജീവിതം നയിക്കുമ്പോള്‍ കേരള കൗമുദിയില്‍ പത്രപ്രവര്‍ത്തകനായിരുന്ന കഥ പലപ്പോഴും നായനാര്‍ ആവേശത്തോടെ പലവട്ടം പറഞ്ഞിട്ടുണ്ട്.

സരസവും ഫലിതപ്രദാനവുമായ നായനാരുടെ പ്രസംഗശൈലി ഏറെ ശ്രദ്ധേയമായിരുന്നു. കുറിക്കുകൊള്ളുന്ന പരിഹാസവും ആക്ഷേപഹാസ്യത്തിന്റെ കൂരമ്പുകളും ഫലിതത്തിന്റെ മേമ്പൊടിയുമെല്ലാം ഇടകലര്‍ത്തി നായനാര്‍ പ്രസംഗിക്കുമ്പോള്‍ എത്ര രൂക്ഷമായ വിമര്‍ശനവും രാഷ്ട്രീയ എതിരാളികളെ വേദനിപ്പിച്ചിരുന്നില്ല. ബിജെപി കേരള മിഷന്‍ എന്ന സ്വപ്നം കാണാന്‍ തുടങ്ങുന്നതിന് മുമ്പ് നായനാര്‍ നടത്തിയ ഒരു വിമര്‍ശനം പലരും പലപ്പോഴായി സൂചിപ്പിച്ച് പോയിട്ടുണ്ട്. 'താമര വിടരും, വൈകീട്ട് വാടും, പിന്നെ അത് അഴുകി വീഴും' എന്ന നായനാരുടെ ആക്ഷേപഹാസ്യത്തിന് കേരളത്തില്‍ ഇന്നും നല്ല മൂര്‍ച്ചയുണ്ട്. പലപ്പോഴും നിഷ്‌കളങ്കമായ നായനാരുടെ ചില രീതികള്‍ വലിയ വിവാദവും വരുത്തിവെച്ചിട്ടുണ്ട്. കല്യാശ്ശേരിയിലെ സ്വന്തം ബൂത്തില്‍ വോട്ട് ചെയ്തതിന് ശേഷം ബാലറ്റ് പേപ്പര്‍ ഉയര്‍ത്തിക്കാണിച്ചതിന്റെ പേരില്‍ നായനാര്‍ പുലിവാല് പിടിച്ചിരുന്നു.

ഫലിതസ്വഭാവത്തോടെ നായനാര്‍ അന്ന് പറഞ്ഞിരുന്ന പലതും പൊളിറ്റിക്കല്‍ കറക്ടനെസ്സിന്റെ കാര്യത്തില്‍ ജാഗ്രത കാണിക്കുന്ന ഇന്നത്തെ തലമുറയ്ക്ക് അംഗീകരിക്കാന്‍ കഴിയുന്നതല്ല. അന്നത് ആളികത്തുന്ന രാഷ്ട്രീയ വിവാദങ്ങളായി മാറാതിരുന്നത് പറഞ്ഞത് നായനാരാണ് എന്നതിനാലായിരുന്നു. സൂര്യനെല്ലി കൂട്ടബലാല്‍സംഗക്കേസിന്റെ പശ്ചാത്തലത്തില്‍ 'അമേരിക്കയില്‍ ചായകുടിക്കുന്നതുപോലെയാണ് ബലാത്സംഗങ്ങള്‍' എന്ന നായനാരുടെ പരാമര്‍ശം ഏറെ വിവാദമായിരുന്നു. ഒരുപക്ഷെ നായനാര്‍ ആയിരുന്നതിനാല്‍ മാത്രമാണ് ആ പ്രസ്താവന ആ നിലയില്‍ ആളികത്തി കാട്ടുതീ ആകാതിരുന്നത്. എന്തുതന്നെയായാലും ജനങ്ങളെ കൈയ്യിലെടുക്കുന്ന ലളിതമായ പ്രസംഗശൈലി നായനാരെന്ന ക്രൗഡ്പുള്ളറുടെ പ്രധാന മൂലധനമായിരുന്നു.

മലയാളി മറക്കാത്ത നിരവധി ചിത്രങ്ങളുടെ ഒളിമങ്ങാത്ത ഓര്‍മ്മകൂടിയായിരുന്നു ഇ കെ നായനാര്‍. രാഷ്ട്രീയ എതിരാളിയായിരുന്ന കരുണാകരനോടൊപ്പവും പോപ്പ് ജോണ്‍പോള്‍ രണ്ടാമനോടുമൊപ്പമുള്ള നായനാരുടെ ചിത്രങ്ങള്‍ക്ക് ഇപ്പോഴും സമകാലിക രാഷ്ട്രീയ കേരളത്തില്‍ കേവലം ചരിത്രപരമായ മൂല്യം മാത്രമല്ല ഉള്ളത്. 1997ല്‍ മുഖ്യമന്ത്രിയായിരിക്കെയായിരുന്നു നായനാര്‍ പോപ്പ് ജോണ്‍പോള്‍ രണ്ടാമനെ സന്ദര്‍ശിച്ചത്. ഭഗവത്ഗീതയായിരുന്നു മാര്‍പാപ്പയ്ക്ക് നായനാര്‍ സമ്മാനിച്ചത്. മാര്‍പാപ്പ സമ്മാനിച്ച ജപമാല നായനാരെ സംബന്ധിച്ച് മരിക്കുന്നത് വരെ തന്റെ സ്വകാര്യശേഖരത്തിലെ അപൂര്‍വ്വനിധി തന്നെയായിരുന്നു.

സിപിഐഎം രൂപീകരിക്കുന്നതിന് മുന്നോടിയായി അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ കൗണ്‍സിലിലില്‍ നിന്നും ഇറങ്ങിപ്പോന്ന നേതാവായിരുന്നു നായനാര്‍. പിന്നീട് വി എസ് അച്യുതാനന്ദന്‍ സെക്രട്ടറിയായിരിക്കെ ബദല്‍രേഖ കാലത്ത് വി എസ് വിരുദ്ധപക്ഷത്തായിരുന്നു നായനാര്‍. ഇഎംഎസിന്റെ പിന്തുണയോടെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന വി എസ് അച്യുതാനന്ദനെ പരാജയപ്പെടുത്തി 1991 നായനാര്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് എത്തിയത് സിപിഐഎമ്മിലെ വിഭാഗീയതയില്‍ നിര്‍ണ്ണായക പങ്കുള്ള സംഭവമായി ചരിത്രം അടയാളപ്പെടുത്തുന്നുണ്ട്. 1980ലും 1987ലും പിന്നീട് 1996ലും പാര്‍ട്ടിയില്‍ ഉരുത്തിരിഞ്ഞ സവിശേഷമായ സാഹചര്യത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നായനാര്‍ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ നായനാരുടെ ജനകീയത പിന്നീട് ഈ സംഭവങ്ങളെയെല്ലാം പാര്‍ട്ടിക്കുള്ളിലെ ഉള്‍പാര്‍ട്ടി ചര്‍ച്ചകളില്‍ മാത്രം ഒതുക്കി നിര്‍ത്തി. അത്രയേറെ ജനകീയനായ മുഖ്യമന്ത്രി എന്ന നിലയില്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രിയങ്കരനായി നിറഞ്ഞ് നില്‍ക്കാന്‍ നായനാര്‍ക്ക് സാധിച്ചിരുന്നു.

ഏഴാം പാര്‍ട്ടി കോണ്‍ഗ്രസിലാണ് നായനാര്‍ പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗമാകുന്നത്. പിന്നീട് 1972ല്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയായി. 1991ല്‍ വീണ്ടും സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. സിപിഐഎം സംസ്ഥാന സെക്രട്ടറിയായിരിക്കെ 1992ലാണ് നായനാര്‍ പാര്‍ട്ടിയുടെ പരമോന്നത സമിതിയായ പിബിയില്‍ എത്തുന്നത്. 1967ല്‍ പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ചതോടെയണ് നായനാരുടെ പാര്‍ലമെന്ററി രംഗത്തേയ്ക്കുള്ള കടന്ന് വരവ്. 1974ലെ ഉപതിരഞ്ഞെടുപ്പില്‍ ഇരിക്കൂര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ചാണ് ആദ്യമായി നിയമസഭയിലെത്തുന്നത്. 1980ല്‍ മലമ്പുഴ മണ്ഡലത്തില്‍ നിന്ന് വിജയിച്ച് കേരളത്തിന്റെ മുഖ്യമന്ത്രിയായി. പിന്നീട് 1982ല്‍ മലമ്പുഴയില്‍ വിജയം ആവര്‍ത്തിച്ചു. ഇതേ വര്‍ഷം പ്രതിപക്ഷ നേതാവായി. 1987ലും 1991ലും തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ നിന്നായിരുന്നു നിയമസഭയിലേയ്ക്ക് മത്സരിച്ച് വിജയിച്ചത്. 1996ല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന വി എസ് അച്യുതാനന്ദന്‍ മാരാരിക്കുളത്ത് പരാജയപ്പെട്ടതിനെ തുടര്‍ന്ന് മത്സരരംഗത്തില്ലാതിരുന്ന നായനാരെ സിപിഐഎം മുഖ്യമന്ത്രിയായി നിയോഗിച്ചു. തലശ്ശേരിയില്‍ നിന്ന് ഉപതിരഞ്ഞെടുപ്പ് നേരിട്ടായിരുന്നു നായനാര്‍ പിന്നീട് മുഖ്യമന്ത്രിയായത്.

1919 ഡിസംബര്‍ 9ന് കണ്ണൂര്‍ കല്യാശ്ശേരി മൊറാഴയില്‍ ഗോവിന്ദന്‍ നമ്പ്യാരുടെയും ഏറമ്പാല നാരായണിയമ്മയുടെയും മൂന്ന് മക്കളില്‍ രണ്ടാമനായാണ് ഏറമ്പാല കൃഷ്ണന്‍ നായനാര്‍ എന്ന ഇ കെ നായനാരുടെ ജനനം. രാഷ്ട്രീയ ഗുരുവെന്ന് നായനാര്‍ തന്നെ വിശേഷിപ്പിച്ച കെപിആര്‍ ഗോപാലന്റെ അനന്തരവള്‍ ശാരദ ടീച്ചറെ 1958 സെപ്റ്റംബറില്‍ വിവാഹം കഴിച്ചു. 2004 മെയ് 19ന് നായനാര്‍ അന്തരിച്ചു.


Content Highlights :It has been 21 years since E.K. Nayanar passed away. Through his memories

dot image
To advertise here,contact us
dot image