'മുല്ലപ്പെരിയാ‍ർ അണക്കെട്ടില്‍ അറ്റകുറ്റപ്പണികൾ നടത്താം'; തമിഴ്നാടിൻ്റെ ആവശ്യം അം​ഗീകരിച്ച് സുപ്രീം കോടതി

കേരളം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ്റെ സാന്നിധ്യത്തില്‍ ഡാമിന്റെ അറ്റകുറ്റപ്പണി നടത്തണമെന്നാണ് കോടതി നിർദ്ദേശം

dot image

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ അറ്റകുറ്റപ്പണികൾ നടത്തണമെന്ന നിർദേശവുമായി സുപ്രീം കോടതി. തമിഴ്‌നാടിന്റെ ആവശ്യം അംഗീകരിച്ചാണ് സുപ്രീം കോടതിയുടെ നടപടി. മേല്‍നോട്ട സമിതി ശുപാര്‍ശ ചെയ്ത വാര്‍ഷിക അറ്റകുറ്റപ്പണികൾ നടത്താനുള്ള നിർദ്ദേശത്തിനാണ് സുപ്രീംകോടതി അനുമതി നൽകിയിരിക്കുന്നത്. കേരളം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ ഡാമിന്റെ അറ്റകുറ്റപ്പണി നടത്തണമെന്നാണ് കോടതി നിർദ്ദേശം.

ഇതോടൊപ്പം മുല്ലപ്പെരിയാര്‍ പ്രദേശത്തെ റോഡിൻ്റെ പുനര്‍ നിര്‍മ്മാണം നടത്താനുള്ള ആവശ്യവും സുപ്രീം കോടതി അംഗീകരിച്ചു. പരിസ്ഥിതി സൗഹൃദ വസ്തുക്കളുപയോഗിച്ച് വേണം റോഡ് നിര്‍മ്മിക്കേണ്ടത്. തമിഴ്‌നാട് സിവില്‍ എന്‍ജിനീയറുടെ സാന്നിധ്യത്തിലാകണം റോഡ് പുനര്‍നിര്‍മ്മാണം. നിര്‍മ്മാണ പ്രവര്‍ത്തി ആറാഴ്ചയ്ക്കകം പൂര്‍ത്തിയാക്കണമെന്നും സുപ്രീംകോടതി അറിയിച്ചു. തമിഴ്‌നാടിന്റെ അപേക്ഷ രണ്ടാഴ്ചയ്ക്കുള്ളില്‍ കേരളം കേന്ദ്രത്തിന് കൈമാറണം എന്നും കോടതി നിർ‍ദ്ദേശം നൽകിയിട്ടുണ്ട്.

മുല്ലപ്പെരിയാര്‍ ഡാം വിഷയത്തില്‍ കേരളത്തെ കുറ്റപ്പെടുത്തി തമിഴ്നാട് സുപ്രീ കോടതിയെ സമീപിച്ചിരുന്നു. ഡാം അറ്റകുറ്റപ്പണി നടത്തണമെന്ന സുപ്രീം കോടതിയുടെ നിര്‍ദേശം കേരളം പാലിക്കുന്നില്ലെന്നും അറ്റകുറ്റപ്പണി നടത്താനുളള ശ്രമം കേരളം നിരന്തരം തടയുകയാണെന്നും തമിഴ്‌നാട് സുപ്രീം കോടതിയില്‍ ആരോപിച്ചിരുന്നു. മുല്ലപ്പെരിയാര്‍ ഡാം ശക്തിപ്പെടുത്താനാവുന്നില്ലെന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തില്‍ തമിഴ്‌നാട് വ്യക്തമാക്കിയിരുന്നു. കേരളം ഒരുവഴിക്ക് സുരക്ഷാവാദം ഉയര്‍ത്തുന്നു. മറുവഴിക്ക് വാര്‍ഷിക അറ്റകുറ്റപ്പണി പോലും തടയുന്നു. മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമാണ്. അറ്റകുറ്റപ്പണി നടത്തി ഡാം ബലപ്പെടുത്തിയാല്‍ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താനാകു'മെന്നായിരുന്നു മറുപടി സത്യവാങ്മൂലത്തില്‍ തമിഴ്‌നാട് വ്യക്തമാക്കിയിരുന്നത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട ഉന്നതാധികാരസമിതി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ ഏപ്രില്‍ 6-ന് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു. മേല്‍നോട്ട സമിതി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കാനാണ് കേരള, തമിഴ്‌നാട് സര്‍ക്കാരുകളോട് സുപ്രീം കോടതി ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച് ഇരു സര്‍ക്കാരുകള്‍ക്കും എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ രണ്ടാഴ്ച്ചയ്ക്കുളളില്‍ അറിയിക്കണമെന്നാണ് കോടതി നിര്‍ദേശിച്ചിരുന്നത്.

പുതിയ അണക്കെട്ട് എന്ന ആവശ്യം കേരളം സുപ്രീംകോടതിയില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഉന്നതാധികാര സമിതി മുന്നോട്ടുവെച്ചിട്ടുളള ശുപാര്‍ശകളുമായി മുന്നോട്ടു പോകാനാണ് കോടതി നിര്‍ദേശിച്ചത്. സംസ്ഥാനങ്ങള്‍ക്ക് എന്തെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ അത് കേള്‍ക്കുന്നതിനായി ഈ മാസം 19-ന് വീണ്ടും കോടതി ഹര്‍ജിയില്‍ വാദം കേള്‍ക്കും.

Content Highlights- Supreme Court accepts demand for 'repairs to be carried out on Mullaperiyar dam'

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us