'കൃഷ്ണന്‍കുട്ടി പറയിപ്പിച്ചതാണോ; ഇത് എല്‍ഡിഎഫ് സര്‍ക്കാരാണ്, അശോകന്റേത് അല്ല'; മറുപടിയുമായി എംഎം മണി
മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് ശേഷം വിശദമായി ഇക്കാര്യത്തില്‍ പ്രതികരിക്കും
15 Feb 2022 5:49 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

വൈദ്യുത മന്ത്രി കെ കൃഷ്ണന്‍കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എംഎം മണി എംഎല്‍എ. മുന്‍ ഇടത് സര്‍ക്കാരിന്റെ കാലത്ത് വൈദ്യുതി വകുപ്പില്‍ വന്‍ അഴിമതി നടന്നുവെന്ന കെഎസ്ഇബി ചെയര്മാന് ബി അശോകന്റെ ആരോപണത്തിലായിരുന്നു എംഎം മണിയുടെ മറുപടി. കെഎസ്ഇബി ചെയര്‍മാന്റെ ആരോപണത്തിന്റെ അടിസ്ഥാനം എന്താണെന്നും ഇതൊക്കെ കൃഷ്ണന്‍കുട്ടി പറയിപ്പിച്ചതാണോയെന്നും എംഎം മണി ചോദിക്കുന്നു. സംസ്ഥാനം ഭരിക്കുന്നത് എല്‍ഡിഎഫ് സര്‍ക്കാരാണ്, അശോകനല്ലെന്നും എംഎം മണി രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു.
'എന്ത് അടിസ്ഥാനത്തിലാണ് കെഎസ്ഇബി ചെയര്മാന് അങ്ങനെ പറഞ്ഞത്. മന്ത്രി അറിഞ്ഞുകൊണ്ടാണോ ഇത്. ബി അശോകനെ കൊണ്ട് മന്ത്രി പറയിപ്പിച്ചതാണോ. നാനാ വശങ്ങളും ആലോചിക്കേണ്ടതുണ്ട്. മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് ശേഷം വിശദമായി ഇക്കാര്യത്തില്‍ പ്രതികരിക്കും.' എംഎം മണി പറഞ്ഞു.
നാലര വര്‍ഷമായിരുന്നു താന്‍ കഴിഞ്ഞ സര്‍ക്കാരില്‍ മന്ത്രിയായിരുന്നത്. അക്കാലം വൈദ്യുതി ബോര്‍ഡിന് സുവര്‍ണകാലമായിരുന്നുവെന്ന് ഈ നാട്ടിലെ ആളുകള്‍ പറയും. അതിനാല്‍ അശോകന് പറഞ്ഞ കാര്യത്തികുറിച്ച് പരിശോധിച്ച് മുഖ്യമന്ത്രി പ്രതികരിച്ച് ശേഷം താന്‍ കൂടുതല്‍ പ്രതികരിക്കുമെന്നും എംഎം മണി വിശദീകരിച്ചു.
'സര്‍ക്കാര്‍ എല്‍ഡിഎഫിന്റേതാണ്. അശോകന്റേത് അല്ലല്ലോ. കൃഷ്ണന്‍കുട്ടി എല്‍ഡിഎഫിന്റെ മന്ത്രിയല്ലേ. അതുകൊണ്ട് കാര്യങ്ങളൊക്കെ ആലോചിച്ച് പറയണം. എനിക്ക് പറയാനുള്ളതൊക്കെ ആലോചിച്ച് ഞാന്‍ പറയും. ചെയര്മാന് എന്ന നിലയില്‍ അശോകന് ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമായി നിര്‍വഹിക്കട്ടെ. ഇപ്പോള്‍ കാര്യക്ഷമമായിട്ടല്ല. കറന്റ് പോയാല്‍ ആളില്ലല്ലോ. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഒരിക്കല്‍ പോലും വൈദ്യുതി ബോര്‍ഡിന് പൊലീസിന്റെ സംരക്ഷണം വേണ്ടി വന്നിട്ടില്ല. അപ്പോള്‍ കാര്യങ്ങള്‍ അത്വരെ എത്തിയല്ലോ.' എംഎം മണി പരിഹസിച്ചു.
കെഎസ്ഇബി ചെയര്‍മാനും സിഐടിയും ആഭിമുഖ്യത്തിലുള്ള സമരസമിതിയും തമ്മിലുള്ള പോരാണ് നിലവിലെ വിവാദങ്ങളുടെ തുടക്കം. ചെയര്‍മാനായ ബി അശോകന് അധികാര ദുര്‍വിനിയോഗം നടത്തി കെഎസ്ഇബിക്ക് വലിയ സാമ്പത്തികബാധ്യതയുണ്ടാക്കിയെന്നാണ് യൂണിയന്റെ ആരോപണം. ബി അശോകന് അധികാര ദുര്‍വിനിയോഗം നടത്തി പുറത്തിറക്കിയ ഉത്തരവുകള്‍ പിന്‍വലിക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്നാണ് സമരസമിതിയുടെ തീരുമാനം.
ഇതിനിടെയാണ് മറുപടിയുമായി ബി അശോകന് രംഗത്തെത്തുന്നത്. കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ കാലത്ത് വൈദ്യുതി ബോര്‍ഡിന് കോടികളുടെ ബാധ്യതയുണ്ടാക്കുന്ന തീരുമാനത്തിന് ഇടതുയൂണിയനും കൂട്ടുനിന്നുവെന്നാണ് അശോകന്റെ ആരോപണം. മുന്‍കൂര്‍ അനുമതി തേടാതെ 1200 കോടി അധിക ബാധ്യത വരുത്തുന്ന ശമ്പള പരിഷ്കരണം നടപ്പിലാക്കി. അത് എജിയുടെ വിശദീകരണം തേടലില്‍ വരെ എത്തിയിരിക്കുന്നു.
ടൂറിസം വികസനത്തിന് പല സൊസൈറ്റികള്‍ക്കും ബോര്‍ഡിന്റെ അനുമതിയോ സര്‍ക്കാര്‍ അനുമതിയോ ഇല്ലാതെ നൂറു കണക്കിന് ഏക്കര്‍ സ്ഥലം പാട്ടത്തിന് നല്കി. ചട്ടവിരുദ്ധമായി നിലപാട് ഫയലില്‍ എഴുതി ചേര്‍ത്ത് ഒപ്പിടാന്‍ ചീഫ് എഞ്ചിനിയര്‍ക്കുമേല്‍ യൂണിയനുകള്‍ സമ്മര്‍ദ്ദം ചെലുത്തി. സമരം ചെയ്യുന്ന സംഘടനയുടെ നേതാവ് ഉപയോഗിക്കാന്‍ അര്‍ഹതയില്ലാത്ത ഔദ്യോഗിക വാഹനം ആയിരക്കണക്കിന് കിലോമീറ്റര്‍ ദുരുപയോഗം ചെയ്തു.
വൈദ്യുതി ഭവനില്‍ സംസ്ഥാന വ്യവസായ സുരക്ഷ സേനയെ നിയോഗിച്ചത് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ നിര്‍ദേശമനുസരിച്ചാണ്. അതിനെ പോലീസ് രാജ് എന്നു കുറ്റപ്പെടുത്തുന്നത് പരിഹാസ്യമാണെന്നും ചെയര്മാന് കെഎസ്ഇബിയുടെ ഫേസ്ബുക്കിലിട്ട കുറിപ്പില്‍ പറയുന്നു.
STORY HIGHLIGHTS:MLA MM Mani Reaction over KSEB Chairman B Ashokan allegation
- TAGS:
- MM Mani
- KSEB
- Corruption
- CITU