
ചെമ്പ് കുപ്പികളിൽ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന പ്രചാരണം വ്യാപകമായി കേൾക്കാറുണ്ട്. ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും ഉൾപ്പെടെ നിരവധി കാര്യങ്ങൾക്ക് ചെമ്പ് ശരീരത്തിൽ അനിവാര്യമാണ്. എന്നിരുന്നാലും ചെമ്പ് കുപ്പികളിലെ വെള്ളം അധികമായി കുടിക്കുന്നത് വൃക്ക രോഗത്തിന് വരെ കാരണമായേക്കാമെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. വിശദമായി പരിശോധിക്കാം…
ചെമ്പ് പാത്രങ്ങളിലെ വെള്ളത്തിൻ്റെ ഗുണമെന്ത്?
പ്രധാനപ്പെട്ട ഒരു ധാതുവാണെങ്കിലും ചെമ്പ് ശരീരത്തിൽ ചെറിയ അളവിൽ മാത്രമേ ആവശ്യമുള്ളൂ. ദഹനപ്രക്രിയ സുഗമമാക്കാനും ഉപദ്രവകാരികളായ ബാക്ടീരിയകളെ നശിപ്പിക്കാനും ചെമ്പ് സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാനും ചെമ്പ് സഹായിക്കുമെന്ന് വിവിധ പഠനങ്ങൾ കണ്ടെത്തിയിരുന്നു. ചെമ്പ് ഉൾപ്പെട്ട വെള്ളം കുടിക്കുന്നതിലൂടെ ഹൃദയം ആരോഗ്യമുള്ളതാകും. ക്യാൻസറിനെ പ്രതിരോധിക്കാൻ വരെ ചെമ്പിൻ്റെ അംശമുള്ള വെള്ളം കുടിക്കുന്നത് സഹായിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
ചെമ്പ് അപകടമാകുന്നത് എപ്പോൾ?
ഒരുവശത്ത് ഒട്ടനവധി ഗുണങ്ങൾ ഉണ്ടെങ്കിലും ചെമ്പിൻ്റെ ഉപയോഗം കൂടുന്നത് അപകടവുമാണ്. അളവിൽ കൂടുതൽ ശരീരത്തിലെത്തിയാൽ ചെമ്പ് വിഷബാധയ്ക്ക് കാരണമായേക്കാം. ഓക്കാനം, ഛർദ്ദി, വയറുവേദന എന്നിവയാണ് ചെമ്പ് വിഷബാധയുടെ ലക്ഷണങ്ങൾ. ചെമ്പ് വിഷബാധ അധികമായാൽ കരൾ, വൃക്ക തുടങ്ങിയ അവയവങ്ങളെയും ബാധിച്ചേക്കാമെന്ന് പഠനങ്ങൾ പറയുന്നു. വൃക്ക നശിച്ച് പോകുന്നതിന് വരെ ഇത് കാരണമായേക്കാം.
ഉപയോഗിക്കുന്ന ചെമ്പ് കുപ്പികൾ ദ്രവിച്ച് തുടങ്ങിയാലാണ് അമിതമായി വെള്ളത്തിൽ കലരുക. നിരവധി തവണ ചെമ്പ് കുപ്പികളിൽ സൂക്ഷിച്ച വെള്ളം കുടിക്കുന്നതും ശരീരത്തിലേക്ക് അധിക അളവിൽ ചെമ്പിൻ്റെ അംശം എത്താൻ കാരണമാകും. വൃക്ക, കരൾ രോഗങ്ങൾ ഉള്ളവർക്കാണ് ചെമ്പ് വിഷബാധയ്ക്ക് അധികസാധ്യതയുള്ളത്. അതിനാൽ ഇത്തരം രോഗങ്ങൾ ഉള്ളവർ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം മാത്രം ചെമ്പ് പാത്രങ്ങളിൽ സൂക്ഷിച്ച വെള്ളം കുടിക്കുക.
ലോകാര്യോഗ സംഘടനയുടെ നിർദ്ദേശപ്രകാരം 1.3 മില്ലിഗ്രാമാണ് ഒരാൾക്ക് ഒരു ദിവസം ആവശ്യമുള്ള ചെമ്പിൻ്റെ അളവ്. അത് പരമാവധി രണ്ട് മില്ലിഗ്രാം വരെയാകാം. അധിക ചെമ്പ് വെള്ളത്തിൽ കലരുന്നത് ഒഴിവാക്കാൻ നിലവാരമുള്ള കുപ്പികൾ മാത്രം ഉപയോഗിക്കുക. ചായ, കാപ്പി, നാരങ്ങാവെള്ളം എന്നിവയ്ക്കായി ചെമ്പ് കുപ്പി ഉപയോഗിക്കരുത്. ചൂടുവെള്ളമോ തണുത്ത വെള്ളമോ ചെമ്പ് കുപ്പികളിൽ സൂക്ഷിക്കരുത്.
ചെമ്പ് കുപ്പികളിൽ കോപ്പർ ഓക്സൈഡ് അടിഞ്ഞുകൂടുന്നത് ഒഴിവാക്കാൻ നാരങ്ങാനീരോ ഉപ്പോ വിനാഗിരിയോ ഉപയോഗിച്ച് വൃത്തിയാക്കുക. ഉപയോഗിക്കുന്ന ചെമ്പ് കുപ്പിയിൽ കേടുപാടുകളോ തുരുമ്പോ ഉണ്ടോയെന്ന് കൃത്യമായ ഇടവേളകളിൽ പരിശോധിക്കുകയും വേണം.
Content Highlight: copper bottle doing more harm than good?