
തിരുവനന്തപുരം: പേരൂർക്കടയിൽ ദളിത് യുവതി ബിന്ദുവിനോട് പൊലീസ് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ പ്രതികരിച്ച് സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം കെ കെ ശൈലജ. ബിന്ദുവിനോട് അപമര്യാദയായി പെരുമാറിയ പൊലീസുദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് കെ കെ ശൈലജ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. സംഭവത്തിൽ എസ് ഐയെ സസ്പെൻ്റ് ചെയ്തു കൊണ്ട് ആഭ്യന്തര വകുപ്പ് നടപടി തുടങ്ങിയിട്ടുണ്ടെന്നും രാത്രിയിൽ സ്ത്രീകളെ അറസ്റ്റ് ചെയ്ത് പൊലീസ് സ്റ്റേഷനിൽ പാർപ്പിക്കാൻ പാടുള്ളതല്ലെന്നും കെ കെ ശൈലജ തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
കേരളാ പൊലീസ് അന്തസ്സുറ്റ പൊലീസ് സേനയാണെന്നും ചില പൊലീസുകാരുടെ ഇത്തരം പെരുമാറ്റം സേനക്കാകെ അപമാനമുണ്ടാക്കുന്നതാണെന്നും കെ കെ ശൈലജ ആരോപിച്ചു. കുട്ടികളെ പോറ്റാൻ കഷ്ടപ്പെടുന്ന ബിന്ദുവിനെതിരെ കള്ളപ്പരാതി കൊടുത്തവർ മാപ്പ് ചോദിക്കണമെന്നും സർക്കാർ ബിന്ദുവിനൊപ്പമുണ്ടെന്നും കെ കെ ശൈലജ അറിയിച്ചു. അതേ സമയം സംഭവത്തിൽ എസ്‌ഐ പ്രസാദിനെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ മാസം 23-നാണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ബിന്ദുവിനോട് പേരൂർക്കട പൊലീസ് ക്രൂരത കാട്ടിയത്. ബിന്ദു ജോലിക്ക് നിന്ന വീട്ടിൽ നിന്ന് സ്വർണമാല കാണാതെയായിരുന്നു. വീട്ടുകാര്‍ നല്‍കിയ പരാതിയെ തുടർന്ന് സ്റ്റേഷനിൽ വിളിച്ചുവരുത്തി അതിക്രമം കാണിച്ചെന്ന് ബിന്ദു റിപ്പോർട്ടർ ടിവിയോട് പറഞ്ഞിരുന്നു. ക്രൂരതയാണ് തന്നോട് പൊലീസ് കാണിച്ചതെന്നും 'മാലയെവിടെടീ എന്ന് ചോദിച്ച് ചീത്ത പറഞ്ഞുവെന്നും വിവസ്ത്രയാക്കി പരിശോധന നടത്തിയെന്നും അടിക്കാൻ വന്നുവെന്നും ബിന്ദു ആരോപിച്ചിരുന്നു.
മക്കളെ കേസിൽ കുടുക്കുമെന്ന് പറഞ്ഞപ്പോൾ താങ്ങാൻ പറ്റിയില്ല. അടുത്ത ദിവസം മാല കാണാതായ വീട്ടിലെ അമ്മയും മകളും തന്നെ വിളിച്ച് കേസില്ല എന്നും വെറുതെ വിടുകയാണെന്നും പറഞ്ഞു. അപ്പോഴും ഈ മാല കിട്ടി എന്ന് തന്നോട് പറയുന്നില്ല. പിന്നീട് തന്റെ ഭർത്താവാണ് മാല വീട്ടിൽ തന്നെ ഉണ്ടായിരുന്നുവെന്ന് പറഞ്ഞതെന്നും ബിന്ദു പറഞ്ഞിരുന്നു. സംഭവത്തിൽ പരാതി നൽകാൻ ചെന്നപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് മോശം അനുഭവമാണ് ഉണ്ടായത് എന്നും ബിന്ദു പറഞ്ഞിരുന്നു. പൊലീസിനെതിരെ താൻ നൽകിയ പരാതി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി വായിച്ചുപോലും നോക്കിയില്ലെന്നും നിസ്സംഗതയോടെയാണ് പി ശശി പെരുമാറിയതെന്നും ബിന്ദു റിപ്പോർട്ടറിനോട് പറഞ്ഞു.
പേരൂർക്കടയിലെ ദളിത് യുവതി ബിന്ദുവിനോട് അപമര്യാദയായി പെരുമാറിയ പോലീസുദ്യോഗസ്ഥർക്കെതിരെ
ശക്തമായ നടപടികൾ സ്വീകരിക്കണം. SI യെ സസ്പെൻ്റ് ചെയ്തു കൊണ്ട് ആഭ്യന്തര വകുപ്പ് നടപടി തുടങ്ങിയിട്ടുണ്ട്. രാത്രിയിൽ സ്ത്രീകളെ അറസ്റ്റ് ചെയ്ത് പോലീസ് സ്റ്റേഷനിൽ പാർപ്പിക്കാൻ പാടുള്ളതല്ല. കേരളാ പോലീസ് പൊതുവെ അന്തസ്സുറ്റ പോലീസ് സേനയാണ്. ചില പോലീസുകാരുടെ ഇത്തരം പെരുമാറ്റമാണ് സേനക്കാകെ അപമാനമുണ്ടാക്കുന്നത്. കള്ളപ്പരാതി കൊടുത്ത വീട്ടുകാർ അധ്വാനിച്ച് കുട്ടികളെ
പോറ്റാൻ കഷ്ടപ്പെടുന്ന ദളിത് യുവതിയായ ബിന്ദുവിനോട് ക്ഷമ ചോദിക്കണം. LDF ഗവ: ബിന്ദുവിൻ്റെ കൂടെയുണ്ടാകും എന്നുറപ്പുണ്ട്. ബിന്ദുവിന് എല്ലാ പിന്തുണയും അറിയിക്കുന്നു
content highlights: Bindu is a mother struggling to feed her children; KK Shailaja against kerala police