
നിരവധി സീരിയലുകളിലൂടെയും ഉറി, പികെ തുടങ്ങിയ സിനിമകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് റുഖ്‌സാർ റഹ്‌മാൻ. 'യാദ് രഖേഗി ദുനിയ' എന്ന ബോളിവുഡ് സിനിമയിലൂടയാണ് അവർ സിനിമാരംഗത്തേക്ക് കടന്നു വരുന്നത്. ഇപ്പോഴിതാ തന്റെ പത്തൊൻപതാം വയസിൽ ഭർത്താവിന്റെ വീടുവിട്ടിറങ്ങേണ്ടി വന്നതിനെക്കുറിച്ചും തിരികെ സിനിമയിൽ എത്തിയതിനെക്കുറിച്ചും മനസുതുറക്കുകയാണ് റുഖ്‌സാർ റഹ്‌മാൻ.
പതിനേഴ് വയസ്സുള്ളപ്പോഴാണ് ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. എന്നാൽ മാതാപിതാക്കൾ അതിന് എതിരായിരുന്നെന്നും റുഖ്‌സാർ പറയുന്നു. 17-ാം വയസിൽ വിവാഹിതയായ താൻ 19 വയസുള്ളപ്പോൾ ഒരു പെൺകുഞ്ഞിന്റെ അമ്മയായി. ദാമ്പത്യത്തിലെ പ്രശ്നങ്ങൾ തന്റെ ജീവിതത്തിനും വിലങ്ങുതടിയായെന്നും ഒടുവിൽ ഒരു രാത്രി വെറും 8 മാസം മാത്രം പ്രായമുള്ള മകളെയുമെടുത്ത് ഭർത്താവിന്റെ വീട് വിട്ടു ഇറങ്ങേണ്ടി വന്നെന്നും റുഖ്‌സാർ പറയുന്നു. ഹ്യൂമൻസ് ഓഫ് ബോംബയ്ക്ക് നൽകിയ അഭിമുഖത്തിലാണ് റുഖ്‌സാർ തന്റെ ജീവിതകഥ മനസുതുറന്നത്.
'പതിനേഴ് വയസ്സുള്ളപ്പോഴാണ് ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. എന്നാൽ മാതാപിതാക്കൾ അതിന് എതിരായിരുന്നു. എന്നെ നിർബന്ധിച്ച് അഭിനയം നിർത്തിക്കുകയും വിവാഹം കഴിപ്പിക്കുകയും ചെയ്തു. 19 വയസ്സുള്ളപ്പോൾ ഞാനൊരു പെൺകുഞ്ഞിന്റെ അമ്മയായി. ഐഷ എന്നാണു അവളുടെ പേര്. ഐഷയോടൊപ്പം, ഞാൻ ജീവിതത്തിന് പുതിയ ലക്ഷ്യം കണ്ടെത്തി. പുറത്ത് നിന്ന് നോക്കുമ്പോൾ എന്റെ ജീവിതം എല്ലാം തികഞ്ഞതായി തോന്നിയിരുന്നു. ഞാൻ ഒരു നല്ല ഭാര്യയാകാൻ ശ്രമിച്ചു. എന്നാൽ കാലക്രമേണ, ദാമ്പത്യത്തിൽ വിള്ളലുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഒടുവിൽ അത് തകരുകയും ചെയ്തു.'
'ഒരു രാത്രി, കഴിയുന്നത്ര സാധനങ്ങൾ പായ്ക്ക് ചെയ്ത് ഞാൻ ഭർത്താവിന്റെ വീട്ടിൽ നിന്നും ഇറങ്ങി. എന്റെ മകൾക്ക് വെറും 8 മാസം മാത്രമായിരുന്നു പ്രായം. ഞങ്ങളുടെ ജീവിതം മാറാൻ പോകുകയാണെന്ന് അന്ന് അവൾക്കറിയില്ലായിരുന്നു. ഞാൻ ചെയ്യുന്നത് ശരിയായ കാര്യമാണോ? എന്ന് ഞാൻ സ്വയം ചോദിച്ചുകൊണ്ടിരുന്നു. ഒടുവിൽ തിരിച്ച് എന്റെ വീട്ടിലെത്തി അച്ഛൻ വാതിൽ തുറന്നപ്പോൾ ഒരു ചോദ്യങ്ങളും എന്നോട് ചോദിച്ചില്ല, 'നീ ഓക്കേ ആയിരിക്കും' എന്ന് മാത്രമാണ് പറഞ്ഞത്. ജീവിതത്തിൻ്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പിന്നീട് ജന്മനാടായ ഉത്തർപ്രദേശിലെ രാംപൂരിൽ ഒരു ഗാർമെൻ്റ് ബോട്ടിക് തുറന്നു. എന്നാൽ എന്റെ ഉള്ളിലെ അഭിനേത്രി എപ്പോഴും തിരിച്ചുവരവ് ആഗ്രഹിച്ചിരുന്നു.'
വർഷങ്ങൾക്ക് ശേഷം, റുഖ്‌സർ ചലച്ചിത്ര നിർമ്മാതാവ് ഫാറൂഖ് കബീറിനെ വിവാഹം കഴിച്ചു, പക്ഷേ 13 വർഷത്തിനു ശേഷം അവർ വിവാഹമോചനത്തിന് അപേക്ഷ നൽകി. 'വിവാഹമോചനം എന്നെ വേദനിപ്പിച്ചു. പക്ഷേ ഐഷ എന്റെ അരികിലുണ്ടായിരുന്നു. എന്റെ കഥ അവസാനിച്ചുവെന്ന് ഞാൻ കരുതിയ ഒരു കാലമുണ്ടായിരുന്നു. പക്ഷെ അതിനെക്കുറിച്ച് മറക്കാൻ എനിക്ക് അഭിനയത്തിലൂടെ സാധിച്ചു. നിങ്ങൾ എന്തെങ്കിലും ചെയ്യാൻ തയ്യാറായി ഇറങ്ങിക്കഴിഞ്ഞാൽ നിങ്ങളുടെ വഴി നിങ്ങൾ താനേ കണ്ടെത്തും.', റുഖ്‌സാർ പറഞ്ഞു.
ദി ബോഡി, ഖുദാ ഹാഫിസ്, 83 , മലയാളം ചിത്രമായ ടേക്ക് ഓഫ്, ദി നൈറ്റ് മാനേജർ തുടങ്ങിയവയാണ് തിരിച്ചുവരവിൽ റുഖ്‌സാറിന്റെ പ്രോജെക്റ്റുകൾ. റുഖ്‌സാറിന്റെ മകൾ ഐഷ അഹമ്മദ് ബോളിവുഡ് നടിയാണ്. നിരവധി വെബ് സീരീസുകളിലും യൂട്യൂബ് സ്കെച്ച് വീഡിയോസിലും ഐഷ വേഷമിട്ടിട്ടുണ്ട്.
Content Highlights: Actor Rukhsar Rehman talks about her life and failed marriage