
ഡല്‍ഹി: ഇന്ത്യ-പാകിസ്താന്‍ വെടിനിര്‍ത്തലില്‍ അമേരിക്കയ്ക്ക് പങ്കില്ലെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. സൈനിക നടപടികള്‍ അവസാനിപ്പിക്കാനുളള തീരുമാനം ഇന്ത്യയും പാകിസ്താനും ഉഭയകക്ഷി തലത്തിലെടുത്ത തീരുമാനമാണെന്നും വിദേശകാര്യ തലത്തില്‍ ഒരു ആശയവിനിമയവും നടന്നിട്ടില്ലെന്നും വിക്രം മിസ്രി പറഞ്ഞു.
പാര്‍ലമെന്റിൻ്റെ വിദേശകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തിലാണ് മിസ്രി ഇക്കാര്യം വ്യക്തമാക്കിയത്. ഓപ്പറേഷന്‍ സിന്ദൂറിനെ തുടര്‍ന്നുണ്ടായ സൈനിക സംഘര്‍ഷത്തില്‍ വെടിനിര്‍ത്തലിനായി ആദ്യം മുന്നോട്ടുവന്നത് പാകിസ്താനാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ഇന്ത്യാ-പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ അമേരിക്ക നടത്തിയ ഇടപെടലിനെക്കുറിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിരന്തരം അവകാശവാദം ഉന്നയിക്കുന്ന പശ്ചാത്തലത്തിലാണ് വിക്രം മിസ്രിയുടെ പ്രതികരണം.
'പാകിസ്താന്റെ ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് വെടിനിര്‍ത്തല്‍ ആവശ്യവുമായി ഇന്ത്യയുടെ ഡിജിഎംഒയെ വിളിക്കുകയായിരുന്നു. ലഹോറിലെ ചൈനീസ് വ്യോമ പ്രതിരോധ സംവിധാനവും ചക്‌ലാലയിലെ തന്ത്രപ്രധാനമായ നൂര്‍ഖാന്‍ വ്യോമതാവളവും ഇന്ത്യ ആക്രമിച്ചതോടെയാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടത്. വെടിനിര്‍ത്തലില്‍ യുഎസ് ഇടപെട്ടിട്ടില്ല. ട്രംപ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് ഇന്ത്യയുമായി ആലോചിച്ചല്ല.'- വിക്രം മിസ്രി കമ്മിറ്റി മുന്‍പാകെ വ്യക്തമാക്കി.
ഇന്ത്യയും പാകിസ്താനും തമ്മില്‍ വെടിനിര്‍ത്തല്‍ ധാരണയായെന്ന വിവരം ഇന്ത്യ പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകള്‍ മുന്‍പേ തന്നെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എക്‌സിലൂടെ അറിയിച്ചിരുന്നു. അമേരിക്കയാണ് വെടിനിര്‍ത്തല്‍ ധാരണയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.
Content Highlights: US has no role in india pakistan ceasefire says vikram misri