'രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന പേരിൽ മോദി സര്‍ക്കാര്‍ ഒസിഐ റദ്ദാക്കി'; ഇന്ത്യൻ വംശജയായ പ്രൊഫസർ

ഇന്ത്യന്‍ വംശജരായ വിദേശ പൗരന്മാര്‍ക്ക് ഇന്ത്യയില്‍ താമസിക്കാനും ജോലി ചെയ്യാനും അധികാരം നല്‍കുന്ന ഇമിഗ്രേഷന്‍ സ്റ്റാറ്റസാണ് ഒസിഐ പദവി

dot image

ഡല്‍ഹി: രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് നരേന്ദ്രമോദി സര്‍ക്കാര്‍ തന്റെ ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് ഓഫ് ഇന്ത്യ (ഒസിഐ) റദ്ദാക്കിയെന്ന് ഇന്ത്യന്‍ വംശജയായ പ്രൊഫസര്‍ നിതാഷ കൗള്‍. മെയ് 18-ന് തന്റെ ഒസിഐ റദ്ദാക്കിക്കൊണ്ടുളള കേന്ദ്രസര്‍ക്കാരിന്റെ അറിയിപ്പും നിതാഷ എക്‌സ് പോസ്റ്റിലൂടെ പങ്കുവെച്ചിരുന്നു. വിവിധ അന്താരാഷ്ട്ര വേദികളിലും സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളിലും എഴുതിയ ലേഖനങ്ങള്‍, പ്രസംഗങ്ങള്‍ തുടങ്ങിയവയിലൂടെ നിതാഷ ഇന്ത്യയെ ലക്ഷ്യംവയ്ക്കുകയായിരുന്നുവെന്നും നിരന്തരം ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടെന്നും ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ നിതാഷ കൗളിന്റെ ഒസിഐ റദ്ദാക്കിയത്.


സര്‍ക്കാരിന്റെ നടപടിക്കെതിരെ നിതാഷ കൗള്‍ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി. 'ജനാധിപത്യത്തിന്റെ മാതാവ് എന്റെ അമ്മയെ കാണാനുളള എന്റെ അവസരം നിഷേധിക്കുന്നത് എന്തുകൊണ്ടാണ് എന്ന് ഗവണ്‍മെന്റ് ഓഫ് ഇന്ത്യയുടെ വിദേശ പിആര്‍ പ്രതിനിധികള്‍ പറയുമോ? ഇന്ത്യന്‍ പൗരന്മാരെ അറസ്റ്റ് ചെയ്യുകയോ തടവിലാക്കുകയോ ചെയ്യുന്നതും വിദേശത്തുളള ഇന്ത്യന്‍ വംശജര്‍ക്ക് കുടുംബത്തിലേക്കുളള പ്രവേശനം തടയുന്നതുമായ നടപടികളെ എങ്ങനെ നിങ്ങള്‍ ന്യായീകരിക്കും? സദുദ്ദേശത്തോടെയുളള വിയോജിപ്പുകളെ ബഹുമാനിക്കാന്‍ കഴിയാത്തവിധം അപകർഷതാ ബോധമാണ് ഇന്ത്യന്‍ സര്‍ക്കാരിന്'- നിതാഷ എക്‌സില്‍ കുറിച്ചു.

ഇന്ത്യന്‍ വംശജരായ വിദേശ പൗരന്മാര്‍ക്ക് ഇന്ത്യയില്‍ താമസിക്കാനും ജോലി ചെയ്യാനും അധികാരം നല്‍കുന്ന ഇമിഗ്രേഷന്‍ സ്റ്റാറ്റസാണ് ഒസിഐ പദവി. നിരന്തരം കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന നിതാഷ ലണ്ടന്‍ ആസ്ഥാനമായുളള വെസ്റ്റ്മിന്‍സ്റ്റര്‍ സര്‍വ്വകലാശാലയിലെ പൊളിറ്റിക്‌സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് വിഭാഗത്തിന്റെ ഫാകല്‍റ്റി അംഗമാണ്. ഡല്‍ഹിയിലെ ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സില്‍ നിന്ന് ബിരുദം നേടിയ നിതാഷ യുകെയിലെ ഹള്‍ സര്‍വ്വകലാശാലയില്‍ നിന്നാണ് ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും നേടിയത്. കഴിഞ്ഞ വര്‍ഷം കര്‍ണാടക സര്‍ക്കാര്‍ 'ഇന്ത്യന്‍ ഭരണഘടനയും ഐക്യവും' എന്ന പേരില്‍ ബെംഗളൂരുവില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ പങ്കെടുക്കാന്‍ നിതാഷ കൗളിനെ ക്ഷണിച്ചിരുന്നു. എന്നാല്‍ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ നിതാഷയെ ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കാതെ വിമാനത്താവളത്തില്‍ പിടിച്ചുവയ്ക്കുകയും പിന്നീട് യുകെയിലേക്ക് തിരിച്ചയയ്ക്കുകയും ചെയ്തിരുന്നു.

Content Highlights: Indian origin professor nitasha kaul losses oci status over anti india activities

dot image
To advertise here,contact us
dot image