
ഐപിഎൽ സീസണിൽ സൺറൈസേഴ്സിനായി അത്ര മികച്ച പ്രകടനങ്ങൾ നടത്താൻ അഭിഷേക് ശർമയ്ക്ക് സാധിച്ചിരുന്നില്ല. പഞ്ചാബ് കിങ്സിനെതിരെയുള്ള ഒരു സെഞ്ച്വറിയും ഗുജറാത്ത് ടൈറ്റൻസിനെതിരെ നിർണായക മത്സരത്തിലെ അർധ സെഞ്ച്വറിയുമൊഴിച്ചാൽ അഭിഷേകിന്റെ ബാറ്റിൽ നിന്നും മികച്ച പ്രകടനങ്ങൾ ഉണ്ടായിട്ടില്ല. എന്നാൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ തന്റെ വെടിക്കെട്ടിന് മങ്ങലേറ്റിട്ടില്ലെന്ന് തെളിയിച്ചിരിക്കുകയാണ് അഭിഷേക്.
20 പന്തുകൾ മാത്രം നേരിട്ട് നാല് ഫോറും ആറ് സിക്സറും സഹിതം 59 റൺസാണ് ലഖ്നൗവിനെതിരെ അഭിഷേക് അടിച്ചെടുത്തത്. ഇതിൽ നാല് സിക്സറുകൾ രവി ബിഷ്ണോയ് എറിഞ്ഞ ഏഴാം ഓവറിൽ തുടർച്ചയായ നാല് പന്തുകളിലാണ് അഭിഷേക് നേടിയത്. പിന്നാലെ താരം പുറത്താകുകയും ചെയ്തു. എങ്കിലും സൺറൈസേഴ്സ് സ്കോർ എട്ടാം ഓവറിൽ 100 റൺസിനരികിൽ എത്തിച്ചാണ് അഭിഷേക് മടങ്ങിയത്. മത്സരം 10 ഓവർ പിന്നിടുമ്പോൾ സൺറൈസേഴ്സ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 120 റൺസെടുത്തിട്ടുണ്ട്.
നേരത്തെ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 205 റൺസെടുത്തു. മിച്ചൽ മാർഷും എയ്ഡാൻ മാർക്രവും നിക്കോളാസ് പുരാനും നന്നായി കളിച്ചതാണ് ലഖ്നൗവിനെ മികച്ച സ്കോറിലെത്തിച്ചത്. 39 പന്തിൽ ആറ് ഫോറും നാല് സിക്സറും സഹിതം മാർഷ് 65 റൺസെടുത്തു. 38 പന്തിൽ നാല് ഫോറും നാല് സിക്സറും സഹിതം മാർക്രം 61 റൺസാണ് നേടിയത്. ഇരുവരും ചേർന്ന ഒന്നാം വിക്കറ്റിൽ 115 റൺസ് കൂട്ടിച്ചേർത്തിരുന്നു.
MADNESS OF ABHISHEK SHARMA...!!! 🥶 pic.twitter.com/VexQaRzES1
— Johns. (@CricCrazyJohns) May 19, 2025
മധ്യനിരയിൽ 26 പന്തിൽ ആറ് ഫോറും ഒരു സിക്സറും സഹിതം നിക്കോളാസ് പുരാൻ 45 റൺസും സംഭാവന ചെയ്തു. രണ്ട് വിക്കറ്റെടുത്ത ഇഷാൻ മലിംഗയാണ് സൺറൈസേഴ്സ് നിരയിൽ തിളങ്ങിയത്. മറുപടി ബാറ്റിങ്ങിൽ ആറ് ഓവർ പിന്നിടുമ്പോൾ സൺറൈസേഴ്സ് ഒരു വിക്കറ്റ് നഷ്ടത്തിൽ 72 റൺസെടുത്തിട്ടുണ്ട്.
Content Highlights: Abhishek Sharma showing his Class against LSG