
ഡല്‍ഹി: ഏഷ്യന്‍ രാജ്യങ്ങളില്‍ കൊവിഡ് 19ൻ്റെ പുതിയ തരംഗം വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. ഹോങ്കോങ്ങിലും സിംഗപ്പൂരിലുമാണ് പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഹോങ്കോങ്ങില്‍ 10 ആഴ്ച്ചകള്‍ക്കുളളില്‍ ആഴ്ച തോറുമുളള കൊവിഡ് കേസുകളുടെ എണ്ണം മുപ്പത് ശതമാനമായാണ് വര്‍ധിച്ചത്. സിംഗപ്പൂരില്‍ ഒരാഴ്ച്ചയ്ക്കുളളില്‍ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ 30 ശതമാനം വര്‍ധനവാണുണ്ടായത്. ചൈനയിലും തായ്‌ലാന്‍ഡിലും കൊവിഡ് 19 കേസുകളില്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ഇവിടങ്ങളില്‍ അധികൃതര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
കൊവിഡ് പടരുന്നത് തടയാന്‍ എല്ലായ്‌പ്പോഴും പൊതുജനങ്ങള്‍ കര്‍ശനമായ വ്യക്തിശുചിത്വവും പരിസ്ഥിതി ശുചിത്വവും പാലിക്കണമെന്ന് ഹോങ്കോങ്ങ് സര്‍ക്കാര്‍ നിര്‍ദേശിച്ചു. രോഗികളും പ്രതിരോധ ശേഷി കുറഞ്ഞവരും ഒരു ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്. നേരത്തെ അവസാന ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും പുതുതായി വാക്‌സിന്‍ എടുക്കണമെന്നാണ് നിര്‍ദേശം.
സിംഗപ്പൂരില്‍ ഏപ്രില്‍ 27-ന് അവസാനിച്ച ആഴ്ചയിൽ 11,000 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് മെയ് 3 ആകുമ്പോഴേക്കും 14,200 ആയി ഉയര്‍ന്നു. ഇതേ കാലയളവില്‍ സിംഗപ്പൂര്‍ സര്‍ക്കാരിന്റെ കണക്കനുസരിച്ച് കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 102-ല്‍ നിന്ന് 133 ആയി ഉയര്‍ന്നു. ജനങ്ങളുടെ പ്രതിരോധശേഷി കുറയുന്നതുള്‍പ്പെടെയുളള ഘടകങ്ങള്‍ മൂലമാകാം കേസുകളില്‍ വര്‍ധനവുണ്ടാകുന്നത് എന്നാണ് സര്‍ക്കാരിന്റെ നിഗമനം.
തായ്‌ലാന്‍ഡിലും കൊവിഡ് കേസുകളില്‍ കാര്യമായ വര്‍ധനവാണ് ഉണ്ടായത്. രാജ്യത്ത് 71,067 കൊവിഡ് കേസുകളാണ് ഈ വര്‍ഷം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 19 പേരാണ് മരണപ്പെട്ടത്. പനി, ചുമ, തൊണ്ടവേദന, ജലദോഷം, മൂക്കടപ്പ്, തുമ്മല്‍, തലവേദന, ഛര്‍ദി, ശരീരവേദന, ഗന്ധമോ രുചിയോ നഷ്ടപ്പെടുന്ന അവസ്ഥ, ശ്വാസതടസം, കണ്ണിലെ ചുവപ്പ് തുടങ്ങിയവയാണ് കൊവിഡിന്റെ ലക്ഷണങ്ങള്‍.
Content Highlights: Massive covid cases surge in asian countries