Top

'ഇന്ത്യയുടെ തീരാനഷ്ടം'; ബിപിന്‍ റാവത്തിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി മോഹൻലാൽ

അദ്ദേഹത്തിന്റെ വിലപ്പെട്ട സംഭാവനകളും പ്രവർത്തനങ്ങളും രാഷ്ട്രത്തിന് എന്നും മുതൽക്കൂട്ടാണ് എന്നും മോഹൻലാൽ പറഞ്ഞു.

8 Dec 2021 2:43 PM GMT
ഫിൽമി റിപ്പോർട്ടർ

ഇന്ത്യയുടെ തീരാനഷ്ടം; ബിപിന്‍ റാവത്തിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി മോഹൻലാൽ
X

സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി മോഹൻലാൽ. ഇന്ത്യയുടെ തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗമെന്ന മോഹൻലാൽ പറഞ്ഞു. അദ്ദേഹത്തിന്റെ വിലപ്പെട്ട സംഭാവനകളും പ്രവർത്തനങ്ങളും രാഷ്ട്രത്തിന് എന്നും മുതൽക്കൂട്ടാണ് എന്നും മോഹൻലാൽ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

'ഇന്ത്യ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും അസാമാന്യ പ്രതിഭയുമായ ഒരു സൈനിക ഉദ്യോഗസ്ഥനെയാണ് ഇന്ത്യക്ക് നഷ്ടമായത്. സിഡിഎസ് ജനറൽ ബിപിൻ റാവത്തിന്റെയും കുടുംബത്തിന്റെയും മറ്റ് സായുധ സേനാ ഉദ്യോഗസ്ഥരുടെയും നികത്താനാവാത്ത നഷ്ടത്തിൽ അതീവ ദുഃഖമുണ്ട്. അദ്ദേഹത്തിന്റെ വിലപ്പെട്ട സംഭാവനകളും അത്യധികം വിവേകത്തോടെയുള്ള പ്രവർത്തനങ്ങളും രാഷ്ട്രത്തിന് എന്നും മുതൽക്കൂട്ടാണ്. ഈ മഹാനായ സൈനികന്റെയും ഭാര്യയുടെയും മറ്റ് സൈനികരുടെയും വേർപാടിന്റെ വേദന പങ്കിടുവാൻ ഞാനും എന്റെ കുടുംബവും രാജ്യത്തോടൊപ്പം ചേരുന്നു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവർക്കും അടുത്തവർക്കും ഹൃദയം നിറഞ്ഞ അനുശോചനം, മോഹൻലാൽ കുറിച്ചു.


ഹെലികോപ്ടര്‍ അപകടത്തില്‍ ബിപിന്‍ റാവത്ത്, ഭാര്യ മധുലിക റാവത്ത് അടക്കം 13 മരിച്ചതായി വ്യോമയാന മന്ത്രാലയമാണ് ഔദ്യോഗികമായി അറിയിച്ചത്. പരുക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് ഊട്ടിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ചവരുടെ മൃതശരീരം തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്തുമെന്നും മൃതദേഹങ്ങള്‍ നാളെ വൈകുന്നേരത്തോടെ ഡല്‍ഹിയില്‍ എത്തിക്കുമെന്നും സേനവൃത്തങ്ങള്‍ അറിയിച്ചു.

ബ്രിഗേഡിയര്‍ എല്‍.എസ് ലിഡര്‍, ലെഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിംഗ്, എന്‍.കെ ഗുര്‍സേവക് സിംഗ്, എന്‍.കെ ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരാണ് ഹെലികോപ്ടറിലെ മറ്റുയാത്രക്കാര്‍. സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ യോഗം സ്ഥിതിഗതികള്‍ വിലയിരുത്തി.

കൂനൂരില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ ദൂരെയുള്ള കട്ടേരി പാര്‍ക്കില്‍ ഉച്ചയ്ക്ക് 12.30നായിരുന്നു അപകടം നടന്നത്. വ്യോമസേനയുടെ എംഐ 17 വി 5 ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്. കോയമ്പത്തൂരിലെ സുലൂര്‍ വ്യോമസേനത്താവളത്തില്‍ നിന്ന് വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലെ ഡിഫന്‍സ് സര്‍വീസസ് കോളേജിലേക്ക് പോവുകയായിരുന്നു സംഘം. കോളജില്‍ സംഘടിപ്പിച്ച കേഡറ്റ് ഇന്ററാക്ഷന്‍ പ്രോഗ്രാമില്‍ പങ്കെടുക്കാനായിരുന്നു യാത്ര. ഡല്‍ഹിയില്‍ നിന്ന് രാവിലെയാണ് ബിപിന്‍ റാവത്തും സംഘവും പ്രത്യേക വിമാനത്തില്‍ സുലൂര്‍ വ്യോമകേന്ദ്രത്തില്‍ എത്തിയത്. ഉച്ചക്ക് 2.40ന് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ 11.40നാണ് സംഘവും ഹെലികോപ്ടറില്‍ പുറപ്പെട്ടത്. 12.10ന് വെല്ലിങ്ടണില്‍ എത്തി. പക്ഷെ കനത്തമഞ്ഞ് കാരണം ഹെലികോപ്ടര്‍ ഇറക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് സുലൂരിലേക്ക് മടങ്ങി. ഏകദേശം 12.20ന് ശേഷം കുനൂരിലെ കട്ടേരി ഫാമിന് സമീപത്തേക്കായി ഹെലികോപ്ടര്‍ തകര്‍ന്നു വീഴുകയായിരുന്നു.

Next Story