മൂന്നു വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസ്; പ്രതി സന്ധ്യയെ റിമാൻഡ് ചെയ്തു

14 ദിവസത്തേക്കാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്. കണ്ണീരോർമയായി കല്യാണി; വിട നൽകി നാട്

dot image

കൊച്ചി: മൂന്ന് വയസ്സുകാരി കല്ല്യാണിയെ മൂഴിക്കുളം പാലത്തില്‍ നിന്നും എറിഞ്ഞ് കൊലപ്പെടുത്തിയ പ്രതി സന്ധ്യയെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്. അതേ സമയം കല്യാണിയുടെ മൃതദേഹം പിതാവിന്റെ മറ്റക്കുഴിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. വിങ്ങലടക്കാനാവാതെ നിരവധിപ്പേരാണ് കല്യാണിയെ അവസാനമായി ഒരുനോക്ക് കാണാന്‍ വീട്ടിലേക്ക് ഒഴുകിയെത്തിയത്.

കുട്ടിയുടെ കൊലപാതകത്തില്‍ അമ്മ സന്ധ്യ കുഞ്ഞിനെ കൊല്ലാനുള്ള കാരണം ഇനിയും വ്യക്തമായിട്ടില്ലെന്ന് എറണാകുളം റൂറല്‍ പൊലീസ് മേധാവി എം ഹേമലത ഐപിഎസ് പറഞ്ഞു. സന്ധ്യ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ടെന്നും എന്നാല്‍ പൂര്‍ണമായും വിശ്വാസത്തിലെടുക്കാന്‍ സാധിക്കുന്ന മൊഴികള്‍ ലഭിച്ചിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കുട്ടിയുമായി സന്ധ്യ പാലത്തിലേക്ക് വന്നതും കുട്ടിയില്ലാതെ തിരികെ പോകുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. വീട്ടിലുള്ള പ്രശ്‌നങ്ങളെ സംബന്ധിച്ചും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. കുറ്റകൃത്യത്തില്‍ സന്ധ്യയെ ആരും സഹായിച്ചിട്ടില്ല.

മെഡിക്കല്‍ പരിശോധന നടത്തി ആവശ്യമെങ്കില്‍ മാനസിക വിദഗ്ധരെ കൂടി അന്വേഷണത്തില്‍ ഉള്‍പ്പെടുത്തും. സന്ധ്യയുടെ ബന്ധുക്കളുടെയെല്ലാം മൊഴിയെടുക്കുമെന്നും നിലവില്‍ അവര്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ടെന്നും ഹേമലത വ്യക്തമാക്കി.ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തതിന് പിന്നാലെ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കല്യാണിയെ അമ്മ സന്ധ്യ മൂഴിക്കുളം പാലത്തിന് മുകളില്‍ നിന്ന് പുഴയിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് നിര്‍ണായകമായത്.

content highlights: Three-year-old girl's murder case; Accused Sandhya remanded

dot image
To advertise here,contact us
dot image