
പഞ്ചാബിലെ ഇന്ത്യ-പാക് അതിര്‍ത്തികളിലെ ബീറ്റിങ് റിട്രീറ്റ് ചടങ്ങില്‍ ചൊവ്വാഴ്ച്ച മുതല്‍ ജനങ്ങള്‍ക്ക് കാണികളായി എത്താമെന്ന് അഗ്‌നിരക്ഷാസേന (ബിഎസ്എഫ്) അറിയിച്ചു. തിങ്കളാഴ്ച്ചയാണ് സേന ഇക്കാര്യമറിയിച്ചത്. വാഗ-അട്ടാരി, ഹുസ്സൈന്‍വാല-സഡ്കി എന്നീ അതിര്‍ത്തികളില്‍ ദിവസവും വൈകീട്ട് നടക്കുന്ന ബീറ്റിങ് ദി റിട്രീറ്റ് ചടങ്ങുകളാണ് പതിവ് പോലെ ജനങ്ങള്‍ക്ക് കാണാനാവുക. എന്നാല്‍, ഇന്ത്യ-പാക് സംഘര്‍ഷത്തിന് ശേഷമുണ്ടായ തീരുമാന പ്രകാരം ബിഎസ്എഫ് ജവാന്മാര്‍ പാക് അതിര്‍ത്തിരക്ഷാ സേനയായ റേഞ്ചേഴ്സ് അംഗങ്ങള്‍ക്ക് കൈകൊടുക്കില്ല. പതാക താഴ്ത്തുന്ന സമയത്ത് അതിര്‍ത്തി കവാടങ്ങള്‍ തുറക്കുകയുമില്ല.
പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാനെതിരെ ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ച മെയ് ഏഴ് മുതല്‍ പതാക താഴ്ത്തുന്ന ഈ ചടങ്ങ് ബിഎസ്എഫ് മുടക്കിയിരുന്നില്ല. എങ്കിലും സുരക്ഷ മുന്‍നിര്‍ത്തി കവാടങ്ങള്‍ തുറക്കുകയോ, കാണികളെ പ്രവേശിപ്പിക്കുകയോ ചെയ്തിരുന്നില്ല. നിലവില്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ച് ഇരുരാജ്യങ്ങളും വെടിനിര്‍ത്തല്‍ പാലിക്കുന്നതിനാലാണ് റിട്രീറ്റ് പുനരാരംഭിക്കാന്‍ തീരുമാനമാകുന്നത്.
ബീറ്റിങ് റിട്രീറ്റ്
ഇന്ത്യ-പാക് അതിര്‍ത്തി സ്ഥലങ്ങളില്‍, അതിര്‍ത്തി ആ ദിവസത്തേക്ക് അടയ്ക്കുന്നതിനെ ഔപചാരികമായി അടയാളപ്പെടുത്തുന്ന ചടങ്ങാണ് ബീറ്റിങ് റിട്രീറ്റ്. പ്രതീകാത്മകവും, ആചാരപരവുമായ ഈ ചടങ്ങ് ഇന്ത്യ-പാക് അതിര്‍ത്തി പ്രദേശത്താണ് നടക്കുക. എല്ലാ ദിവസവും വൈകുന്നേരം സൂര്യാസ്തമയത്തിന് തൊട്ടുമുന്‍പ് ബീറ്റിങ് റിട്രീറ്റ് നടന്നിരിക്കും. 30 മിനിട്ട് നേരം നീണ്ടുനില്‍ക്കുന്ന പരിപാടി വൈകുന്നേരം 5.30ക്ക് തുടങ്ങി 6 മണിക്ക് അവസാനിക്കുന്നു.
ബീറ്റിങ് റിട്രീറ്റില്‍ നടക്കുന്ന പരിപാടികള്‍
പതാക താഴ്ത്തല്‍
ഇന്ത്യ (അതിര്‍ത്തി സുരക്ഷാ സേന, ബിഎസ്എഫ്) പാകിസ്ഥാന്‍ (റേഞ്ചേഴ്സ്) എന്നീ രാജ്യങ്ങളിലെ സൈനികര്‍ അച്ചടക്കത്തോടെ പതാകയ്ക്കടുത്തേക്ക് മാര്‍ച്ച് ചെയ്ത് പോവുകയും, ഇരു രാജ്യങ്ങളും ഒരേ സമയം അവരവരുടെ പതാകകള്‍ താഴ്ത്തി, മടക്കി അതാത് രാജ്യങ്ങളുടെ ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കുകയും ചെയ്യുന്നു. ഇത് ഇരുരാജ്യങ്ങളും പരസ്പര ബഹുമാനത്തോടെ അതിര്‍ത്തിയില്‍ ചെയ്ത് പോരുന്ന കാര്യമാണ്.
മാര്‍ച്ച്
ഔപചാരിക യൂണിഫോം ധരിച്ച സൈനികര്‍, ചിട്ടപ്പെടുത്തിയ മാര്‍ച്ച് നടത്താറുണ്ട്. ഉയര്‍ന്ന കിക്കുകളും, വേഗമേറിയ ചലനങ്ങളും രാജ്യത്തിന്റെ ശക്തിയുടെയും, അച്ചടക്കത്തിന്റെയും പ്രതീകമാണ്.
സല്യൂട്ട്
സംഘര്‍ങ്ങള്‍ നടക്കുമെങ്കിലും, ഇരുരാജ്യങ്ങളും തമ്മിലുള്ള ആദരവ് പ്രകടിപ്പിക്കുന്നതിനായി ഇന്ത്യയുടെയും പാകിസ്ഥാന്റെയും സൈനികര്‍ പരസ്പരം സല്യൂട്ട് ചെയ്യുകയും, ഹസ്തദാനം നടത്തുകയും ചെയ്യാറുണ്ട്.
അതിര്‍ത്തി കവാടങ്ങള്‍ അടയ്ക്കല്‍
ഇരുരാജ്യങ്ങളിലെയും അതിര്‍ത്തി കവാടങ്ങള്‍ ഔപചാരികമായി അടയ്ക്കുന്നതോടെ ചടങ്ങുകള്‍ അവസാനിക്കുന്നു. ഇത് ആ ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ അവസാനിക്കുന്നു എന്നതിന്റെ സൂചന കൂടിയാണ്.
പൊതുജന പങ്കാളിത്തം
ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള പൊതുജനങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കാറുണ്ട്. ബീറ്റിങ് ഒരു വൈകാരിക പരിപാടിയായി ആളുകള്‍ക്ക് തോന്നാനും ഇതൊരു കാരണമാണ്. ഇന്ത്യക്കാരെ സംബന്ധിച്ച് ദേശഭക്തിയും, സംഗീതവും എല്ലാം സംയോജിച്ച കാഴ്ച്ചയാണിത്.
ചരിത്രം
പതിനേഴാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് സൈനിക പാരമ്പര്യത്തിന്റ ആധുനിക രൂപമാണ് ബീറ്റിങ് റിട്രീറ്റ്. രാത്രി യുദ്ധം അവസാനിച്ചു എന്ന് അറിയിക്കാന്‍ പതാകകള്‍ താഴ്ത്തി, ഡ്രമ്മുകള്‍ മുഴക്കാന്‍ രാജാവായ ജെയിംസ് രണ്ടാമന്‍ നിര്‍ദേശിച്ചതോടെയാണ് ഈ ആചാരത്തിന് ബ്രിട്ടീഷുകാര്‍ തുടക്കം കുറിച്ചത്. സര്‍വ്വ സൈന്യാധിപനുള്ള നന്ദി പ്രകടനമാണ് ഇപ്പോള്‍ നടക്കുന്ന ബീറ്റിങ് ട്രീറ്റിന്റെ ആശയം. പ്രതിരോധ വിഭാഗത്തിന്റെ സെക്ഷന്‍ ഡി ആണ് ചടങ്ങുകള്‍ ക്രമീകരിക്കുക.
വൈകുന്നേരത്തെ തണുപ്പില്‍ വൈദ്യുതാലങ്കാരങ്ങളാല്‍ നിറഞ്ഞു നില്‍ക്കുന്ന റെയ്സീന കുന്നിനെയും സൗത്ത്-നോര്‍ത്ത് ബ്ലോക്കുകളെയും സാക്ഷിയാക്കിക്കൊണ്ട് സൈനിക ബാന്‍ഡുകള്‍ മുഴങ്ങും. 1955ല്‍ എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും ഇന്ത്യ സന്ദര്‍ശിച്ചപ്പോഴാണ് ഇന്ത്യയിലെ ഡല്‍ഹിയില്‍ ആദ്യമായി ബീറ്റിങ് റിട്രീറ്റ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. ഇന്ത്യയ്ക്ക് പുറമേ യുകെ, യുഎസ്, കാനഡ, ന്യൂസീലന്‍ഡ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണ് ബീറ്റിങ് റിട്രീറ്റ് നടത്തുന്നത്.
ഇന്ത്യന്‍ സൈന്യത്തിന്റെ മൂന്ന് വിഭാഗങ്ങളായ ഇന്ത്യന്‍ ആര്‍മി, ഇന്ത്യന്‍ നേവി, ഇന്ത്യന്‍ എയര്‍ഫോഴ്സ് എന്നിവയുടെ ബാന്‍ഡുകളും ആര്‍മിയില്‍ നിന്നുള്ള പൈപ്പ് ബാന്‍ഡുകളും, 2016 മുതല്‍ സെന്‍ട്രല്‍ ആംഡ് പോലീസിന്റെയും ഡല്‍ഹി പോലീസിന്റെയും സ്‌ക്വാഡും ചേര്‍ന്നാണ് ബീറ്റിങ് റിട്രീറ്റ് നടത്തുന്നത്.
Content Highlights : Beating Retreat ceremony and its history