
ചെന്നൈ: രാഷ്ട്രീയനേതാക്കളുമായി ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചുവെന്ന ഭാര്യയുടെ ആരോപണത്തില്‍ ഭര്‍ത്താവായ പാര്‍ട്ടി പ്രവര്‍ത്തകനെതിരെ നടപടിയെടുത്ത് ഡിഎംകെ. പ്രവര്‍ത്തകനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഡിഎംകെയുടെ യുവജന വിഭാഗം ആരക്കോണം ഡെപ്യൂട്ടി സെക്രട്ടറി ദൈവസെയല്‍ എന്നയാള്‍ക്കെതിരെയാണ് ഇരുപതുകാരിയായ യുവതി ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്.
രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം കിടക്ക പങ്കിടാന്‍ നാല്‍പ്പതുകാരനായ ദൈവസെയല്‍ തന്നെ നിര്‍ബന്ധിച്ചുവെന്നാണ് യുവതി പരാതിയില്‍ ആരോപിക്കുന്നത്. ഭര്‍ത്താവ് തന്നെ ക്രൂര പീഡനത്തിന് ഇരയാക്കിയെന്നും പരാതിപ്പെട്ടാല്‍ കുടുംബത്തെയടക്കം തീകൊളുത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിക്കുന്നു.
തനിക്ക് വീടുവിട്ട് പുറത്തുപോകാന്‍ അനുവാദമില്ലെന്നും അതിനാല്‍ പരീക്ഷകള്‍ പോലും എഴുതാനായില്ലെന്നും അവര്‍ പറയുന്നു. ദൈവസെയല്‍ മുന്‍പ് ഒരു സ്ത്രീയെ വിവാഹം കഴിച്ചിരുന്നെന്നും ഇത് മറച്ചുവെച്ചാണ് തന്നെ വിവാഹം ചെയ്തതെന്നും യുവതി ആരോപിച്ചു. ഇയാള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് യുവതി മുഖ്യമന്ത്രി എംകെ സ്റ്റാലിനോട് ആവശ്യപ്പെട്ടിരുന്നു. ഇയാള്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ വന്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമി പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് ഇയാളെ ഡിഎംകെ പുറത്താക്കിയത്.
അതേസമയം, പ്രാഥമിക അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പില്ലെന്ന് ബോധ്യപ്പെട്ടതായി പൊലീസ് പറഞ്ഞു. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.
Content Highlights: DMK sacks worker devyaseyal after wife accusing him of sexual exploitation