പ്രോസ്റ്റേറ്റ് കാന്‍സറെന്ന നിശബ്ദ കൊലയാളി; ബൈഡന് സാധ്യമായ ചികിത്സകള്‍ ഇനിയെന്ത്?

മൂത്രാശയ രോഗലക്ഷണങ്ങളെ തുടര്‍ന്നാണ് ജോ ബൈഡന്‍ ഡോക്ടറെ സമീപിച്ചത്. ടെസ്റ്റുകള്‍ക്ക് ശേഷം വെള്ളിയാഴ്ച്ച രോഗം സ്ഥിരീകരിച്ചു.

dot image

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റേറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചു. അസ്ഥികളിലേക്ക് രോഗം വ്യാപിച്ചിരിക്കുന്നതിനാല്‍ സ്ഥിതി അല്‍പം ഗൗരവമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മൂത്രാശയ രോഗലക്ഷണങ്ങളെ തുടര്‍ന്നാണ് ജോ ബൈഡന്‍ ഡോക്ടറെ സമീപിച്ചത്. ടെസ്റ്റുകള്‍ക്ക് ശേഷം വെള്ളിയാഴ്ച്ച രോഗം സ്ഥിരീകരിച്ചു.

എന്താണ് പ്രോസ്റ്റേറ്റ് കാന്‍സര്‍

പുരുഷ പ്രത്യുല്‍പ്പാദന വ്യവസ്ഥയില്‍ ബീജോല്‍പ്പാദനത്തിന് സഹായിക്കുന്നതാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ കലകളിലാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍ ബാധിക്കുക. പുരുഷ ലിംഗത്തിനും, മൂത്രസഞ്ചിക്കും ഇടയിലാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി സ്ഥിതി ചെയ്യുന്നത്.

നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് പറയുന്നത് പ്രകാരം സാധാരണയായി പ്രോസ്റ്റേറ്റ് കാന്‍സര്‍ വളരെ സാവധാനത്തില്‍ മൂര്‍ച്ഛിക്കുന്ന രോഗമാണ്. രോഗലക്ഷണങ്ങള്‍ കാണിക്കാതെയും, ചികിത്സയേതുമില്ലാതെയും കുറച്ചധികം കാലത്തോളം ജീവിക്കാന്‍ സാധിക്കും.ബൈഡന്റെ കാര്യത്തില്‍ കാന്‍സര്‍ അല്‍പ്പം മൂര്‍ച്ഛിച്ച സാഹചര്യത്തിലാണ് തിരിച്ചറിഞ്ഞത്. ചികിത്സയെക്കുറിച്ചുള്ള കാര്യങ്ങള്‍ അവലോകനം ചെയ്യുകയാണ് കുടുംബമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പ്രോസ്റ്റേറ്റ് കാന്‍സറിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളായ മൂത്രാശയ സംബന്ധ രോഗങ്ങള്‍ തന്നെയാണ് ബൈഡന്റെ രോഗ നിര്‍ണയത്തിനും കാരണമായത്. ലക്ഷണങ്ങളില്‍, ഇടയ്ക്കിടെയുള്ള മൂത്രശങ്ക, ദുര്‍ബലമായ മൂത്രപ്രവാഹം എന്നിവയും ഉള്‍പ്പെടുന്നു.

എന്താണ് ഗ്ലീസണ്‍ സ്‌കോര്‍

ബൈഡന് രോഗം നിര്‍ണയിച്ചതിന് പിന്നാലെ രോഗത്തിന്റെ അവസ്ഥ ഗ്ലീസണ്‍ സ്‌കോര്‍ 9-ആണ് എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഒരാളുടെ ഏതെങ്കിലും അവയവത്തിന് കാന്‍സര്‍ ബാധിച്ചാല്‍, അത് മറ്റ് ശരീരഭാഗങ്ങളിലേക്ക് പടരാനുള്ള സാധ്യതയുടെ അളവിനെ അമേരിക്കയില്‍, ഗ്ലീസണ്‍ സ്‌കോര്‍ അല്ലെങ്കില്‍ മെറ്റാസ്റ്റിക് കാന്‍സര്‍ എന്ന് പറയുന്നു.

മൈക്രോസ്‌കോപ്പിലൂടെ പരിശോധിക്കുമ്പോള്‍, ഒരു സാമ്പിളിലെ കാന്‍സര്‍ കോശങ്ങള്‍ എത്രത്തോളം വികസിച്ചിരിക്കുന്നു എന്നതിനെയാണ് ഇത് സൂചിപ്പിക്കുന്നത്. ആറ് മുതല്‍ പത്ത് വരെയാണ് ഗ്ലീസണ്‍ സ്‌കോര്‍ അളക്കുന്നതിനുള്ള സ്‌കെയില്‍. ഇതില്‍ ഓരോ സംഖ്യ കൂടുമ്പോളും, ക്യാന്‍സറിന്റെ അപകട സാധ്യത കൂടുതലാണെന്ന് കാണിക്കുന്നു.

ഏറ്റവും സാധാരണമായ രണ്ട് കാന്‍സര്‍ കോശങ്ങളെ ചേര്‍ത്ത് നിര്‍മ്മിക്കുന്നതിനാല്‍ ഗ്ലീസണ്‍ സ്‌കോറിന്റെ സൂചിക ആരംഭിക്കുന്നത് ആറിലാണ്. കാന്‍സര്‍ കോശങ്ങള്‍ക്ക് നല്‍കുന്ന ഏറ്റവും കുറഞ്ഞ സ്‌കോര്‍ മൂന്നാണ്, അതിനാല്‍ ഗ്ലീസണ്‍ സ്‌കോറില്‍ നല്‍കുന്ന രോഗനിര്‍ണയത്തിനുള്ള ഏറ്റവും കുറഞ്ഞ സ്‌കോര്‍ ആറാണ്.

ബൈഡന് നിലവില്‍ കണ്ടെത്തിയിരിക്കുന്ന ഗ്ലീസണ്‍ സ്‌കോര്‍ 9 ആണ്. ഇതിനര്‍ത്ഥം അദ്ദേഹത്തിന് ബാധിച്ചിരിക്കുന്നത് 'ഹൈ ഗ്രേഡ് കാന്‍സര്‍' ആണ് എന്നാണ്. 9 സ്‌കോറിലുള്ള കാന്‍സറുകള്‍ അപകടകരവും, പെട്ടെന്ന് വലുതാവാന്‍ സാധ്യതയുള്ളവയുമാണ്.

ബൈഡന് സാധ്യമായ ചികിത്സകള്‍ എന്തെല്ലാം

ഇതിനോടകം അസ്ഥികളിലേക്ക് കൂടി ബാധിച്ച സ്ഥിതിയിലാണ് ബൈഡന്റെ രോഗാവസ്ഥ. ഇത്തരത്തില്‍ വേഗത്തിലുള്ള രോഗവ്യാപനത്തിന്റെ സാധ്യതയുള്ളതിനാല്‍ ചികിത്സ ഓപ്ഷനുകള്‍ പരിമിതമാണെന്ന് വ്യക്തമാക്കുകയാണ് ഒര്‍ലാന്‍ഡോ ഹെല്‍ത്ത് മെഡിക്കല്‍ ഗ്രൂപ്പിലെ യൂറോളജിസ്റ്റായ ഡോ. ജാമിന്‍ വിനോദ്.

കീമോതെറാപ്പി, സ്റ്റിറോയിഡുകള്‍, ഹോര്‍മോണ്‍ തെറാപ്പി തുടങ്ങിയ ചികിത്സകള്‍ ലഭ്യമാണെങ്കിലും നിലവിലെ അവസ്ഥയില്‍ രോഗശമനമുണ്ടാക്കാന്‍ സഹായകമാകില്ലെന്നാണ് ഡോക്ടര്‍ പറയുന്നത്. രോഗത്തിന് പരിഹാരം കാണുന്നതിനും, നിയന്ത്രിക്കുന്നതിനും ധാരാളം വഴികളുണ്ടെങ്കിലും കാന്‍സറിനെ പൂര്‍ണമായി ഭേതമാക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

ബൈഡനെ ബാധിച്ചിരിക്കുന്ന കാന്‍സര്‍ ഹോര്‍മോണ്‍ സെന്‍സിറ്റീവ് ആണെന്നും പറയപ്പെടുന്നു. ഇത്തരം സാഹചര്യത്തില്‍ കാന്‍സര്‍ കോശങ്ങള്‍ വികസിക്കുന്നതിനായി ഹോര്‍മോണുകളെ ഉപയോഗിക്കുന്നു.ശരീരത്തിലെ ഹോര്‍മോണുകള്‍ തടയുകയോ, നിയന്ത്രിക്കുകയോ ചെയ്യുന്നത് വഴി രോഗത്തിന് ഒരു പരിധി വരെ പരിഹാരം കാണാന്‍ കഴിയും.

എന്ത് സംഭവിക്കും

ബൈഡന്റെ ഓഫീസ് ഞായറാഴ്ച്ച പുറത്തിറക്കിയ പ്രസ്താവന പ്രകാരം ഹോര്‍മോണ്‍ തെറാപ്പിയോട് പ്രതികരിക്കുന്നതിനാല്‍ ചികിത്സ ഫലപ്രദമാണെന്ന് വ്യക്തമാക്കിയിരുന്നു. എങ്കിലും ബൈഡന്റെ അവസ്ഥയെക്കുറിച്ച് പൂര്‍ണമായ വിവരങ്ങള്‍ ലഭ്യമല്ല. സാധാരണയായി, പ്രോസ്റ്റേറ്റ് കാന്‍സര്‍ ബാധിച്ച ആളുകളില്‍ മൂന്നിലൊന്ന് പേരും കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും ജീവനോടെയിരിക്കാറുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പ്രോസ്റ്റേറ്റ് കാന്‍സറിന്റെ മൂര്‍ച്ഛിച്ച ഘട്ടത്തിലുള്ള ആളുകള്‍ക്ക് സാധാരണയായി ആയുസ് പരിമിതമാണ്. ദൈനംദിന ജീവിതം ദുഷ്‌കരമാക്കുന്ന ലക്ഷണങ്ങളാണ് രോഗികള്‍ക്ക് ഉണ്ടാവുക.

Content Highlights: Learn More about Prostate Cancer

dot image
To advertise here,contact us
dot image