ദളിത് യുവതിയെ മാനസികമായി പീഡിപ്പിച്ച സംഭവം; പേരൂര്‍ക്കട സ്റ്റേഷനിലെ ഒരു പൊലീസുകാരനെതിരെകൂടി നടപടി

പൊലീസിനോട് വനിതാ കമ്മീഷൻ ചെയർപേഴ്സൺ പി സതീദേവി റിപ്പോർട്ട് തേടി

dot image

തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ ദളിത് യുവതിക്കെതിരെ വ്യാജ മോഷണക്കേസെടുക്കുകയും പൊലീസ് സ്റ്റേഷനില്‍വെച്ച് മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനെതിരെ കൂടി നടപടി. എ എസ് ഐ പ്രസന്നനെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനമായി. ഇതുസംബന്ധിച്ച ഉത്തരവ് നാളെ ഇറങ്ങിയേക്കുമെന്നാണ് വിവരം. പൊലീസ് സ്റ്റേഷനില്‍വെച്ച് തന്നെ ഏറ്റവും കൂടുതല്‍ മാനസികമായി പീഡിപ്പിച്ചതും അധിക്ഷേപിച്ചതും പ്രസന്നന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനാണെന്ന് ബിന്ദു ആരോപിച്ചിരുന്നു.

നേരത്തെ പേരൂർക്കട എസ്‌ഐ പ്രസാദിനെ സസ്‌പെൻഡ് ചെയ്തിരുന്നു. ആഭ്യന്തരവകുപ്പാണ് ബിന്ദുവിന്റെ പരാതിക്ക് പിന്നാലെ എസ് ഐയെ സസ്‌പെൻഡ് ചെയ്തത്. സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷനും ഇടപെട്ടിരുന്നു. പൊലീസിനോട് വനിതാ കമ്മീഷൻ ചെയർപേഴ്സൺ പി സതീദേവി റിപ്പോർട്ട് തേടി. റിപ്പോർട്ട് പരിശോധിച്ച് ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് കമ്മീഷൻ അറിയിച്ചു. സംഭവത്തിൽ കൂടുതല്‍ പൊലീസുകാര്‍ കുറ്റക്കാരെന്ന് വ്യക്തമാക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

കഴിഞ്ഞ മാസം 23നായിരുന്നു തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ബിന്ദുവിനോട് പേരൂര്‍ക്കട പൊലീസ് ക്രൂരത കാട്ടിയത്. ബിന്ദു ജോലിക്ക് നിന്ന അമ്പലമുക്കിലെ വീട്ടില്‍ നിന്ന് രണ്ടര പവന്റെ മാല മോഷണം പോയതായി വീട്ടുടമ ഓമന ഡാനിയേല്‍ പേരൂര്‍ക്കട പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ബിന്ദുവിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി വെള്ളം പേലും നല്‍കാതെ 20 മണിക്കൂര്‍ ചോദ്യം ചെയ്യുകയായിരുന്നു. ഫോണ്‍ പിടിച്ചുവാങ്ങിയ ശേഷം വനിതാ പൊലീസ് ഉദ്യോഗസ്ഥയെ കൊണ്ട് വിവസ്ത്രയാക്കി പരിശോധിച്ചു. എസ്‌ഐ ഉള്‍പ്പെടെയുള്ളവര്‍ മാലക്കള്ളി എന്ന് വിളിച്ചും അസഭ്യം പറഞ്ഞും മണിക്കൂറുകളോളും ചോദ്യം ചെയ്തു. ഇതിനിടെ ഓമന ഡാനിയേലിന്റെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും മാല കണ്ടെത്താന്‍ കഴിഞ്ഞില്ല.

പുലര്‍ച്ചെ 3.30 വരെ ചോദ്യം ചെയ്യല്‍ തുടര്‍ന്നു. കുറ്റം സമ്മതിച്ചില്ലെങ്കില്‍ മക്കളെ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി. ചോദ്യം ചെയ്യലിന് ശേഷം പരാതിക്കാരിയുടെ വീട്ടില്‍ തിരച്ചിലിനായി ബിന്ദുവിനെ കൊണ്ടുപോയി. തൊണ്ടിമുതല്‍ ലഭിക്കാതെ വന്നതോടെ തിരികെ സ്‌റ്റേഷനില്‍ എത്തിച്ചു. 24ന് ഉച്ചവരെ കസ്റ്റഡിയില്‍വെച്ചു. ഒടുവില്‍ സ്വര്‍ണമാല പരാതിക്കാരി ഓമന ഡാനിയേലിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.

Content Highlights: Action against one more police officer in nedumangad Dalit woman harassment case

dot image
To advertise here,contact us
dot image