ഹമാസിനെതിരെ പൂർണ്ണ വിജയം നേടുന്നതിനായി ഇസ്രയേൽ പരിശ്രമിക്കും; ലോ​ക രാജ്യങ്ങള്‍ക്ക് നെതന്യാഹുവിന്റെ മറുപടി

ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ , ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ , കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി എന്നിവർക്കെതിരെയാണ് നെതന്യാഹുവിന്റെ പ്രതികരണം

dot image

ജെറുസലേം: ഗാസയെ പിന്തുണച്ച ലോ​ക രാജ്യങ്ങള്‍ക്ക് മറുപടി നൽകി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേൽ സൈനിക ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ സംയുക്ത നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഇസ്രയേൽ പ്രധാനമന്ത്രിയുടെ പ്രതികരണം. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ , ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി എന്നിവർക്കെതിരെയാണ് നെതന്യാഹുവിന്റെ പ്രതികരണം. നേതാക്കന്മാരുടെ സംയുക്ത പ്രസ്താവന ഹമാസിന് വലിയൊരു സമ്മാനമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പലസ്തീനികളെ കൂട്ടത്തോടെ കുടിയിറക്കും. ഇസ്രായേലിനെ പിന്തുണയ്ക്കുന്നതിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മാതൃക എല്ലാ യൂറോപ്യൻ നേതാക്കളും പിന്തുടരണം. ഗാസയിൽ ഹമാസ് ബന്ദികളാക്കിയിരിക്കുന്ന ആളുകളെ വിട്ടയച്ചാൽ, ആയുധം താഴെ വെച്ചാൽ നാളെ യുദ്ധം അവസാനിക്കും. കൊലപാതകികളായ നേതാക്കളെ ഗാസയിൽ നിന്നും നാട് കടത്തണമെന്ന് നെതന്യാഹു പറഞ്ഞു. 2023 ഒക്ടോബർ ഏഴിന് നടന്ന ഹമാസിന്റെ ആക്രമണത്തിന് തിരിച്ചടിയാണ് ഇപ്പോൾ നൽകി കൊണ്ടിരിക്കുന്നത്. ഹമാസിനെതിരെ പൂർണ്ണ വിജയം നേടുന്നതിനായി തന്റെ രാജ്യം പരിശ്രമിക്കുമെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.

ഗാസയിലെ ആക്രമണം തുടർന്നാൽ ഇസ്രയേലിന് കടുത്ത ഉപരോധം ഏർപ്പെടുത്തുമെന്നായിരുന്നു ലോക രാജ്യങ്ങളുടെ മുന്നറിയിപ്പ്. ഗാസയിൽ അവശ്യസേവനങ്ങൾ നിഷേധിച്ചുള്ള ഇസ്രയേലിന്റെ നടപടി സ്വീകാര്യമല്ല. ഇത് മനുഷ്യത്വരഹിതനടപടിയാണെന്ന് യു കെ സർക്കാർ കുറ്റപ്പെടുത്തിയിരുന്നു. യു കെ, ഫ്രാൻസ്, കാനഡ എന്നീ രാജ്യങ്ങൾക്ക് പുറമെ കനേഡിയൻ പ്രസിഡന്റ് മാർക് കാർണിയും രം​ഗത്തെത്തിയിരുന്നു. ഗാസയിലെ മനുഷ്യരുടെ ദുരിതം അസഹനീയമാണ്. ഇസ്രയേൽ സൈനിക പ്രവർത്തനങ്ങൾ നിർത്തിവെയ്ക്കാനും മാനുഷിക സഹായം ഉടൻ അനുവദിക്കാനും കാർണി ഇസ്രായേൽ സർക്കാരിനോട് ആവശ്യപ്പെട്ടു.

ഇസ്രയേലിനെതിരെ ലോകരാജ്യങ്ങൾ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് യു കെയിലെ പലസ്തീൻ അംബാസഡർ ഹുസാം സോംലോട്ട് ആവശ്യപ്പെട്ടിരുന്നു. ഇസ്രയേലിനെതിരെ ബ്രിട്ടൻ, ഫ്രാൻസ്, കാനഡ അടക്കമുള്ള രാജ്യങ്ങൾ ആയുധ ഉപരോധം ഏർപ്പെടുത്തണമെന്ന് ഹുസാം സോംലോട്ട് പറഞ്ഞു. ആയുധ കയറ്റുമതി താത്ക്കാലികമായി നിർത്തിവെയ്ക്കാൻ യു കെ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അതുകൊണ്ടുമാത്രം അവസാനിക്കുന്നില്ല. ഇക്കാര്യത്തിൽ സമഗ്രമായ നടപടിയുണ്ടാകണം. ഇതൊരു ആവശ്യമോ അതിനുവേണ്ടിയുള്ള മുറവിളിയോ അല്ല. നിയമപരമായ കർത്തവ്യമാണെന്നും ഹുസാം സോംലോട്ട് പറഞ്ഞു. ഒരു അന്തർദേശീയ മാധ്യമത്തോട് സംസാരിക്കവേയാണ് ഹുസാം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഗാസയിലെ ഇസ്രയേൽ നടപടിയെ വിമർശിച്ച് പ്രമുഖ മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റിയും രം​ഗത്തെത്തിയിട്ടുണ്ട്. ഗാസയിലെ ജനങ്ങൾ 80 ദിവസത്തോളം പട്ടിണി കിടന്നു എന്നറിയുന്നത് അതിശയകരവും അപലപനീയവുമാണെന്ന് ആംനസ്റ്റി സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.

Content Highlights: Netanyahu hits back after UK, France and Canada threaten action

dot image
To advertise here,contact us
dot image