ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാൻ ഇന്ത്യ; ആദ്യ മൂന്ന് പ്രതിനിധി സംഘങ്ങള്‍ ഇന്ന് പുറപ്പെടും

പ്രതിനിധി സംഘങ്ങൾ അതത് രാജ്യങ്ങളിലെ പാര്‍ലമെന്റ് അംഗങ്ങള്‍, മന്ത്രിമാര്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി കാര്യങ്ങള്‍ വിശദീകരിക്കും

dot image

ന്യൂഡല്‍ഹി: രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാനുള്ള ആദ്യ മൂന്ന് പ്രതിനിധി സംഘങ്ങള്‍ ഇന്ന് യാത്ര തിരിക്കും. ഓപ്പറേഷന്‍ സിന്ദൂറിന്റെ സാഹചര്യം വിശദീകരിക്കുകയും അന്താരാഷ്ട്ര തലത്തില്‍ പാക്കിസ്താനെ ഒറ്റപ്പെടുത്തുകയും ആണ് ഇന്ത്യയുടെ ലക്ഷ്യം. ഏഴ് പ്രതിനിധി സംഘങ്ങളിലെ ആദ്യ മൂന്ന് ടീം ആണ് ഇന്ന് പുറപ്പെടുക. ജനതാദള്‍ നേതാവ് സഞ്ജയ് ഝാ നയിക്കുന്ന മൂന്നാമത്തെ സംഘം, ശിവസേന നേതാവ് ശ്രീകാന്ത് ഷിന്‍ഡെ നയിക്കുന്ന നാലാം സംഘം, ഡിഎംകെ എംപി കനിമൊഴി നയിക്കുന്ന ആറാമത്തെ സംഘം എന്നിവരാണ് ഇന്ന് യാത്ര തിരിക്കുകയെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു. പ്രതിനിധി സംഘങ്ങൾ അതത് രാജ്യങ്ങളിലെ പാര്‍ലമെന്റ് അംഗങ്ങള്‍, മന്ത്രിമാര്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി കാര്യങ്ങള്‍ വിശദീകരിക്കും.

ശിവസേന നേതാവ് ശ്രീകാന്ത് ഷിന്‍ഡയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശനം നടത്തുക യുഎഇയിലാണ്. ശേഷം ലിബേറിയ, കോംഗോ, പശ്ചിമാഫ്രിക്കന്‍ രാജ്യമായ സിയേറാ ലിയോണ്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും. ഏഴംഗ സംഘങ്ങളില്‍ ഷിന്‍ഡെയാണ് പ്രായം കുറഞ്ഞ സംഘത്തലവന്‍. മുസ്ലിം ലീഗ് എം പി ഇ ടി മുഹമ്മദ് ബഷീര്‍ ഉള്‍പ്പെടുന്നതാണ് സംഘം.

ഇന്ത്യ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണെന്നും ആക്രമിച്ചാല്‍ കൃത്യമായ തിരിച്ചടി നല്‍കുമെന്നുമുള്ള വ്യക്തമായ സന്ദേശം രാജ്യങ്ങള്‍ക്ക് നല്‍കുമെന്ന് ഷിന്‍ഡെ വ്യക്തമാക്കി. സാമ്പത്തിക വികസനമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. പാക്കിസ്താന്‍ തീവ്രവാദം വളര്‍ത്തുന്ന തിരക്കിലാണെന്നും ഷിന്‍ഡെ കടന്നാക്രമിച്ചു.

സഞ്ജയ് ഝാ നയിക്കുന്ന സംഘം ഇന്തോനേഷ്യാ, മലേഷ്യ, സൗത്ത് കൊറിയ, സിംഗപൂര്‍ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കും. ആഗോളതലത്തിലെ തീവ്രവാദ പ്രവത്തനങ്ങള്‍ നേരിട്ടോ അല്ലാതെയോ പാകിസ്താന്‍ പങ്കുവഹിക്കുന്നുണ്ടെന്ന് സഞ്ജയ് ഝാ പ്രതികരിച്ചു. ഇക്കാര്യം ലോകത്തെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കനിമൊഴി നയിക്കുന്ന സംഘം സ്‌പെയിന്‍, ഗ്രീസ്, സ്ലോവേനിയ, റഷ്യ, ലാത്വിയ എന്നീ രാജ്യങ്ങളാണ് സന്ദര്‍ശിക്കുക.

കോണ്‍ഗ്രസ് എം പി ശശി തരൂര്‍ നയിക്കുന്ന പ്രതിനിധി സംഘത്തെ ശനിയാഴ്ചയാണ് കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രാലയം പ്രഖ്യാപിച്ചത്. ബിജെപി നേതാക്കളായ ശവി ശങ്കര്‍ പ്രസാദ്, ബൈജയന്ത് ജയ് പാണ്ഡ, ജെഡിയു നേതാവ് സഞ്ജയാ ഝാ, ഡിഎംകെ നേതാവ് കനിമൊഴി, എന്‍സിപി ശരദ് പവാര്‍ വിഭാഗം നേതാവ് സുപ്രിയ സുലേ, ശിവസേന നേതാവ് ശ്രീകാന്ത് ഷിന്‍ഡെ എന്നിവരാണ് സംഘതലവന്മാര്‍.

Content Highlights: operation sindoor first three delegation will leave india today

dot image
To advertise here,contact us
dot image