കര്‍ണാടകയില്‍ നല്‍കിയത് അഞ്ച് വാഗ്ദാനങ്ങള്‍, നിറവേറ്റിയത് ആറെണ്ണം; കോണ്‍ഗ്രസ് ദരിദ്രര്‍ക്കൊപ്പമെന്ന് രാഹുല്‍

ഈ പണം ജനങ്ങള്‍ മക്കളുടെ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും വേണ്ടി ഉപയോഗിക്കുകയാണെന്നും അതുതന്നെയാണ് കോണ്‍ഗ്രസ് ആഗ്രഹിച്ചതെന്നും അദ്ദേഹം പറഞ്ഞു

dot image

ബെംഗളൂരു: തെരഞ്ഞെടുത്ത സമ്പന്നര്‍ക്ക് പണവും വിഭവങ്ങളും ലഭ്യമാക്കുന്നതാണ് ബിജെപി മോഡലെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ബിജെപി സമ്പന്നരുടെ പോക്കറ്റ് നിറയ്ക്കുന്ന മാതൃക പിന്തുടരുമ്പോള്‍ കോണ്‍ഗ്രസ് ദരിദ്രരുടെ പോക്കറ്റുകളിലേക്ക് പണം നിക്ഷേപിക്കുകയാണെന്നും കര്‍ണാടകയില്‍ തെരഞ്ഞെടുപ്പിന് മുന്‍പ് അഞ്ച് വാഗ്ദാനങ്ങളാണ് നല്‍കിയതെങ്കില്‍ ആറെണ്ണം തങ്ങള്‍ നിറവേറ്റിയെന്നും രാഹുല്‍ പറഞ്ഞു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ഒരുലക്ഷം പട്ടയങ്ങളും വിതരണം ചെയ്തു.

'കര്‍ണാടകയില്‍ തെരഞ്ഞെടുപ്പിന് മുന്‍പ് ഞങ്ങള്‍ അഞ്ച് വാഗ്ദാനങ്ങളാണ് നല്‍കിയത്. എന്നാല്‍ ഇന്ന് ആറെണ്ണം നിറവേറ്റി. ഒരുലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് അവരുടെ ഭൂമിയുടെ ഉടമസ്ഥാവകാശം നല്‍കിയിട്ടുണ്ട്. കര്‍ണാടകയുടെ ഭാവിയിലേക്കുളള ഏറ്റവും വലിയ ഉറപ്പാണിത്. ഇത് കോടിക്കണക്കിന് ദരിദ്രര്‍ക്കും ദളിതര്‍ക്കും ആദിവാസികള്‍ക്കും പ്രയോജനം ചെയ്യും. ഭൂമിയുളളവര്‍ക്ക് അതിന്മേല്‍ ഉടമസ്ഥാവകാശം ഉണ്ടാകണം. അത് ഓരോ പൗരന്റെയും മൗലികാവകാശമാണ്. ബിജെപി പിന്തുടരുന്നത് തെരഞ്ഞെടുത്ത സമ്പന്നര്‍ക്ക് മുഴുവന്‍ പണവും വിഭവങ്ങളും ലഭ്യമാക്കുന്ന മാതൃകയാണ്. കോണ്‍ഗ്രസ് പാവപ്പെട്ടവന്റെ ബാങ്ക് അക്കൗണ്ടുകളും പോക്കറ്റുകളും നിറയ്ക്കുന്ന മാതൃകയാണ് പിന്തുടരുന്നത്'- രാഹുല്‍ ഗാന്ധി പറഞ്ഞു.

കര്‍ണാടകയിലെ ദരിദ്രരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞിട്ടുണ്ടെന്നും ഇന്ന് ആയിരക്കണക്കിന് രൂപ ജനങ്ങളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് നിക്ഷേപിക്കപ്പെട്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഈ പണം ജനങ്ങള്‍ മക്കളുടെ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും വേണ്ടി ഉപയോഗിക്കുകയാണെന്നും അതുതന്നെയാണ് കോണ്‍ഗ്രസ് ആഗ്രഹിച്ചതെന്നും അദ്ദേഹം പറഞ്ഞു. നിങ്ങളുടെ പണം നിങ്ങളുടെ അക്കൗണ്ടുകളിലേക്ക് തിരിച്ചുവരികയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: We promised 5 guarantees in karnataka fulfilled 6 says rahul gandhi

dot image
To advertise here,contact us
dot image