ദേശവിരുദ്ധ പ്രസ്താവന നടത്തിയെന്ന കേസ്: അഖില്‍ മാരാരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

അഖിലിനെ മെയ് 28 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു

dot image

എറണാകുളം: സമൂഹമാധ്യമങ്ങളിലൂടെ ദേശവിരുദ്ധ പ്രസ്താവന നടത്തിയെന്ന കേസില്‍ സംവിധായകനും ബിഗ് ബോസ് വിജയിയുമായ അഖില്‍ മാരാരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. അഖിലിനെ മെയ് 28 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അഖില്‍ മാരാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ഉത്തരവ്. കേസ് സംബന്ധിച്ച് കോടതി പൊലീസില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിലെ വീഡിയോയിലൂടെ ദേശവിരുദ്ധ അഭിപ്രായ പ്രകടനം നടത്തിയെന്ന ആരോപണത്തില്‍ കൊട്ടാരക്കര പൊലീസാണ് അഖില്‍ മാരാര്‍ക്കെതിരെ കേസെടുത്തത്. ഇന്ത്യയുടെ അഖണ്ഡതയെയോ ഐക്യത്തെയോ ബാധിക്കുന്ന പരാമര്‍ശങ്ങള്‍ താന്‍ നടത്തിയിട്ടില്ലെന്നും രാഷ്ട്രീയവിശകലനം മാത്രമാണ് നടത്തിയതെന്നുമാണ് അഖില്‍ മാരാരുടെ വാദം.

 അഖില്‍ മാരാര്‍ ദേശവിരുദ്ധ പ്രസ്താവന നടത്തിയെന്നാരോപിച്ച് ബിജെപി കൊട്ടാരക്കര മണ്ഡലം കമ്മിറ്റിയാണ് പരാതി നല്‍കിയത്. മൂന്നാം കക്ഷി ഇടപെടലിനെ തുടര്‍ന്ന് പാകിസ്താനെതിരായ പോരാട്ടത്തില്‍ നിന്ന് ഇന്ത്യ പിന്നോട്ട് പോയെന്നായിരുന്നു അഖില്‍ മാരാര്‍ പറഞ്ഞത്. ഇതിനെ തുടര്‍ന്ന് ബിജെപി-ആര്‍എസ്എസ് അനുകൂലികള്‍ അഖില്‍ മാരാര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെയാണ് പരാതി നല്‍കിയത്.

Content Highlights: Kerala High Court stays Akhil Marar's arrest in anti national remark case

dot image
To advertise here,contact us
dot image