
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനോട് ആറ് വിക്കറ്റിന് പരാജയപ്പെട്ടിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്സ്. സീസണിൽ ചെന്നൈയുടെ 10-ാം തോൽവിയായിരുന്നു ഇത്. മുമ്പൊരിക്കൽ മാത്രമാണ് ചെന്നൈ ഒരു സീസണിൽ 10 തോൽവികൾ വഴങ്ങിയിട്ടുള്ളത്. 2022ലെ ഐപിഎല്ലിലും ചെന്നൈ സൂപ്പർ കിങ്സ് 10 തോൽവികൾ വഴങ്ങിയിരുന്നു. ഇതോടെ സീസണിലെ അവസാന മത്സരത്തിൽ നാണക്കേടിന്റെ റെക്കോർഡ് വഴങ്ങാതിരിക്കാനാണ് ചെന്നൈ സംഘം ഇനി ശ്രമിക്കേണ്ടത്. മെയ് 25ന് ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ് ചെന്നൈയുടെ അവസാന മത്സരം.
ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ സീസണിലെ അവസാന മത്സരമാണ് രാജസ്ഥാൻ റോയൽസ് കളിച്ചത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 17.1 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ റോയൽസ് ലക്ഷ്യം മറികടന്നു.
ചെന്നൈയ്ക്ക് വേണ്ടി ആയുഷ് മാത്രെയും ഡെവാള്‍ഡ് ബ്രെവിസും തിളങ്ങി. 19 പന്തില്‍ 43 റൺസാണ് മാത്രെ നേടിയത്. ബ്രെവിസ് 25 പന്തിൽ 42 റൺസ് നേടി. ശിവം ദുബെ 32 പന്തിൽ 39 റൺസ് സംഭാവന ചെയ്തു. രാജസ്ഥാൻ ബൗളിങ് നിരയിൽ യുധ്‌വീര്‍ സിങ്, ആകാശ് മദ്‍വാൾ എന്നിവർ മൂന്ന് വിക്കറ്റുകൾ വീതം സ്വന്തമാക്കി.
വിജയലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച രാജസ്ഥാൻ റോയൽസിന് വേണ്ടി 33 പന്തിൽ 57 റൺസ് നേടിയ വൈഭവ് സൂര്യവംശി, 31 പന്തിൽ 41 റൺസ് നേടിയ സഞ്ജു സാംസൺ, 19 പന്തിൽ 36 റൺസ് നേടിയ യശ്വസി ജയ്‌സ്വാൾ എന്നിവർ തിരിച്ചടിച്ചു. 12 പന്തിൽ 31 റൺസും നേടിയ ധ്രുവ് ജുറേലാണ് രാജസ്ഥാനെ വിജയത്തിലേക്കെത്തിച്ചത്.
Content Highlights: CSK conceeded 10th defeat in a season