'സര്‍ക്കാരിന് താഴാവുന്നതിന് പരിധിയുണ്ട്, ഇത് സമരമല്ല മറ്റെന്തോ ആണ്'; തുറമുഖം വരുമെന്ന് മന്ത്രി വി അബ്ദുറഹിമാന്
തുറമുഖം എന്തായാലും വരും, അത് സര്‍ക്കാരിന്റെ വാക്കാണെന്ന് മന്ത്രി
29 Nov 2022 6:43 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് മന്ത്രി വി അബ്ദുറഹിമാന്. ഒരു രാജ്യത്തിന് ആവശ്യമുള്ള നിര്‍മ്മാണം തടയാന്‍ രാജ്യസ്നേഹമുള്ള ആര്‍ക്കും കഴിയില്ല. സാമ്പത്തിക വളര്‍ച്ചയെ തടയുന്നത് രാജ്യദ്രോഹക്കുറ്റമാണെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം തുറമുഖ പദ്ധതിയെ കുറിച്ച് നിര്‍മ്മാണ കമ്പനിയായ വിസില്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു പ്രതികരണം.
സര്‍ക്കാരിന് താഴാവുന്നതിനും ഒരു പരിധിയുണ്ട്. ഇത്രയധികം താഴേണ്ടതില്ലെന്ന് എല്ലാവരും പറഞ്ഞതാണ്. സമരക്കാരെ സമവായത്തിലെത്തിക്കാന്‍ ആവുന്നത്ര ശ്രമിച്ചു. ഒരാഴ്ചയെങ്കിലും തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെക്കണം എന്ന് പറയുന്നത് സമരം അല്ല മറ്റെന്തോ ആണ്. തുറമുഖം എന്തായാലും വരും, അത് സര്‍ക്കാരിന്റെ വാക്കാണ്. തുറമുഖത്തിന്റെ ലാഭം മുഖ്യമന്ത്രിക്ക് വീട്ടില്‍ കൊണ്ടുപോകാനല്ലെന്നും മന്ത്രി പറഞ്ഞു.
കാലാവസ്ഥ വ്യതിയാനമാണ് നമ്മുടെ തീരങ്ങളെ ബാധിച്ചിരിക്കുന്നത്. അതാണ് ഇപ്പോഴത്തെ പ്രശ്നം. ഹാര്‍ബര്‍ ഉള്ളത് കൊണ്ടല്ല കടലാക്രമണം. ചരക്ക് ഗതാഗതത്തിന് ഏറ്റവും യോജിച്ച തുറമുഖമാണ് വിഴിഞ്ഞം. വികസനം വേണ്ടെന്ന് ആര്‍ക്കാണ് പറയാന്‍ ആവുക. തുറമുഖം വേണം എന്ന് കേരളം ഒരുമിച്ച് ആഗ്രഹിച്ചതാണെന്നും മന്ത്രി വി അബ്ദുറഹിമാന് കൂട്ടിച്ചേര്‍ത്തു.
Story Highlights: Minister V Abdurahiman Criticizing Protests Against Vizhinjam Port
- TAGS:
- Vizhinjam
- V Abdurahiman