
തിരുവനന്തപുരം: മോഷണക്കുറ്റം ചുമത്തി ദളിത് യുവതിയെ പൊലീസ് സ്റ്റേഷനില്‍ പീഡിപ്പിച്ച സംഭവത്തില്‍ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. പൊലീസിന്റെ പീഡനത്തെ തുടര്‍ന്ന് യുവതി സ്വയം കുറ്റം ഏറ്റെടുക്കുകയായിരുന്നുവെന്നും ഇത് ഒറ്റപ്പെട്ട സംഭവമായി ന്യായീകരിക്കാനാകില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. നിരപരാധിയായ വീട്ടമ്മയെ കസ്റ്റഡിയിലെടുക്കാന്‍ ആരാണ് അധികാരം നല്‍കിയതെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് പൊലീസിന്റെ അധപധനത്തിന് കാരണം രാഷ്ട്രീയവത്കരണമാണെന്നും കുറ്റപ്പെടുത്തി.
സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും രംഗത്തെത്തിയിരുന്നു. ഭരണകൂടത്തിന്റെ മനുഷ്യത്വമില്ലാത്ത പ്രവര്‍ത്തികളുടെ പ്രതീകമാണ് ബിന്ദുവെന്നും സംഭവത്തില്‍ പൊലീസ് അടിയന്തരമായി അന്വേഷണം നടത്തണമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. മനുഷ്യത്വമില്ലാത്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് തെരുവിലിറങ്ങുമെന്ന് മുന്നറിയിപ്പ് നല്‍കുകയാണെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മാസം 23-നാണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ബിന്ദുവിനോട് പേരൂർക്കട പൊലീസ് ക്രൂരത കാട്ടിയത്. ബിന്ദു ജോലിക്ക് നിന്ന വീട്ടിൽ നിന്ന് സ്വർണമാല കാണാതെയായിരുന്നു. വീട്ടുകാര്‍ നല്‍കിയ പരാതിയിൽ തന്നെ സ്റ്റേഷനിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് ബിന്ദു റിപ്പോർട്ടർ ടിവിയോട് പറഞ്ഞത്. ക്രൂരതയാണ് തന്നോട് പൊലീസ് കാണിച്ചതെന്നും 'മാലയെവിടെടീ എന്ന് ചോദിച്ച് ചീത്ത പറഞ്ഞുവെന്നും വിവസ്ത്രയാക്കി പരിശോധന നടത്തിയെന്നും അടിക്കാൻ വന്നുവെന്നും ബിന്ദു ആരോപിച്ചിരുന്നു.
മക്കളെ കേസിൽ കുടുക്കുമെന്ന് പറഞ്ഞപ്പോൾ താങ്ങാൻ പറ്റിയില്ല. അടുത്ത ദിവസം മാല കാണാതായ വീട്ടിലെ അമ്മയും മകളും തന്നെ വിളിച്ച് കേസില്ല എന്നും വെറുതെ വിടുകയാണെന്നും പറഞ്ഞു. അപ്പോഴും ഈ മാല കിട്ടി എന്ന് തന്നോട് പറയുന്നില്ല. പിന്നീട് തന്റെ ഭർത്താവാണ് മാല വീട്ടിൽ തന്നെ ഉണ്ടായിരുന്നുവെന്ന് പറഞ്ഞതെന്നും ബിന്ദു പറഞ്ഞിരുന്നു.
Content Highlights: Opposition leader demand action against police officers who tortured dalit woman in nedumangad