
പ്രണയം തുറന്നു പറയാൻ പേടിയുള്ള കാമുകനായിരുന്നു താനെന്ന് പറയുകയാണ് നടനും സംവിധായകനുമായ ജോണി ആന്റണി. യുണൈറ്റഡ് കിങ്ഡം ഓഫ് കേരള എന്ന ചിത്രത്തിന്റെ ട്രെയിലറിലെ പ്രണയാതുരനായി നിൽക്കുന്ന ജോണി ആന്റണിയുടെ കഥാപാത്രം ഏറെ ചർച്ചയായിരുന്നു. ഇതേ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് ജീവിതത്തിൽ താൻ അത്ര റൊമാന്റിക്കല്ലെന്ന് ജോണി ആന്റണി പറഞ്ഞത്. റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'ഞാൻ അത്ര റൊമാന്റിക്കല്ലെന്നാണ് എല്ലാവരും പറയുന്നത്. ഞാൻ വളരെ പരുക്കനാണെന്ന് പല അഭിനേതാക്കളും പറഞ്ഞിട്ടുണ്ട്. അത് ശരിയാണ്, എനിക്ക് ഒലിപ്പിച്ച് സംസാരിക്കാനൊന്നും അറിയില്ല. പക്ഷെ എന്റെ ഉള്ളിൽ ഒരു ആർദ്രതയുണ്ട് എന്ന് എനിക്ക് എപ്പോഴും തോന്നാറുണ്ട്. അലിവുള്ള ഒരാളാണ് ഞാൻ. പെട്ടെന്ന് ഇമോഷണലാകും.
പിന്നെ പ്രണയത്തെ കുറിച്ച് പറയുകയാണെങ്കിൽ, ചെറുപ്പത്തിൽ പ്രണയം തോന്നിയവരുണ്ട്. പക്ഷെ അക്കാലത്തൊന്നും തുറന്നുപറയാനുള്ള ധൈര്യമില്ലായിരുന്നു. പ്രണയം ഉള്ളിലൊതുക്കിയ, തുറന്നു പറയാൻ പേടിയുള്ള ഒരു കാമുകനായിരുന്നു ഞാൻ. ഷൈനിയുമായുള്ള എന്റെ വിവാഹം ഉറപ്പിക്കുന്നത് ഒരു ജനുവരിയിലാണ്. ഏപ്രിലിൽ ആയിരുന്നു വിവാഹം. ആ നാല് മാസമാണ് ഞാൻ ലൈസൻസോട് കൂടി തുറന്നു പ്രണയിച്ചത്. അല്ലാതെ പ്രണയിക്കാനുള്ള ഭാഗ്യം എനിക്ക് ജീവിതത്തിലുണ്ടായിട്ടില്ല,' ജോണി ആന്റണി പറഞ്ഞു.
അതേസമയം, പ്രണയം തുറന്നു പറയാൻ പേടിയായിരുന്നെന്ന് പറഞ്ഞ ജോണി ആന്റണിയെ മഞ്ജു പിള്ള ട്രോളുകയും ചെയ്തു. ജോണിച്ചേട്ടൻ പ്രണയം തുറന്നു പറയാത്തതുകൊണ്ട് എത്രയോ പെൺകുട്ടികളാണ് രക്ഷപ്പെട്ടത് എന്നായിരുന്നു മഞ്ജു പിള്ളയുടെ കൗണ്ടർ.
അതേസമയം, അരുൺ വൈഗ സംവിധാനം ചെയ്യുന്ന ഫീൽ ഗുഡ് ഴോണറിലുള്ള ചിത്രമാണ് യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (ഡസീഗ). രഞ്ജിത്ത് സജീവ് നായകനാകുന്ന ചിത്രത്തിൽ സുപ്രധാന വേഷത്തിലാണ് ജോണി ആന്റണി എത്തുന്നത്. ഇന്ദ്രൻസ്, മനോജ് കെ ജയൻ, മനോജ് കെ യു, അൽഫോൺസ് പുത്രൻ, ഡോ.റോണി, സംഗീത, മീര വാസുദേവ്, മഞ്ജുപിള്ള, സാരംഗി ശ്യാം തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
ശക്തവും തികച്ചും വ്യത്യസ്തവുമായ ഒരു പ്രമേയത്തെ മലയാളത്തിൽ അവതരിപ്പിക്കുന്ന സിനിമ കൂടിയാണ് യുണൈറ്റഡ് കിങ്ഡം ഓഫ് കേരള. 'ഉപചാരപൂർവ്വം ഗുണ്ട ജയൻ' എന്ന സിനിമക്ക് ശേഷം അരുൺ വൈഗ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണിത്. ഫ്രാഗ്രന്റ് നേച്ചർ ഫിലിം ഡിസ്ട്രിബ്യൂഷന് വേണ്ടി ശ്രീ പ്രിയ കമ്പയിൻസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്.
Content Highlights: Johny Antony about love and marriage