ജീവന്‍റെ വില; മുന്നറിയിപ്പ് നൽകിയിട്ടും അനങ്ങിയില്ല, കാളികാവിൽ വനംവകുപ്പിന് ഗുരുതര വീഴ്ച

രണ്ട് തവണയാണ് നിലമ്പൂർ സൗത്ത് ഡിഎഫ്ഒ ചീഫ് വൈൽഡ് ലൈഫ് വാർഡന് കത്തയച്ചത്

dot image

മലപ്പുറം: കാളികാവിൽ ടാപ്പിംഗ് തൊഴിലാളിയെ കടുവ അക്രമിച്ചുകൊന്ന സംഭവത്തിൽ വനംവകുപ്പിന് ഗുരുതര വീഴ്ച. കടുവയുടെ സാന്നിധ്യം നേരത്തെ തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നൽകിയിട്ടും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ അനങ്ങിയില്ല.

രണ്ട് തവണയാണ് നിലമ്പൂർ സൗത്ത് ഡിഎഫ്ഒ ചീഫ് വൈൽഡ് ലൈഫ് വാർഡന് കത്തയച്ചത്. മാർച്ച് 12നാണ് കൂട് സ്ഥാപിക്കാൻ അനുമതി ആവശ്യപ്പെട്ട് ആദ്യം കത്തയച്ചത്. അതിന് മറുപടി ലഭിക്കാതെ വന്നതോടെ ഏപ്രിൽ രണ്ടിന് വീണ്ടും കത്തയച്ചു. ഇത്തരത്തിൽ രണ്ടു തവണ കത്തയച്ചിട്ടും ചീഫ് വൈൽഡ് ലൈഫ് വാർഡൻ കൂട് സ്ഥാപിക്കാൻ അനുമതി നൽകിയില്ല.

എൻടിസിഎ മാർഗ്ഗനിർദ്ദേശ പ്രകാരം രൂപീകരിച്ച ടെക്നിക്കൽ കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരമായിരുന്നു കത്തയച്ചത്. ടെക്നിക്കൽ കമ്മറ്റിയുടെ റിപ്പോർട്ട് ഉൾപ്പടെ ചേർത്താണ് അനുമതി തേടി കത്തയച്ചത്. പ്രദേശത്ത് ജീവനും സ്വത്തിനും ഭീഷണിയായി കടുവയെ കൂടുവെച്ച് പിടികൂടണമെന്ന് റിപ്പോർട്ടിൽ ഉണ്ടായിരുന്നു. കടുവയുടെ സാന്നിധ്യം ജനവാസ മേഖലയിലെന്നും അതീവ അപകടമെന്നും മുന്നറിയിപ്പുണ്ടായിരുന്നു.

മെയ് 15നാണ് കാളികാവ് അടയ്ക്കാക്കുണ്ടില്‍ ടാപ്പിംഗ് തൊഴിലാളിയായ ഗഫൂറിനെ കടുവ കടിച്ചുകൊന്നത്. റബ്ബര്‍ ടാപ്പിംഗിനെത്തിയ രണ്ടുപേര്‍ക്കു നേരെ കടുവ പാഞ്ഞടുക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന ആള്‍ ഓടി രക്ഷപ്പെട്ടെങ്കിലും ഗഫൂറിനെ കടുവ കടിച്ചുവലിക്കുകയായിരുന്നു. ഗഫൂറിന്റെ മൃതദേഹവുമായി നാട്ടുകാര്‍ വനംവകുപ്പിനെതിരെ പ്രതിഷേധിച്ചിരുന്നു.

Content Highlights: Forest Officials neglected warnings of tiger presence at Kalikavu

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us