
ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ തകർത്ത് ഗുജറാത്ത് ടൈറ്റൻസ്. 10 വിക്കറ്റിന്റെ ആവേശകരമായ ജയമാണ് ഗുജറാത്ത് നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 199 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 19 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ഗുജറാത്ത് ടൈറ്റൻസ് ലക്ഷ്യത്തിലെത്തി.
മത്സരത്തിൽ ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ് ഡൽഹി ക്യാപിറ്റൽസിനെ ബാറ്റിങ്ങിനയച്ചു. ഒരൽപ്പം പതിയെയാണ് ഡൽഹി ഇന്നിങ്സിന് തുടക്കമിട്ടത്. ആദ്യ ഓവറുകളിൽ റൺസ് കണ്ടെത്താൻ ഡൽഹി താരങ്ങൾ നന്നായി ബുദ്ധിമുട്ടി. 10 പന്ത് നേരിട്ട ഡൽഹി ഓപണർ ഫാഫ് ഡു പ്ലെസിസിന് അഞ്ച് റൺസ് മാത്രമാണ് നേടാനായത്. പിന്നീട് അഭിഷേക് പോറലിനൊപ്പം ക്രീസിലുറച്ച കെ എൽ രാഹുൽ മെല്ലെ ഡൽഹി ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോയി.
19 പന്തിൽ ഒരു ഫോറും മൂന്ന് സിക്സറും സഹിതം 30 റൺസ് അഭിഷേക് പോറൽ സംഭാവന ചെയ്തു. മറുവശത്ത് രാഹുൽ റൺസ് ഉയർത്തുന്നതിൽ പ്രത്യേകം ശ്രദ്ധിച്ചു. രണ്ടാം വിക്കറ്റിൽ രാഹുലും പോറലും 90 റൺസ് കൂട്ടിച്ചേർത്തു. പിന്നാലെ ഡൽഹി നായകൻ അക്സർ പട്ടേലും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 16 പന്തിൽ രണ്ട് ഫോറും ഒരു സിക്സറും സഹിതം അക്സർ 25 റൺസെടുത്തു. 65 പന്തുകളിൽ 14 ഫോറും നാല് സിക്സറും ഉൾപ്പെടെ 112 റൺസുമായി പുറത്താകാതെ നിന്ന കെ എൽ രാഹുലാണ് ഡൽഹിയെ മികച്ച സ്കോറിലെത്തിച്ചത്. 10 പന്തുകളിൽ പുറത്താകാതെ 21 റൺസെടുത്ത ട്രിസ്റ്റൻ സ്റ്റമ്പ്സിന്റെ പ്രകടനവും നിർണായകമായി.
മറുപടി ബാറ്റിങ്ങിൽ ഗുജറാത്ത് ടൈറ്റൻസിന് വെല്ലുവിളി ഉയർത്താൻ ഡൽഹി ബൗളർമാരിൽ ആർക്കും കഴിഞ്ഞില്ല. 61 പന്തിൽ 12 ഫോറും നാല് സിക്സറും സഹിതം പുറത്താകാതെ 108 റൺസെടുത്ത സായി സുദർശനും 53 പന്തിൽ മൂന്ന് ഫോറും ഏഴ് സിക്സറും സഹിതം പുറത്താകാതെ 93 റൺസ് നേടിയ ശുഭ്മൻ ഗില്ലും ചേർന്ന് ഗുജറാത്തിന് വിജയത്തിലെത്തിച്ചു.
Content Highlights: Gujarat Titans become the first team to qualify for the IPL 2025 playoffs