NSK ട്വൻ്റി 20: മലപ്പുറത്തിനും ഇടുക്കിയ്ക്കും വിജയം

ഇടുക്കിയ്ക്കായി 46 റൺസെടുക്കുകയും ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്ത അഖിൽ സ്കറിയയാണ് കളിയിലെ താരം

dot image

കേരള ക്രിക്കറ്റ് അസോസിയേഷന്റെ എൻ എസ് കെ ട്വൻ്റി 20 ചാംപ്യൻഷിപ്പിൽ മലപ്പുറത്തിനും ഇടുക്കിയ്ക്കും വിജയം. മലപ്പുറം ഏഴ് വിക്കറ്റിന് ആലപ്പുഴയെ തോൽപ്പിച്ചപ്പോൾ കാസർഗോഡിനെ 14 റൺസിനാണ് ഇടുക്കി പരാജയപ്പെടുത്തിയത്. മഴ തടസ്സപ്പെടുത്തിയ മൽസരത്തിൽ വിജെഡി നിയമപ്രകാരമായിരുന്നു ഇടുക്കിയുടെ വിജയം.

മലപ്പുറത്തിന് എതിരെ ആദ്യം ബാറ്റ് ചെയ്ത ആലപ്പുഴയ്ക്ക് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 112 റൺസ് മാത്രമാണ് നേടാനായത്. 20 റൺസെടുത്ത ഓപ്പണർ ആകാശ് പിള്ളയും 21 റൺസെടുത്ത അമൽ രമേശും മാത്രമാണ് ആലപ്പുഴയ്ക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. 12 പന്തുകളിൽ 17 റൺസെടുത്ത പ്രസൂണിൻ്റെ പ്രകടനമാണ് സ്കോർ 112ൽ എത്തിച്ചത്. മലപ്പുറത്തിന് വേണ്ടി വി കെ ശ്രീരാഗ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഫാസിൽ, മുഹമ്മദ് ഇഷാഖ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മലപ്പുറം 21 പന്തുകൾ ബാക്കി നിൽക്കെ ലക്ഷ്യത്തിലെത്തി. ക്യാപ്റ്റൻ ആനന്ദ് കൃഷ്ണനും കൃഷ്ണനാരായണും 26 റൺസ് വീതം നേടിയപ്പോൾ വിഷ്ണു കെ 29 റൺസ് നേടി. നാല് ഓവറിൽ 26 റൺസ് മാത്രം വിട്ടു കൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ശ്രീരാഗാണ് പ്ലെയർ ഓഫ് ദി മാച്ച്.

രണ്ടാം മൽസരത്തിൽ ആദ്യം ബാറ്റ് ചെയ്ത കാസർഗോഡിന് പി അൻഫലിൻ്റെ തകർപ്പൻ ഇന്നിങ്സാണ് മികച്ച സ്കോർ സമ്മാനിച്ചത്. അൻഫൽ 26 പന്തുകളിൽ മൂന്ന് ഫോറും മൂന്ന് സിക്സുമടക്കം 51 റൺസ് നേടി. 32 പന്തുകളിൽ നിന്ന് 45 റൺസെടുത്ത മുഹമ്മദ് കൈഫും 31 റൺസെടുത്ത ഇഷ്തിയാഖും മികച്ച പ്രകടനം കാഴ്ച വച്ചു. കാസർഗോഡ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുത്തു. ഇടുക്കിയ്ക്ക് വേണ്ടി വിഷ്ണു വിശ്വം രണ്ട് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇടുക്കിയ്ക്ക് ജോബിൻ ജോബി, ക്യാപ്റ്റൻ അഖിൽ സ്കറിയ അജു പൌലോസ് എന്നിവരുടെ ഉജ്ജ്വല ഇന്നിങ്സുകളാണ് വിജയമൊരുക്കിയത്. ജോബിൻ 15 പന്തുകളിൽ നിന്ന് 35റൺസും അഖിൽ 35 പന്തുകളിൽ നിന്ന് 46 റൺസും നേടി. അജു പൗലോസ് പുറത്താകാതെ 56 റൺസ് നേടി. ഇടുക്കി 18 ഓവറുകളിൽ നാല് വിക്കറ്റിന് 155 റൺസെന്ന നിലയിൽ നിൽക്കുമ്പോഴാണ് മഴ മത്സരം മുടക്കിയത്. തുടർന്ന് വിജെഡി നിയമപ്രകാരം ഇടുക്കിയെ വിജയികളായി നിശ്ചയിക്കുകയായിരുന്നു. 46 റൺസെടുക്കുകയും ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്ത അഖിൽ സ്കറിയയാണ് കളിയിലെ താരം.

Content Highlights: Idukki, Malappuram won matches in NSK t20 Championship

dot image
To advertise here,contact us
dot image