
ആലപ്പുഴ: സ്ത്രീകളുടെ അശ്ലീല ചിത്രങ്ങള്‍ നിര്‍മ്മിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. തമിഴ്‌നാട് തിരുവണ്ണാമലെ വിളളപ്പക്കം സ്വദേശിയായ അജിത് കുമാര്‍ (28) ആണ് അറസ്റ്റിലായത്. ഹരിപ്പാട് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല രീതിയിലാക്കി മാറ്റി ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ടെലഗ്രാമിലും പോസ്റ്റ് ചെയ്യുന്നതാണ് പ്രതിയുടെ രീതി. വ്യാജ അക്കൗണ്ടുകളിലൂടെയാണ് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്.
ഹരിപ്പാട് സ്വദേശികളായ എട്ട് പെണ്‍കുട്ടികളുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തില്‍ കോട്ടയം സ്വദേശിയായ അരുണിനെ (25) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അജിത് കുമാര്‍ പൊലീസിന്റെ പിടിയിലായത്. എസ്എച്ച്ഒ മുഹമ്മദ് ഷാഫി, എസ് ഐ ഷൈജ, എ എസ് ഐ ശിഹാബ്, സിപിഒമാരായ ശ്രീജിത്, നിഷാദ്, ശിഹാബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Content Highlights: youth arrested for morphing and spreading photos of women in alappuzha